മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ശ്രമത്തിനെതിരെ പ്രതിഷേധം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തുകളയച്ചു


അഴിയൂർ: മുക്കാളി റെയില്‍വേ സേ്‌റ്റഷന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ കേന്ദ്രമന്ത്രിക്ക് കത്തുകളയച്ച് പ്രതിഷേധിച്ചു. ചോമ്ബാല്‍ കമ്പയിന്‍ ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിന്‌ 1001 കത്തുകള്‍ അയച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

കുഞ്ഞിപ്പള്ളി ടൗണില്‍ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മര്‍ ഉദ്‌ഘാടനം ചെയ്‌തു. മുക്കാളി സേ്‌റ്റഷന്‍ അടച്ചു പൂട്ടാന്‍ പോവുകയാണെന്ന റെയില്‍വെ ഡിവിഷണല്‍ മാനേജരുടെ പ്രഖ്യാപനം ജനവിരുദ്ധ നടപടിയാണെന്ന്‌ ആയിഷ ഉമ്മർ പറഞ്ഞു. ലാഭകരമല്ലാത്ത ഹാള്‍ട്ട്‌ സേ്‌റ്റഷനുകള്‍ അടച്ചുപൂട്ടുക എന്ന കേന്ദ്ര നയത്തിൻ്റെ പേരിലാണ് മുക്കാളി റെയില്‍വേ സേ്‌റ്റഷന്‍ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.

ക്ലബ് പ്രസിഡന്റ്‌ പ്രദീപ്‌ ചോമ്ബാല അധ്യക്ഷത വഹിച്ചു. പി.കെ. കോയ, ടി.സി. രാമചന്ദ്രന്‍, കെ. അന്‍വര്‍ ഹാജി, കെ. ജഗന്‍ മോഹന്‍, പി.പി. ഷിഹാബുദ്ദീന്‍, അഡ്വ. വി.കെ. നിയാഫ്‌, വി.കെ. ഇക്‌ ലാസ്‌, ബി.കെ. റുഫൈയിദ്‌, ഷംഷീര്‍ അത്താണിക്കല്‍ എന്നിവര്‍ സംസാരിച്ചു.