മേപ്പയ്യൂര്‍ നെടുംപൊയില്‍ കനാലില്‍ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രി മാലിന്യം തള്ളി; നടപടിയുമായി പഞ്ചായത്ത്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രി മാലിന്യം തള്ളി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സംഭവം. പ്രദേശത്തും കനാലിലും ചാക്കുകണക്കിന് മാലിന്യമാണ് തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആുപത്രിയായ സഹ്യയില്‍ നിന്നുള്ള ബില്ലുകളും മറ്റും അടങ്ങുന്നത് കണ്ടെത്തിയെന്ന് വാര്‍ഡ് മെമ്പര്‍ അനീഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തുടര്‍ന്ന് പഞ്ചായത്തില്‍ വിവരമറിയിക്കുകയും മേപ്പയ്യൂര്‍ പഞ്ചായത്ത് അസിസ്റ്റന്‍ഡ് സെക്രട്ടറി ശ്രീലേഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പങ്കജന്‍, സനല്‍ലാല്‍, വാര്‍ഡ് മെമ്പര്‍ അനീഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ആശുപത്രി അധികൃതര്‍ ഇത് തങ്ങളുടെ ആശുപത്രിയിലെ മാലിന്യമാണെന്ന് സമ്മതിക്കുകയും മാലിന്യം നിക്ഷേപിക്കുവാന്‍ ലത്തീഫ് എന്നയാള്‍ക്ക് നല്‍കിയതാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ അനീഷ് കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

[videopress himqzhhs]

ഈ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുവാനുള്ള യാതൊരു സംവിധാനമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പങ്കജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തെ കനാലില്‍ മുന്‍പ് പല തവണ മാലിന്യം തള്ളിയതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

 

മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പറും കൊയിലാണ്ടിയിലെ സഹ്യ ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ പരിശോധന

പ്രദേശവാസികള്‍ ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ വിവരമറിയിച്ചിരുന്നു. കനാലില്‍ മാലിന്യം ഒഴുകിനടക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യം നിേേക്ഷപിക്കുന്നവരെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം വലിയ പ്രശ്‌നമാണെന്ന് മനസ്സിലാക്കിയതോടെ മാലിന്യം നിക്ഷേപിക്കുന്നവര്‍ ഇത് തിരിച്ച് എടുക്കുവാന്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ഇവരെ പിടികൂടുവാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇവര്‍ വാഹനവുമായി കടന്നുകളഞ്ഞെന്നും വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡയപ്പര്‍, പാഡ്, പ്ലാസ്റ്റിക് മാലിന്യം, കുഴമ്പ് കുപ്പികള്‍ തുടങ്ങി നിരവധി മാലിന്യങ്ങളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്.

പഞ്ചായത്ത് അസിസ്റ്റന്‍ഡ് സെക്രട്ടറി ശ്രീലേഖ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പങ്കജന്‍, സനല്‍ലാല്‍, വാര്‍ഡ് മെമ്പര്‍ അനീഷ് കുമാര്‍ എന്നിവര്‍ സഹ്യ ആശുപത്രിയിലെത്തുകയും കനാലില്‍ നിക്ഷേപിച്ച മാലിന്യം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ പിഴ, ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.