കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ എംഎൽഎ; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി സജി ചെറിയാൻ


കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികൾക്ക് രൂപം നൽകിയതായും അതിൽ ഒരു പദ്ധതി ഈ വർഷം തന്നെ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അഞ്ച് റോഡുകൾ ചേരുന്ന പ്രധാന ജംഗ്ഷനാണ് കുറ്റ്യാടി ടൗൺ. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിയുടെ ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലാണ്. എന്നിരുന്നാലും ഇതുകൊണ്ട് മാത്രം ഗതാഗതക്കുരുക്ക് പൂർണമായി പരിഹരിക്കാൻ സാധിക്കില്ലെന്ന് എംഎല്‍എ നിയമസഭയില്‍ അറിയിച്ചു.

കോഴിക്കോട് കുറ്റ്യാടി റോഡ്, നാദാപുരം കുറ്റ്യാടി റോഡ്, കുറ്റ്യാടി തൊട്ടിൽപാലം റോഡ്, കുറ്റ്യാടി പശുക്കടവ് റോഡ്, റിവർ റോഡ് എന്നിവയാണ് കുറ്റ്യാടി ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന പ്രധാനപ്പെട്ട റോഡുകൾ. 5 റോഡുകളുടെ സംഗമം തീർക്കുന്ന വീർപ്പുമുട്ടൽ കുറ്റ്യാടി ടൗൺ ജംഗ്ഷനിൽ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. തൊട്ടിൽപ്പാലം റോഡിലെ സിറാജ് ദുള്ള കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച്, നരിക്കുട്ടുംചാൽ വരെയുള്ള ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവർത്തി കൂടി ആരംഭിച്ചിട്ടുണ്ട്. എങ്കിലും കുറ്റ്യാടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആകില്ലെന്നാണ് എംഎൽഎ സബ്മിഷനിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തൊണ്ടിപ്പൊയിൽ പാലം, കുറ്റ്യാടി ഫ്ലൈ ഓവർ എന്നീ പദ്ധതികളെക്കുറിച്ച് ഇൻവെസ്റ്റിഗേഷൻ നടത്താൻ നിർദ്ദേശം നൽകാം. ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് അംഗീകാരം നൽകുവാൻ ബന്ധപ്പെട്ട ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു.