വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/09/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ടെണ്ടർ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ ഷെഡ്യൂൾ ലഭ്യമാകുന്ന തീയ്യതി ഒക്ടോബർ 6 ന് വൈകിട്ട് 5 മണിവരെ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 13 വൈകിട്ട് 5 മണി. ടെണ്ടർ തുറക്കുന്ന തീയ്യതി ഒക്ടോബർ 17 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് :0496 2630800

ടെണ്ടർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിൻ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിൻറ ആവശ്യത്തിലേക്കായി ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിച്ചുകൊളളുന്നു. ടെൻഡറുകൾ ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3 മണിക്ക് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2555225, 9562246485

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസി ഓഫീസ് ആവശ്യത്തിനുവേണ്ടി സർവ്വീസ് നടത്തുന്നതിന് വാഹനത്തിന് ടെണ്ടർ ക്ഷണിക്കുന്നു. പ്രവൃത്തി കാലാവധി 11 മാസം. ഒക്ടോബർ 1 മുതൽ ഒക്ടോബർ 13 ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ ഫോറം വിൽക്കും . ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14 ഉച്ചക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് : 04952720012

സീറ്റ് ഒഴിവ്

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ബിസിഎ കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവ് .അർഹരായ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6ന് വൈകുന്നേരം 5 മണിക്കുളളിൽ കോളേജിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04902966800

ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ്

അംഗീകൃത വിദ്യാലയങ്ങൾ/യൂണിവേഴ്സിറ്റികൾ നടത്തുന്ന എസ്എസ്എൽസി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് റഗുലർ ആയി പഠിക്കുന്ന, കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കുറവും മുൻ അദ്ധ്യയനവർഷത്തെ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ച, മറ്റു സ്കോളർഷിപ്പുകൾ ലഭിക്കാത്ത വിമുക്ത ഭടൻമാരുടെ മക്കൾക്ക് സൈനിക ക്ഷേമ വകുപ്പ് മുഖേന ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ് അനുവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :0495 2771881

ലേലം ചെയ്യും

വടകര പോലിസ് സ്റ്റേഷൻ വളപ്പിലുള്ള പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 0496 2523031

അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രലൈസ്ഡ് യു.ജി അഡ്മിഷൻ പോർട്ടലിൽ രജിസ്ററർ ചെയ്തവർക്ക് (ചെയ്യാത്തവർക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്). ഐ എച്ച് ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ അപേക്ഷിക്കാം. ബി എസ് സി കമ്പ്യൂട്ടർ സയൻസ് , ബി എസ് സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. അവസാന തീയതി ഒക്ടോബർ 12 വൈകിട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 9495069307, 8547005029 , 0492324766

അപേക്ഷ സമർപ്പിക്കണം

ജീവിച്ചിരിപ്പില്ലാത്ത ഉടമകളുടെ പേരിലുളള റേഷൻകാർഡുകൾ കൈവശം വെക്കുന്നതായും അതുപയോഗിച്ച് റേഷൻ സാധനങ്ങളും മറ്റ് ആനുകൂല്യങ്ങലും അനർഹമായി കൈപ്പറ്റുന്നതായും സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതിനാൽ രണ്ട് ദിവസത്തിനകം ഉടമസ്ഥാവകാശം മാറ്റുന്നതിനുളള അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് വടകര സപ്ലൈ ഓഫീസർ അറിയിച്ചു.

വയോജന ദിനാഘോഷം നടത്തും

ജില്ലാ സാമൂഹ്യ നീതി ഓഫീസും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും കോഴിക്കോട് ജില്ല പഞ്ചായത്തുമായി സഹകരിച്ച് ഒക്ടോബർ 1 നു രാവിലെ 10 മണി മുതൽ ജില്ലാ ആസുത്രണ സമിതി കോൺഫറൻസ് ഹാളിൽ വയോജന ദിനാഘോഷവും വയോജന നയ പ്രഖ്യാപനവും നടത്തും. കില ഡയറക്ടർ ജനറൽ ഡോ:ജോയ് ഇളമൺ മുഖ്യാതിഥിയായിരിക്കും. ‘യോഗയും വയോജനങ്ങളും’ , ‘വയോജന സംരക്ഷണം നിയമവും അവകാശങ്ങളും’ എന്നീ വിഷയങ്ങളിൽ വിഷയാവതരണം നടത്തും.

