കീടനാശിനികൾ 100 ശതമാനം സബ്സിഡിയിൽ ലഭിക്കും; മേപ്പയൂരിൽ പ്രാഥമിക വിള ആരോഗ്യകേന്ദ്രത്തിന് തുടക്കമായി
മേപ്പയൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നൂതന ജനകീയാസൂത്രണ പദ്ധതിയായ പ്രാഥമിക വിള ആരോഗ്യകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്തിലെ കർഷകരുടെ കൃഷിയിടങ്ങളിൽ വരുന്ന കീട രോഗ ആക്രമണങ്ങൾക്ക് കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം തയ്യാറാക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ജൈവ, രാസ കീടനാശിനികൾ, കുമിൾ നാശിനികൾ എന്നിവ 100 ശതമാനം സബ്സിഡിയിൽ ലഭിക്കും. കൃഷിചെയ്യുന്ന വിളകളിലെ കീട രോഗങ്ങളുടെ കൃത്യമായ ഫോട്ടോസ് അല്ലെങ്കിൽ സ്‌പെസിമൻസ് എന്നിവയുടെ അടിസ്ഥാനത്തിലോ ഫീൽഡ് പരിശോധനയിലൂടെ കൃഷിയിടം സന്ദർശിച്ച് നേരിട്ടുള്ള നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലോ മാത്രമാണ് ക്ലിനിക്കിൽ നിന്നും മരുന്നുകൾ ലഭിക്കുക. ആഴ്ചയിൽ ബുധനാഴ്ച മാത്രം രാവിലെ 11 മുതൽ വൈകുന്നേരം 4 മണി വരെ ക്ലിനിക് പ്രവർത്തിക്കുക.
ശാസ്ത്രീയമായി കൃഷി ചെയ്ത് വരുന്ന കർഷകർക്ക് തങ്ങളുടെ കൃഷിയിടത്തിലെ പരമാവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം ലഭിക്കും. ആവശ്യമുള്ള കർഷകർ കൃഷി വകുപ്പിൻ്റെ കതിർ പോർട്ടൽ ഐഡി നമ്പർ അല്ലെങ്കിൽ എയിംസ് പോർട്ടൽ ഐഡി നമ്പർ, ഒറിജിനൽ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ ഹാജരാക്കണം.
ചടങ്ങിൽ വി.കുഞ്ഞിരാമൻ കിടാവ്, കെ.കെ മൊയ്തീൻ മാസ്റ്റർ, കെ.കെ കുഞ്ഞിരാമൻ, അബ്ദുൾ സലാം നാഗത്ത്, കുന്നത്ത് ശ്രീധരൻ മാസ്റ്റർ, ജയരാജ് കുണ്ടയാട്ട്, ബ്ലോക്ക് ടെക്നോളജി മാനേജർ ആർ.എസ് സൂരജ് എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ നന്ദിയും പറഞ്ഞു.
Summary: Primary crop health center started in Meppayur grama panchyat