കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സായുധ സേനാ പതാകദിനം: ജില്ലാതല പരിപാടി മേയര്‍ ഉദ്ഘാടനം ചെയ്തു

സായുധ സേനാ പതാക ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വ്വഹിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടന്ന ചടങ്ങില്‍ സായുധസേനാ പതാകയുടെ വില്‍പനയുടെ ജില്ലാതല ഉദ്ഘാടനവും മേയര്‍ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിച്ചു.

സായുധ സേന പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസിനും ഹുണ്ടി ബോക്‌സ് കളക്ഷനിലൂടെ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച എന്‍സിസി യൂണിറ്റിനും ചടങ്ങില്‍ പുരസ്‌കാരം നല്‍കി. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശേഖരിക്കുന്നതാണ് പതാകദിന ഫണ്ട്. പരിപാടിയോടനുബന്ധിച്ച് വിമുക്ത ഭടന്മാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, വെല്‍ഫയര്‍ ഓര്‍ഗനൈസര്‍ എം.പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. കേണല്‍ എന്‍.വി. മോഹന്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സൗമ്യ മത്തായി, വിവിധ വിമുക്ത സൈനിക സംഘടന പ്രതിനിധികള്‍, വിമുക്ത സൈനികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗോവർദ്ധിനി -2022-23 കന്നുകുട്ടികൾക്കുള്ള തീറ്റ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ മൃഗസംരക്ഷണ വകുപ്പിന്റെ ഗോവർദ്ധിനി 2022 – 23 പദ്ധതിയുടെ ഭാഗമായി കന്നു കുട്ടികൾക്കുള്ള തീറ്റ വിതരണം നടന്നു. പന്തലായനി ക്ഷീര സഹകരണ സംഘത്തിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. .

ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർമാരായ ലളിത, ശ്രീമതി, രത്നവല്ലി ടീച്ചർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ഗീത വി, കാഫ് ഫീഡ് സബ്സിഡി സ്കീം കൊയിലാണ്ടി സർക്കിൾ വെറ്ററിനറി സർജൻ ഡോ: പ്രമോദ്, അസി: ഫീൽഡ് ഓഫീസർ മോഹനൻ പി.ആർ. എന്നിവർ സംസാരിച്ചു.

 

വാഴക്കന്ന് വിതരണം ചെയ്തു

കൊയിലാണ്ടി മുൻസിപ്പാലിറ്റി ജനകീയാസൂത്രണം പദ്ധതിയിൽ ഭിന്നശേഷി വിഭാഗത്തിനും വനിതകൾക്കുമുള്ള വാഴക്കന്ന് വിതരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർമാരായ പ്രജിഷ, സുധ മനോഹരി, രത്നവല്ലി ടീച്ചർ ആശംസകൾ നേർന്നു. കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖര സമിതി അംഗങ്ങൾ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ പി.വിദ്യ സ്വാഗതവും കൃഷി അസിസ്റ്റൻറ് ജിജിൻ എം നന്ദിയും പറഞ്ഞു.

പനങ്ങാട് പകല്‍വീട് ജനുവരി ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന പകല്‍വീട് ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പനങ്ങാട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ അറിയിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നിര്‍മ്മല്ലൂര്‍ ‘പകല്‍വീട്ടില്‍’ ചേര്‍ന്ന വയോജനങ്ങളുടെ ഗ്രാമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാന്‍ പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രസന്ന തെറ്റത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അങ്കണവാടി വര്‍ക്കര്‍ പ്രേമ നന്ദി പറഞ്ഞു.

 

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്: സംസ്ഥാനതല മത്സരങ്ങള്‍ക്ക് നാളെ(ഡിസംബര്‍ 8) തുടക്കമാവും

മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 8, 9 തീയതികളില്‍ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ & ഇന്‍സ്റ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ നടക്കും. നാളെ ( ഡിസംബർ 8) രാവിലെ 10 മണിക്ക് കാലിക്കറ്റ്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം. കെ. ജയരാജ് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. പി. സുധീര്‍ അധ്യക്ഷത വഹിക്കും.

ഡിസംബര്‍ 9 ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്യും.

10 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനോടൊപ്പം നിത്യജീവിതത്തില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ലഭ്യമാക്കുകയാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 108 പ്രോജക്ടുകളാണ് സംസ്ഥാന തലത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. സംസ്ഥാന തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 16 പ്രോജക്ടുകള്‍ 2023 ജനുവരി 27 മുതല്‍ മുതല്‍ 31 വരെ അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും.

കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന കൗണ്‍സിലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 6 മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു ആവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 18 വയസ്സിനുമേല്‍ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അവസാന തീയ്യതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9142804804,
914280580

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പും ചേര്‍ന്ന് കോഴിക്കോട് ആര്‍ ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. കാരന്തൂര്‍ മര്‍ക്കസ് പ്രൈവറ്റ് ഐ.ടി.ഐയില്‍ ഡിസംബര്‍ 12നാണ് മേള. ഗവണ്‍മെന്റ്/പ്രൈവറ്റ്/ഐ.ടി.ഐ യോഗ്യയതയുള്ള എല്ലാ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാം. ട്രെയിനികള്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് ആർ ഐ.സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍-0495 2370289, 8075604070.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എംഎഫ്എ) ലഭിക്കുന്നവര്‍ ഡിസംബറില്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഇതുവരെ ഹാജരാക്കത്തവര്‍) എത്രയും പെട്ടെന്ന് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ തുടര്‍ന്നുളള പ്രതിമാസ സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിയമനം

കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുളളവര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഡിസംബര്‍ 14ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ (സെക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍(ഡി.സി.എ / പി.ജി.ഡി.സി.എ / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്) വിശദവിവരങ്ങള്‍ക്ക് 0495-2351403.

വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികൾക്കായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ നടത്തുന്നു. ഡിസംബര്‍ 18 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ യു പി സ്‌കൂളിലാണ് മത്സരം. ഉപഭോക്തൃ സംരക്ഷണ നിയമം, ഉപഭോക്താവിന്റെ അവകാശങ്ങള്‍, കടമകള്‍, ഹരിത ഉപഭോഗം ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് എന്നി വിഷയങ്ങളിലാണ് മത്സരം നടത്തുക. ഉപന്യാസം, പ്രസംഗം മത്സര വിഷയങ്ങള്‍ മത്സരത്തിന് 10 മിനുട്ട് മുന്‍പ് നല്‍കും. ഒരാള്‍ക്ക് ഏതെങ്കിലും രണ്ടിനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നുവര്‍ 0495 2370655 എന്ന നമ്പറില്‍ വിളിച്ച് ഡിസംബര്‍ 17 വൈകുന്നേരം 5 മണിക്കു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ 18 ന് രാവിലെ 9 മണിക്ക് സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതം മത്സര കേന്ദ്രത്തിലെത്തണം.

റിസര്‍ച്ച് മെത്തഡോളജി വര്‍ക്ക് ഷോപ്പ്

ഐ എച്ച് ആര്‍ ഡിയുടെ അയലൂരിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ രീതിശാസ്ത്രം സംബന്ധിച്ച ശില്പശാല നടത്തുന്നു. ഡിസംബര്‍ 12, 13, 14 തീയതികളില്‍ രാത്രി 7 മണി മുതല്‍ 9 മണി വരെ നടത്തുന്ന ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ്: 600 രൂപ. രിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. 9495069307, 8547005029 എന്നീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ ലിങ്ക് അയച്ചു തരും.