ഡി.എ കുടിശ്ശിക വിതരണം ചെയ്യുക; വടകര താലൂക്കിൽ 30ന് സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്
വടകര: ഒക്ടോബര്‍ 30ന് വടകര താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. സ്വകാര്യ ബസ് തൊഴിലാളികൾക്ക് 2022 ഒക്ടോബർ മുതലുള്ള ഡി.എ കുടിശ്ശിക വിതരണം ചെയ്യുക, താലൂക്കില്‍ വര്‍ധിച്ചുവരുന്ന കലക്ഷൻ ബത്ത സമ്പ്രദായം അവസാനിപ്പിക്കുക, മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
സമരത്തിന്റെ ഭാഗമായി 25ന് വടകര പുതിയ ബസ് സ്റ്റാന്റില്‍ തൊഴിലാളി ധര്‍ണ നടത്തും. പണിമുടക്കിന് ശേഷവും പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ യോഗം തീരുമാനിച്ചു. തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഡി.എ കുടിശ്ശികക്കായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉടമകൾ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്ന് യോഗം ആരോപിച്ചു.
എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ. സതീശൻ, ഇ. പ്രദീപ് കുമാർ (സി.ഐ.ടി.യു), അഡ്വ. ഇ.നാരായണൻ നായർ (ഐ.എൻ.ടി.യു.സി), പി.സജീവ് കുമാർ (എ.ഐ.ടി.യു.സി), കെ. പ്രകാശൻ (എച്ച്.എം.എസ്), വി.പി മജീദ് (എസ്.ടി.യു), വിനോദ് ചെറിയത്ത് (ജെ.എൽ.യു), ദിലീപൻ (ബി.എം.എസ്) എന്നിവർ സംസാരിച്ചു.
Description: Private bus workers strike on 30th in Vadakara taluk