കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം; ഇന്ന് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന്‌ സംയുക്ത ട്രേഡ് യൂണിയന്‍


വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ ഇന്നലെ നടന്ന മിന്നൽ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകൃത സംഘടനകൾ അംഗീകരിച്ചിട്ടില്ലെന്നും ഇന്ന് ബസ് സര്‍വ്വീസ് നടത്തുവാൻ പൂർണ്ണമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ് യൂണിയന്‍ പോലീസ് അധികാരികള്‍ക്ക് നിവേദനം നല്‍കി.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബസുടമ-സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ സമരം പ്രഖ്യാപിച്ച് ജനങ്ങളെ പെരുവഴിയിലാക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ എ.പി ഹരിദാസൻ, ഗോപാലൻ ഉഷസ്, അഡ്വ:ഇ നാരായണൻ നായർ, എ.സതീശൻ, രവി ഇരഞ്ഞിക്കൽ, കെ.എൻ.എ അമീർ, വിനോദ് ചെറിയത്ത്‌, സജീവൻ, കെ.പ്രകാശൻ, മടപ്പള്ളി മോഹനൻ, സിജു കുമാർ, പി.കുഞ്ഞാമു, കെ.പ്രമോദ് എന്നിവർ പങ്കെടുത്തു.

അതേ സമയം ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകായണ്. വടകര- കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ചില ബസുകളാണ് ഇന്നലെ സര്‍വ്വീസ് നടത്തിയത്‌. സ്‌കൂളുകള്‍ അവധിയായതിനാല്‍ വലിയ തോതിലുള്ള പ്രയാസങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നില്ല. അതേസമയം, ബസ് ഇല്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്രയ്ക്ക് ഇരുചക്രവാഹനം ഉപയോഗിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ പലയിടത്തും വെള്ളക്കെട്ടാണ്. കുഴികളും, ഡ്രെയ്‌നേജ് സ്ലാബ് പൊട്ടിയതുമൊന്നും കാണാന്‍ കഴിയില്ലെന്നതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ ദേശീയപാതവഴിയുള്ള യാത്ര അത്യന്തം അപകടകരമാണ്.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സോഷ്യല്‍മീഡിയ വഴി ബസ് തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ ദേശീയപാതയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ് ഇടിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം വിലക്കിയ നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിലും ഇതേനിലയില്‍ തൊഴില്‍ ബഹിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

അതേ സമയം ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര – കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.