വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി തര്‍ക്കം; തൊട്ടില്‍പ്പാലം-വടകര-തലശ്ശേരി റൂട്ടുകളില്‍ ഇന്ന്‌ സ്വകാര്യ ബസുകളുടെ പണിമുടക്ക്


വടകര: തൊട്ടില്‍പ്പാലം-വടകര, തൊട്ടില്‍പ്പാലം -തലശ്ശേരി റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പണിമുടക്കിന് കാരണം. വ്യാഴാഴ്ച രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ നിഷേധിച്ചു എന്നാരോപിച്ച് രക്ഷിതാക്കള്‍ ബസുകള്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് നാദാപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ബസുകള്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ സമരപ്രഖ്യാപനം നടത്തി പണിമുടക്കുകയും ചെയ്തു.

ബസ് റോഡില്‍ നിര്‍ത്തിയിട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നാട്ടുകരും ബസ് തൊഴിലാളികളുമായി വാക്കേറ്റവും ഉണ്ടായി. പിന്നാലെ നാദാപുരം സിഐ എ.വി ദിനേശ് സ്ഥലത്തെത്തി ആവശ്യപ്പെട്ടതോടെയാണ് തൊഴിലാളികള്‍ ബസുകള്‍ മാറ്റിയത്.

എന്നാല്‍ വെള്ളിയാഴ്ച തൊട്ടില്‍പ്പാലം-വടകര, തൊട്ടില്‍പ്പാലം – തലശ്ശേരി റൂട്ടുകളില്‍ സര്‍വ്വീസ് നിര്‍ത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രഖ്യാപിക്കുകയായിരുന്നു. ട്യൂഷന്‍ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ അനുവദിക്കേണ്ടതില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.