മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയുള്ള പരിസരമാക്കാം; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കായണ്ണയിൽ തുടക്കമായി
കായണ്ണബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു.
കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാട്ടനോട് യു പി സ്കൂൾ, ചെറുകാട് കെ വി എൽ പി സ്കൂൾ, നിർമല യു പി സ്കൂൾ എന്നിവയും മറ്റ് സർക്കാർ സ്ഥാപനങ്ങളും ശുചീകരിച്ചു. കായണ്ണ ഗവ. യു പി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സി ശരൺ, ഹെഡ്മാസ്റ്റർ ആനന്ദൻ മാസ്റ്റർ, ഇ കെ സുരേഷ്, സത്യൻ ആഴത്തിൽ, ശ്രീജിത്ത് മാസ്റ്റർ, ഷീന എ.സി, വിജി ചെട്ട്യാങ്കണ്ടി, ജിസ്ന എ.സി, ശ്രീധരൻ നായർ എൻ.ടി തുടങ്ങിയവർ നേതൃത്വം നൽകി.
കായണ്ണ ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരണവും നടക്കുന്നുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി തോടുകളും ജലാശയങ്ങളും നീർച്ചാലുകളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കി.