തൊഴിൽ അന്വേഷിക്കുകയാണോ? ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഫാം ടൂറിസം പദ്ധതിയ്ക്ക് പേരും ലോഗോയും ക്ഷണിക്കുന്നു

ജില്ലാ പഞ്ചായത്തും കൊടുവളളി ബ്ലോക്ക് പഞ്ചായത്തും മലയോര മേഖലയിലെ 5 പഞ്ചായത്തുകളും ചേര്‍ന്ന് 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയ്ക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. കൊടുവളളി ബ്ലോക്ക് ഓഫീസിലാണ് പേരും ലോഗോയും സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 20 ആണ് അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് പാരിതോഷികം ഉണ്ടായിരിക്കും.

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചാത്തമംഗലം, കാരശ്ശേരി, കൊടിയത്തൂര്‍, കുന്ദമംഗലം, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടാമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 -ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.18 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി/പ്ലസ് ടു ആണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ആറു മാസവും ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാവും ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31നകം ലഭിക്കണം.

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ (സ്വന്തമായി ഇ-കാര്‍ ലഭ്യമാകുന്നതു വരെ), എ സി കാര്‍/എ സി ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ഡിസംബര്‍ 20 ഉച്ചക്ക് 1 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ക്വട്ടേഷന്‍ തുറക്കും.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി

ആറന്മുള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30 ലേക്ക് നീട്ടി. കോഴ്‌സ്, സീറ്റ്, യോഗ്യത തുടങ്ങിയ വിവരങ്ങള്‍ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, 689533 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0468- 2319740, 9847053294,9947739442, 9847053293, 9188089740.

തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് തൊഴില്‍ മേള നടത്തുന്നു. ബിരുദം, ബിരുദാനന്തരബിരുദം, എം.ബി.എ, ബി.ടെക്, ഐ.ടി.ഐ, ഡിപ്ലോമ, പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370176/78, 04952370179

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കോഴിക്കോട് ജില്ല വടകര താലൂക്കിലെ വില്യാപ്പള്ളി വില്ലേജിലെ ശ്രീ കുന്നുംകുളങ്ങര ദുര്‍ഗ്ഗ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും www.malabardevaswom.kerala.gov.in ലഭിക്കും.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണകേന്ദ്രം കാസ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. 40000/രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത എംഎംബിബിഎസ്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

ദര്‍ഘാസ് ക്ഷണിച്ചു

അര്‍ബന്‍ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് മുന്‍പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിക്കുന്നു. അവസാന തീയതി ഡിസംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ അര്‍ബന്‍ 2 ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക് 0495-2373566. അടങ്കല്‍ തുക 4,25,000/.

ഗതാഗതം നിരോധിച്ചു

താഴെ തിരുവമ്പാടി-കുമാരനല്ലൂര്‍-മാണ്ടാങ്കടവ് റോഡ് നവീകരണ പ്രവൃത്തി കി.മീ 0/000 മുതല്‍ 2/050 വരെ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് പ്രസ്തുത റോഡിലെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അിറയിച്ചു. മുക്കം കുമാരനല്ലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ക്ക് ഗേറ്റും പടി-തൊണ്ടിമ്മല്‍ റോഡ് വഴിയും വലിയ വാഹനങ്ങള്‍ അഗസ്ത്യമുഴി റോഡ് വഴിയും പോകാവുന്നതാണ്.

ഗതാഗത നിയന്ത്രണം

ദേശീയപാത 766 കുന്നമംഗലം മുതല്‍ മണ്ണില്‍ക്കടവ് വരെയുള്ള ശാക്തീകരണ പ്രവൃത്തിയുടെ ഭാഗമായി പടനിലം ഭാഗത്ത് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ താമരശ്ശേരി വരട്ട്യാക്കില്‍ റോഡ് വഴിയും കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ സി.ഡബ്ല്യു.ആര്‍.ഡി.എം- പെരിങ്ങളം- മില്‍മ വരട്ട്യാക്കല്‍ റോഡ് വഴിയും തിരിഞ്ഞു പോകണം. ചെറിയ വാഹനങ്ങള്‍ പോലീസിന്റെ നിര്‍ദ്ദേശാനുസരണം വഴി തിരിഞ്ഞു പോകണം

ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. സെമിനാറുകള്‍, എക്‌സിബിഷന്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കന്നുകാലി പ്രദര്‍ശനവും പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം. ജീജ പദ്ധതി വിശദീകരണം നടത്തി. ക്ഷീരവികസന ഓഫീസര്‍ പി.സജിത, വെറ്റിനറി സര്‍ജന്‍ പി.പി. ബിനീഷ് തുടങ്ങിയവര്‍ ക്ലാസെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീന ടീച്ചര്‍, ശ്രീനിവാസന്‍ മാസ്റ്റര്‍, എം.കെ വനജ, ആലങ്കോട് സുരേഷ് ബാബു, മില്‍മ ഡയറക്ടര്‍ പി.ടി ഗിരീഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരസംഘം പ്രസിഡന്റ് ഇമ്പിച്ചി മമ്മി സ്വാഗതവും ക്ഷീരവികസന ഓഫീസര്‍ മുഹമ്മദ് നവാസ് പി നന്ദിയും പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം: “കൊട്ടും വരയും ” നാളെ (ഡിസംബർ 10) ബീച്ചിൽ

സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും ” പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 10) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം നിർവഹിക്കും.

