റവന്യൂ വകുപ്പിന് കീഴിലെ എല്ലാ സേവനങ്ങളും ഇനി ‘സ്മാർട്ട്’; പ്രോപർട്ടി കാർഡ് അടുത്ത വർഷം ആദ്യം
റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2026 ജനുവരിയാകുമ്പോഴേക്കും രൂപത്തിൽ എടിഎം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് എല്ലാവർക്കും വിതരണം ചെയ്യാനാകും. ഒരു വ്യക്തിയുടെ വസ്തുവിന് അകത്തുള്ള കെട്ടിടങ്ങൾ, ടാക്സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാർഡാണ് നിലവിൽ വരുക. ഈ കാർഡിലേക്ക് ഉൾക്കൊള്ളിക്കാവുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന ഘട്ടത്തിലാണ് വക്കുപ്പെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ നയത്തിന്റെ ഭാഗമായി 438 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടന്നു വരികയാണ്. സർവേയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 14 ഓടെ ആരംഭിക്കും. എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ പരിധിയിൽ 1000 വില്ലേജുകളിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും പ്രവർത്തനക്ഷമമാക്കുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്. കേരളത്തിലെ ഡിജിറ്റൽ റീസർവേ രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർവേ ജീവനക്കാർക്കു വേണ്ടി കേന്ദ്രത്തിൻ്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേഗത്തിലാക്കും. 25 സെൻ്റ് വരെ സൗജന്യമായി വിതരണം ചെയ്യുന്ന ഭൂമിയ്ക്ക് പ്രത്യേക സ്റ്റാൻഡേഡ് ഓപ്പറേഷൻ തയ്യാറാക്കി, ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നവർക്ക് പ്രത്യേക അനുവാദം നൽകി, ഡാറ്റാ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമി സംബന്ധമായ വിഷയങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് അവലോകനയോഗം ചേരുന്നതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീസർവേയിലൂടെ അധിക ഭൂമി അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ടൈറ്റിലാകുന്നത് മുമ്പ് ടാക്സ് അടയ്ക്കാൻ അനുവാദം നൽകുന്ന ഉത്തരവ് വില്ലേജുകളിൽ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലാൻ്റ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗൻ, സർവെ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ സീറാം സാംബശിവ റാവു, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത, റവന്യൂ അഡീഷണൽ സെക്രട്ടറി ജെ ബിജു, ജോയിൻ്റ് സെക്രട്ടറി കെ സ്നേഹലത, റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറി ഷീബാ ജോർജ്, തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്, വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കാസർക്കോട് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ, കോഴിക്കോട് എ ഡി എം സി മുഹമ്മദ് റഫീഖ്, സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സർവേ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനമാണ് നടന്നത്. പട്ടയം, തരംമാറ്റം, മിച്ച ഭൂമി, ഡിജിറ്റൽ സർവേ തുടങ്ങി വിഷയങ്ങളിലെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത ഒരു വർഷത്തിൽ പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഓരോ മാസം തിരിച്ച് ചിട്ടപ്പെടുത്തൽ, അധിദരിദ്രർക്ക് ഭൂമി കണ്ടെത്തൽ, ഭൂമി വിതരണം തുടങ്ങിയ കാര്യങ്ങളും യോഗം അവലോകനം ചെയ്തു. മൂന്ന് മേഖലകളായി തിരിച്ചാണ് അവലോകന യോഗം ചേരുന്നത്. മേഖല യോഗങ്ങൾക്ക് ശേഷം വില്ലേജ് ഓഫീസർമാരുടെ നേരിട്ടുള്ള യോഗം നടക്കും. അത്തരത്തിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം.
Description: Property card early next year