വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റൂട്രോണിക്‌സ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/09/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, അക്കൗണ്ടിങ് കോഴ്‌സുകള്‍
കോഴിക്കോട് മേഖലാ എല്‍.ബി.എസ്. സെന്ററില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി.ഡി.സി.എ) പ്ലസ് ടു, യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ജി.എസ്.ടി ടാലി, എസ്.എസ്.എല്‍.സി ക്കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫോണ്‍: 0495 2720250, 7012825114.
തൊഴിലുറപ്പ് പദ്ധതി- ഓംബുഡ്‌സ്മാന്‍ സിറ്റിങ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് സെപ്തംബര്‍ 20ന് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി. സുകുമാരന്‍ സിറ്റിങ് നടത്തുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മണി മുതല്‍ 1 മണി വരെയാണ് സിറ്റിങ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495354042.ombudsmanmgnregskkd@gmail.com.
ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം
വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങും കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസേര്‍ച്ച് സെന്ററും സംയുക്തമായി ആരംഭിക്കുന്ന എന്‍ജിനീയറിങ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2 ന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846700144, 9496463375, 9400477225. citvcape@gmail.com.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലുകളില്‍ (ആണ്‍/പെണ്‍) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ പിന്നാക്ക, മറ്റര്‍ഹ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അപേക്ഷ സെപ്തംബര്‍ 24 ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.വിവരങ്ങള്‍ക്ക്: 0495-2370379, 2370657. ddosckkd@gmail.com.
ലേലം
കോഴിക്കോട് ഗവ.കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോളേജ് കോമ്പൗണ്ടില്‍ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം എസ് കെട്ടിടം പൊളിച്ചു നീക്കം ചെയ്തു ലേലം ചെയ്യുന്നു. സെപ്തംബര്‍ 19 ന് വൈകിട്ട് 3ന് കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഓഫീസ് പരിസരത്ത് വെച്ചാണ് ലേലം നടക്കുന്നത്.
വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റൂട്രോണിക്‌സ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ഹാര്‍ഡ് വെയര്‍. ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പെണ്‍കുട്ടികള്‍ക്ക് പരിശീലന ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8891370026, 04952370026.
അഡ്മിഷനില്‍ പങ്കെടുക്കാം
മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡ്മിഷനില്‍ പങ്കെടുക്കാം. പ്ലസ് ടു / വി.എച്ച്.എസ്.സി/ ഐ.ടി.ഐ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സെപ്റ്റംബര്‍ 16 ന് സ്ഥാപനത്തില്‍ വെച്ച് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714.
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന 2022 – 23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മറൈന്‍ പദ്ധതികളായ കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മോട്ടര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്, ജി.പി.എസ്, ഇന്‍സുലേറ്റഡ് ബോക്‌സ് എന്നിവയ്ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്ക് സ്‌ക്വയര്‍ മെഷ് എന്നിവയ്ക്കും അര്‍ഹരായ മത്സ്യബന്ധനയാന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, വടകര, കൊയിലാണ്ടി, കോഴിക്കോട്, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 24 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2383780.
പരാതികളില്‍ അതിവേഗം പരിഹാരം കാണുമെന്ന് ചിന്ത ജെറോം; യുവജന കമ്മീഷന്‍ അദാലത്തില്‍ 26 കേസുകള്‍ പരിഗണിച്ചു
യുവജന കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ അതിവേഗം പരിഹാരം കാണാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കോഴിക്കോട് റസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
26 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 19 കേസുകള്‍ തീര്‍പ്പാക്കി. ഏഴ് പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കോവിഡ് പശ്ചാത്തലത്തില്‍ മതിയായ കാരണങ്ങളില്ലാതെ സ്വാശ്രയ കോളേജുകളില്‍ നിന്നും അധ്യാപകരെ പിരിച്ചുവിട്ട കേസുകള്‍ കമ്മീഷന് മുന്നിലെത്തി. ഇവരുടെ ശമ്പള കുടിശ്ശിക അടിയന്തിരമായി നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കും.
ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അതീവ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നത്. പോലീസും യുവജനങ്ങളുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തും. ലഹരി ഉപയോഗവും ഗുരുതരമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രവര്‍ത്തിക്കും. യുവജന ക്ലബ്ബുകള്‍, യൂണിവേഴ്‌സിറ്റി യൂണിയനുകള്‍, മറ്റ് യുവജന സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് ജാഗ്രത സമിതികള്‍ക്ക് രൂപം നല്‍കും. വിവിധ വകുപ്പുകളെ ഇതിനായി എകോപിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന അദാലത്തില്‍ കമ്മീഷന്‍ അംഗം റെനീഷ് മാത്യു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവര്‍ പങ്കെടുത്തു.
കെ.എസ്.എഫ്.ഇ മൈക്രോ ശാഖ വെള്ളിമാടുകുന്നിൽ പ്രവർത്തനമാരംഭിച്ചു
കെ.എസ്.എഫ്.ഇ കോഴിക്കോട് അർബൻ മേഖലയുടെ കീഴിൽ ആരംഭിക്കുന്ന രണ്ടാമത്തെ മൈക്രോ ശാഖ വെള്ളിമാടുകുന്ന് മൂഴിക്കലിൽ ധനകാര്യ വകുപ്പു മന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രത്യേകിച്ച് സാധാരണക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ സ്വർണ്ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ തരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയിലൂടെ ലഭ്യമാക്കും. കെ.എസ്.എഫ്.ഇ 52 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകൾ ആരംഭിക്കുന്നത്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. മുഴിക്കൽ ഡിവിഷൻ കൗൺസിലർ ഹമീദ് എം.പി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ സ്വാഗതവും മാനേജിങ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
കെ.എസ്.എഫ്.ഇ യുടെ പ്രവര്‍ത്തനം ഗ്രാമീണ മേഖലയില്‍ വ്യാപിപ്പിക്കും: ധനമന്ത്രി
കെ.എസ്.എഫ്.ഇ യുടെ പ്രവര്‍ത്തനവും സേവനവും ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ യുടെ കോഴിക്കോട് റൂറല്‍ റീജിയണല്‍ ഓഫീസും നവീകരിച്ച താമരശ്ശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കെ.എസ്.എഫ്.ഇ യുടെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. യുവാക്കളുടെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും ഇക്കാര്യങ്ങള്‍ ആദ്യപടിയിലാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ സഹായിക്കാന്‍ കഴിയുന്ന ഇത്തരം കൂടുതല്‍ പദ്ധതികളില്‍ സജീവമാകുമെന്നും സംസ്ഥാനത്ത് കെ.എസ്.എഫ് ഇയുടെ ബ്രാഞ്ചുകള്‍ ആയിരമായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ കെ.കെ മഞ്ജിത, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, എം.ഡി സുബ്രഹ്മണ്യന്‍ വി.പി, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ യുടെ ആയിരം ബ്രാഞ്ചുകള്‍ തുടങ്ങും- മന്ത്രി കെ.എന്‍ ബാലഗോപാല്‍
കെ.എസ്.എഫ്.ഇ സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ ശാഖകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെയുള്ള വായ്പകളും ചിട്ടികളുടെ സേവനവും എളുപ്പത്തില്‍ ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ടില്‍ കെ.എസ്.എഫ്.ഇ പങ്കാളിയാകുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് അര്‍ബന്‍ മേഖലയുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ മൈക്രോ ശാഖയാണ് നന്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പ ഉള്‍പ്പെടെ വിവിധതരം വായ്പകളുടെയും ചിട്ടികളുടെയും സേവനം ഈ ശാഖയിലൂടെ ലഭ്യമാകും.
ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ എം.കെ മോഹനന്‍, ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദര്‍, കെ.എസ്.എഫ്. ഇ യുടെയും വിവിധ രാഷ്ടീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ്. ഇ ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.