സംസ്ഥാന കേരളോത്സവമായിട്ടും പഞ്ചായത്ത് ​സ്പോര്‍ട്സ് ഗെയിംസിന് ചെലവാക്കിയ പണം തിരികെ നൽകിയില്ലെന്ന് ആരോപണം; ഇനിയും നീണ്ടുപോയാൽ ചക്കിട്ടപാറ പഞ്ചായത്തിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് പ്രതിഷേധക്കാര്‍


ചക്കിട്ടപ്പാറ: കേരളോത്സവം സംസ്ഥാന തലത്തിലേക്ക് കടന്നിട്ടും പരാതി തീരാതെ ചക്കിട്ടപാറ പഞ്ചായത്ത്. നവംബറിൽ നടന്ന പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സ്പോർട്സ് ​ഗെയിംസിന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ടാണ് പ്രോഗ്രാം കണ്‍വീനറും ക്ലബ്ബ് അംഗങ്ങളും ആരോപണവുമായി രം​ഗത്തെത്തിയത്.

നബംബര്‍ ആറ്, ഏഴ്, പന്ത്രണ്ട് തീയ്യതികളിലായി നടന്ന കേരളോത്സവം സ്പോര്‍ട്സ് ഗെയിംസ് മത്സരങ്ങളുടെ ചിലവുകള്‍ താല്‍ക്കാലികമായി ഏറ്റെടുത്ത് നടത്തിയ പ്രോഗ്രാം കണ്‍വീനര്‍ ഷാജു മുത്തോലി, പേരാമ്പ്ര പ്രതീക്ഷാ ഫുട്ബോള്‍ ക്ലബ്ബ് അംഗങ്ങള്‍ എന്നിരില്‍ നിന്ന് ചിലവായ തുക തിരിച്ചു നല്‍കാനുള്ള നടപടി പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് അധികൃതരില്‍ നിന്ന് ഉണ്ടാകാത്തതിനെതിരെയാണ് പരാതി ഉയർന്നത്.

കടം മേടിച്ചും മറ്റുമാണ് പരിപാടിക്കാവശ്യമായ അവശ്യ സാധനങ്ങള്‍ സംഘടിപ്പിച്ചതും റഫറിയായി വന്നവര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കിയതും. പരിപാടിക്ക് ശേഷം കൈയില്‍ നിന്നെടുത്താണ് ഇതിന്റെ പേരിലുണ്ടായ പല കടങ്ങളും വീട്ടിയതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഷാജു മുത്തോലി പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പരിപാടി കഴിഞ്ഞ ഉടനെ തന്നെ പരിപാടിയുടെ നടത്തിപ്പു കണക്കുകള്‍ പഞ്ചായത്തില്‍ ഏല്‍പ്പിക്കാന്‍ ചെന്നപ്പോള്‍ ചിലവായ തുകയുടെ വൌച്ചറും വേണമെന്ന ആവശ്യമാണ് പഞ്ചായത്തില്‍ നിന്ന് ഉണ്ടായത്. വൌച്ചറുമായി പോയപ്പോള്‍ തങ്ങള്‍ക്കിതിനെപറ്റി ഒന്നും അറിയില്ല എന്ന തരത്തില്‍ കൈമലര്‍ത്തിക്കാണിക്കുന്ന സമീപനമാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചതെന്നും ഷാജു ആരോപിച്ചു. ബില്ലുകളും സാധനങ്ങളുമായി പഞ്ചായത്തില്‍ വീണ്ടും പോയപ്പോള്‍ വാങ്ങിയ സാധനങ്ങളുടെ ക്വട്ടേഷന്‍ ബില്ലുകള്‍ സമര്‍പ്പിച്ചാലേ പൈസ പാസാക്കി തരാന്‍ പറ്റൂ എന്നായിരുന്നു പ്രതികരണമെന്നും ഷാജു പറഞ്ഞു.

കൂത്താളി പഞ്ചായത്തിലും ചങ്ങരോത്തുമെല്ലാം പരിപാടി നടത്തിപ്പുകാര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ ചിലവായ പണം തിരികെ ലഭിച്ചിട്ടുണ്ട്. ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നാണ് ഈ വിഷയത്തില്‍ അനാസ്ഥയുണ്ടായിട്ടുള്ളതെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് അനുകൂലമായ സമീപനമാണുള്ളത്. വൌച്ചറും, ചിലവായ തുകയുടെ ബില്ലും, റഫറിമാര്‍ക്ക് കൊടുത്തതിന്റെ കണക്കുകളുമെല്ലാമായി അവസാനം പഞ്ചായത്തില്‍ ചെന്നപ്പോൾ ഇപ്പോള്‍ തുക അനുവദിക്കാനാവില്ലെന്നും യോഗം കൂടി തീരുമാനമാവണം. ട്രഷറിയില്‍ പോയി ബില്ലും കാര്യങ്ങളും ഒക്കെ ശെരിയാക്കിയ ശേഷമേ നിങ്ങള്‍ക്ക് തുക നല്‍കാന്‍ സാധിക്കൂ എന്ന പ്രതികരണമാണ് പഞ്ചായത്തില്‍ നിന്നുണ്ടായതെന്നും ഷാജു പറഞ്ഞു.

ഇനിയും കയ്യില്‍ നിന്ന് ചെലവായ തുക അനുവദിച്ച് തരുന്നതിന് കാലതാമസം നേരിടുന്നതിനെ തുടർന്നാണ് നിരാഹാരത്തിലേക്ക് കടക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കിയ കുറിപ്പ് ഷാജു പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഉടന്‍ തന്നെ പണം ലഭിക്കുന്നതില്‍ നടപടിയായില്ലെങ്കില്‍ നിരാഹാര സമരവുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബില്ലുകളുടെ കാര്യം ശെരിയാക്കി ചര്‍ച്ചചെയ്ത് അടുത്ത ദിവസം തന്നെ ചിലവായ തുക മടക്കി നല്‍കുമെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്കെ.സുനിൽ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.