അപേക്ഷ ക്ഷണിച്ചു

സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ 2022-23 വർഷത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവകൾ സർവ്വീസ് പെൻഷൻ / കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകൾക്ക് പ്രായപൂർത്തിയായ മക്കൾ ഉണ്ടാവാൻ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യനീതി നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ(ആശ്വാസകിരണം,സമാശ്വാസം) ലഭിക്കുന്നവരായിരിക്കരുത്. മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

ധനസഹായത്തിന് അപേക്ഷ

കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ വഴിയോ ബാങ്കുകള്‍ വഴിയോ ധനസഹായം സ്വീകരിച്ച് വിമുക്ത ഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ നടത്തിവരുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി ഒറ്റ തവണ ടോപ് അപ്പ് ആയി ധനസഹായം നല്‍കുന്നു. സംരംഭം മൂന്നുവര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതും ലോണുകള്‍ കൃത്യമായി അടച്ചു വരുന്നതുമായവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 30-ന് മുമ്പായി കോഴിക്കോട് ജില്ല ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് : 0495 2771881.

ലഹരിക്കെതിരെ പോരാടാൻ ‘യോദ്ധാവ്’ എത്തുന്നു

ലഹരിക്കെതിരെ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിക്ക്‌ കുറ്റ്യാടിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി കുറ്റ്യാടി മുതൽ നാദാപുരം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. കുറ്റ്യാടി ബസ് സ്റ്റാൻഡ്‌ പരിസരത്ത് കെ.പി കുഞ്ഞമ്മദ്‌ കുട്ടി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ റൂറൽ പൊലീസ് മേധാവി ആർ കറുപ്പസാമിയും എം.എൽ.എയും ചേർന്ന്‌ നിർവഹിച്ചു.

കോഴിക്കോട് റൂറൽ ജില്ലാ നർകോട്ടിക് സെൽ ഡി.വൈ.എസ്‌.പി കെ. എസ് ഷാജി ബോധവൽക്കരണ സന്ദേശം നൽകി. നാദാപുരം ഡി.വൈ.എസ്‌.പി ലതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൊകേരി ഗവ.കോളജ്, ഹൈടെക് കോളജ് കല്ലാച്ചി, വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ക്ലബുകളായ എക്കോവ് പെഡലേഴ്‌സ് കല്ലാച്ചി, സൈക്ലോ കുറ്റ്യാടി, വിവിലേഴ്‌സ് ഒഞ്ചിയം എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്.

നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കല്ലാച്ചി ഗവ.ഹൈസ്കൂൾ, പേരോട് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്‌.പി.സി കേഡറ്റുകളും സൈക്കിൾ റാലിക്കൊപ്പം അണിചേർന്നു. നാദാപുരം ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നടന്ന സമാപന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദയാത്രയൊരുക്കി മാവൂർ പഞ്ചായത്ത്

ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദ യാത്രയൊരുക്കി മാവൂർ പഞ്ചായത്ത്. പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ 35 പേരും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയിൽ പങ്കെടുത്തത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം ജനപ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.

വൈകല്യങ്ങളെയും പ്രതിസന്ധികളെയും മറന്ന് സന്തോഷത്തിന്റെ ഒരു ദിനം കുട്ടികൾക്ക് നൽകുകയാണ് വിനോദയാത്രയുടെ ലക്ഷ്യമെന്നും ഇതൊരു നവ്യാനുഭവമാകട്ടെയെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി രജ്ഞിത്ത് പറഞ്ഞു.

യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വാർഡ് മെമ്പർ ഉമ്മർ മാസ്റ്റർ, മെമ്പർമാരായ ഗീതാമണി, രജിത, നന്ദിനി എന്നിവർ സംബന്ധിച്ചു. യാത്രക്കാവശ്യമായ മുഴുവന്‍ ചെലവുകളും സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് വഹിച്ചത്.

ഓണാഘോഷം: ദീപാലങ്കാര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ ഒന്നിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനിക്കും

ജില്ലയിൽ ഓണാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച മികച്ച ദീപാലങ്കാരങ്ങൾ ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളില്‍ വൈകിട്ട് 3 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്കാരങ്ങൾ സമ്മാനിക്കും.

