തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ 22 മുതൽ സ്വകാര്യ ബസ് സമരം
കണ്ണൂർ: തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ ഒക്ടോബര്‍ 22 മുതല്‍ സ്വകാര്യ ബസ് സമരം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ അന്നേ ദിവസം മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം.
കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ നിന്ന് തോട്ടട-നടാൽ വഴി ഓടുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാതെ വരും. ഇതിനാല്‍ ബസുകള്‍ ചാല അമ്പലം വരെ ഓടി തിരിച്ചുവരുമ്പോൾ ഏഴുകിലോമീറ്റർ അധികമാണ് സഞ്ചരിക്കേണ്ടി വരിക. ഇത് സമയനഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവെക്കുമെന്നാണ് ബസുടമകളും തൊഴിലാളി സംഘടനകളും പറയുന്നത്.
പ്രശ്നം പരിഹരിക്കാൻ അധികൃതര്‍ക്ക് നിരവധി തവണ നിവേദനങ്ങൾ നൽകുകയും ഹൈവേ മാർച്ചും ഉപരോധവും ഉൾപ്പെടെ ചെയ്തിട്ടും പരിഹാരമാവാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങുന്നതെന്നാണ് ബസ് ഉടമകളും തൊഴിലാളി സംഘടനകളും പറയുന്നത്. കഴിഞ്ഞ ദിവസം നടാൽ ഗേറ്റടച്ച സമയത്തുണ്ടായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് ഇതേ റൂട്ടിലോടുന്ന ബസുകൾ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
യോഗത്തിൽ ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരൻ, പി.കെ പവിത്രൻ, കെ.വിജയൻ, ടി.എം സുധാകരൻ, പി.പി മോഹനൻ, പി.വി പദ്മനാഭൻ, പി.സി നാരായണൻ എന്നിവർ സംസാരിച്ചു.
Description: Private bus strike on Thalassery-Thottada-Kannur route from 22