പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു


മുംബൈ: പ്രമുഖ വ്യവസായിയയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു.

രത്തൻ ടാറ്റയുടെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച കാറുകൾ ടാറ്റ പുറത്തിറക്കിയത്. വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞിരുന്നു. 2000ൽ പദ്മഭൂഷണും 2008ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നാണ് രത്തന്‍ ടാറ്റയുടെ. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. തുടര്‍ന്ന്‌ ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.1991ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു.

1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയര്‍മാനായി. 1991 മുതൽ 2012 ഡിസംബര്‍ 28ന് വിരമിക്കും വരെ 21 വര്‍ഷം ടാറ്റ ​ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു. വിരമിച്ചശേഷം ടാറ്റസൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ് തുടങ്ങിയവയുടെ എമിരറ്റസ് ചെയര്‍മാൻ പദവി വഹിക്കുകയായിരുന്നു.

Description:Prominent businessman Ratan Tata passed away