കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശം സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

 

കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബില്‍സാജ് ബസാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കയറുന്ന നിലയിലായിരുന്നു ബൈക്ക് യാത്രികന് റോഡില്‍ വീണത്. എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹം വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

 

ദേശീയപാതയില്‍ കൊയിലാണ്ടിയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് മറികടക്കാനായി ബസുകള്‍ നിരതെറ്റിച്ച് ഓടുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കഴിഞ്ഞ ദിസവവും താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ അപകടമുണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിച്ച് ചേലിയ സ്വദേശി മരണപ്പെടുകയും ചെയ്തിരുന്നു.

Description: Private bus hits bike in front of Koyilandy Taluk Hospital