ബഫര്‍ സോണിനെതിരെ പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപ്പാറ വരെ നീളുന്ന മനുഷ്യമതില്‍ തീര്‍ക്കാന്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് : പ്രക്ഷോഭത്തില്‍ അണിനിരക്കുക അയ്യായിരത്തിലേറെ പേര്‍


പേരാമ്പ്ര: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യമതില്‍ സംഘടിപ്പിക്കുന്നു.പെരുവണ്ണാമൂഴി മുതല്‍ ചക്കിട്ടപാറ വരെ നീളുന്ന മനുഷ്യ മതില്‍ പ്രക്ഷോഭത്തില്‍ അയ്യായിരത്തിലേറെ ബഹുജനങ്ങള്‍ പങ്കാളികളാകും.

മനുഷ്യമതില്‍ പ്രക്ഷോഭത്തിന്റെ വിജയത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തിലെ 90% ആളുകളുടെയും ജീവിതം ദുസ്സഹമാക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍, മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ഗ്രാമപഞ്ചായത്തിലെ അയ്യായിരത്തിലേറെ ബഹുജനങ്ങളും പങ്കാളികള്‍ ആകുന്ന മനുഷ്യാ മതില്‍ സൃഷ്ടിക്കുവാനാണ് സ്വാഗത സംഘം തീരുമാനിച്ചിരിക്കുന്നത്.

സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കാളികള്‍ ആയി.

കെ. സുനില്‍ ചെയര്‍മാന്‍ ആയും കെ.എ. ജോസുകുട്ടി കണ്‍വീനര്‍ ആയും ഇ.എം. ശ്രീജിത്ത് ട്രഷറര്‍ ആയും സ്വാഗത സംഘം രൂപീകരിച്ചു.

Summary:protest against buffer zone in Chakkittapara