ഏറ്റവും മികച്ച ദീപാലങ്കാരത്തിനുള്ള അവാർഡിന് എൽ.ഐ.സി ഇന്ത്യയുടെ കോഴിക്കോട് ഡിവിഷൻ ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രീതിയിൽ പൊതുസ്ഥലം അലങ്കരിച്ചതിനുള്ള അവാർഡ് മാതൃഭൂമിക്ക് ലഭിച്ചു. മാനാഞ്ചിറ മൈതാനവും പാർക്കും പരിസരങ്ങളും മനോഹരമായി ദീപാലങ്കാരം ചെയ്തതിനാണ് മാതൃഭൂമിക്ക് അവാർഡ്. മികച്ച രീതിയിൽ ദീപലങ്കാരം ചെയ്ത മാൾ അഥവാ ഷോപ്പിംഗ് കോംപ്ലക്സ് വിഭാഗത്തിൽ ഗോകുലം ഗല്ലെറിയ മാൾ അവാർഡിനർഹമായി. ദീപാലങ്കാരം ചെയ്ത ഏറ്റവും മികച്ച ഗവണ്മെന്റ് ഓഫീസായി സിറ്റി പോലീസ് കമ്മീഷണർ ഓഫീസും , പൊതു ഓർഗനൈസേഷൻ വിഭാഗത്തിൽ ജില്ലാ സ്പോർട്സ് കൌൺസിൽ ഓഫീസും തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും മികച്ച രീതിയിൽ ദീപാലാങ്കാരം ചെയ്ത വ്യാപരി കൂട്ടായ്മക്ക് എസ്‌.എം സ്ട്രീറ്റ് ട്രേഡേഴ്സിനെയും, മികച്ച ഹോട്ടൽ വിഭാഗത്തിൽ മാന്വൽ സൺസ് മലബാർ പാലസ് ഹോട്ടലിനെയും മികച്ച കച്ചവട സ്ഥാപന വിഭാഗത്തിൽ ജയലക്ഷ്മി സിൽക്‌സും , മികച്ച പൊതു സ്ഥാപന വിഭാഗത്തിൽ കോഴിക്കോട് കോർപറേഷനും അവാർഡിന് അർഹരായി .

കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, ഹാർബർ എഞ്ചിനീയയറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയദീപ്, ഇലുമിനേഷൻ കമ്മിറ്റി പ്രതിനിധി ക്യാപ്റ്റൻ കെ കെ ഹരിദാസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകളും അന്നേദിവസം കൈമാറും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഓണാഘോഷം: മാധ്യമ അവാര്‍ഡുകള്‍ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യും

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച് രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യും. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി, ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് മീഡിയ വണ്ണിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്, മികച്ച ദൃശ്യമാധ്യമ ക്യാമറാമാന്‍ മീഡിയ വണ്ണിലെ സീനിയര്‍ ക്യാമറപേഴ്‌സണ്‍ മനേഷ് പി, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിന് മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെ മുഹമ്മദ് ഇര്‍ഷാദ്, മികച്ച വാര്‍ത്താ ചിത്രത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് കേരള കൗമുദി ഫോട്ടോഗ്രാഫര്‍ രോഹിത് തയ്യില്‍ എന്നിവര്‍ക്കാണ് ലഭിച്ചത്.

മീഡിയ അവാർഡിനോടൊപ്പം ഏറ്റവും നല്ല ഇലുമിനേഷൻ വർക്കിനുള്ള അവാർഡുകളും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മറ്റു മത്സരങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ മന്ത്രി കൈമാറും.

ജില്ലാതലഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ രണ്ടിനും 11 നുമിടയില്‍ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ലഭിച്ച എന്‍ട്രികളില്‍ നിന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍, ഏഷ്യാനെറ്റ് മുന്‍ ഡെപ്യൂട്ടി ചീഫ് ക്യാമറാമാന്‍ കെ.പി രമേഷ്, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ എം സുധീന്ദ്രകുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. മൊമെന്റോയും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

കിഡ്നി രോഗികൾക്ക് ആശ്വാസമായി സാന്ത്വനം പദ്ധതി

കിഡ്നി രോഗികൾക്ക് ആശ്വാസ സഹായവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ സാന്ത്വനം പദ്ധതി. പഞ്ചായത്തിലെ പെയിൻ ആന്റ് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നത്.

20 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, മരുന്നുകളും 5 രോഗികൾക്ക് ആവശ്യമായ മരുന്നുകളുമാണ് സൗജന്യമായി വീടുകളിലെത്തിച്ചു നൽകുന്നത്. ഇതിനായി കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പത്ത് ലക്ഷം രൂപ വകയിരുത്തിയിരുന്നു.

കഴിഞ്ഞ വർഷമാരംഭിച്ച പദ്ധതി പ്രകാരം ഡയാലിസിസ് കിറ്റും മരുന്നുമുൾപ്പെടെ ആശുപത്രിയിൽ വന്നു വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. ഇനി ഇവ ഓരോരുത്തരുടെയും വീടുകളിലെത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു. മരുന്ന് ഉൾപ്പെടെയുള്ള സാമഗ്രികൾ സൗജന്യമായി നൽകുന്ന പദ്ധതി രോഗിക്കും കുടുംബത്തിനും ഏറെ ആശ്വാസമാവുമെന്നും പ്രസിഡന്റ് പറഞ്ഞു.