അറുപത്തിയൊന്നാം സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം സച്ചിൻ ദേവ് എം എൽ എ ,തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ ഉൾപ്പടെയുള്ള 61 ജനപ്രതിനിധികൾ ചടങ്ങിൻ്റെ ഭാഗമാകും.

ചിത്രകാരന്മാരും വിദ്യാർത്ഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാ മണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളും വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ പി.എം മുഹമ്മദലി, ജോ. കൺവീനർ കെ.കെ ശ്രീഷു എന്നിവർ അറിയിച്ചു.

വയോജന സംഗമം നടത്തി

വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. വടകര ടൗൺഹാളിൽ ചേർന്ന ഗ്രാമസഭ നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ മുഴുവൻ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയിൽ പങ്കെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും നടന്നു.

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സജീവ് കുമാർ, പി വിജയി, സിന്ധു പ്രേമൻ കൗൺസിലർമാരായ ടി.കെ. പ്രഭാകരൻ, വി.കെ അസീസ് മാസ്റ്റർ, ഐ സി ഡി എസ് സൂപ്പർവൈസർ ജാസ്മിൻ, നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ പങ്കെടുത്തു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ പവിത്രൻ തീക്കുനി കലോത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അവതരിപ്പിച്ച നൃത്ത സംഗീത പരിപാടി ‘മകളാണ്, അരങ്ങേറി. തുടർന്ന് തിരുവാതിരക്കളി, ഒപ്പന, ഓട്ടൻതുള്ളൽ തുടങ്ങിയ പരിപാടികളും നടന്നു. നൂറുക്കണക്കിന് വനിതകൾ അണിനിരന്ന വിളംബരഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഗായകൻ വി.ടി മുരളി മുഖ്യാതിഥിയായിരുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.ഷീല, അതുല്യ ബൈജു എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ആർ.പി വത്സല സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ അബ്ദുൾ ഹാരിസ് നന്ദിയും പറഞ്ഞു.

ആശ്വാസമായി തീരസഭ അദാലത്ത്

ജില്ലാ ഭരണകൂടത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന തീര സഭ അദാലത്ത് നിരവധി പേർക്ക് ആശ്വാസമായി. ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുൾപ്പടെയുള്ള ഉദ്യോഗസ്ഥർ തീരദേശ വാസികളുടെ വിവിധ പരാതികൾ കേട്ടു. പരിഹാര സാധ്യതയുള്ളത് തത്സമയം തീർപ്പാക്കുകയും സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തുടർ നടപടികൾക്കായി മാറ്റിവെക്കുകയും ചെയ്തു.

തെക്കേ കടപ്പുറം മുതൽ എലത്തൂർ മത്സ്യഗ്രാമം വരെയുള്ള മത്സ്യത്തൊഴിലാളികളുടെ ഇരുനൂറോളം പരാതികൾക്ക് പുറമെ പുതുതായി ലഭിച്ച പരാതികളും വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടന്ന അദാലത്തിൽ പരിഗണിച്ചു.

മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ്, എംപ്ലോയ്മെന്റ്, കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, മത്സ്യഫെഡ്,ഫിഷറീസ്, തീരദേശ വികസന കോർപ്പറേഷൻ, സഹകരണം, കോർപ്പറേഷൻ,സിവിൽ സപ്ലൈസ്, ലൈഫ്മിഷൻ, റവന്യൂ, ലീഡ് ബാങ്ക്, ആരോഗ്യം, കുടിവെള്ളം, ഇറിഗേഷൻ, കെ എസ് ഇ ബി, കുടുംബശ്രീ, ടൗൺ പ്ലാനിങ്ങ്, ഹാർബർ എഞ്ചിനിയറിങ്, വിദ്യാഭ്യാസം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൗണ്ടറുകൾ അദാലത്തിനായി ഒരുക്കിയിരുന്നു.

തീരദേശ സഭയുടെ അടുത്ത അദാലത്ത് ഡിസംബര്‍ 16 ന് വടകര കോതി ബസാറിന് സമീപത്തെ സ്ലൈക്കോണ്‍ ഷെല്‍ട്ടറിലും ഡിസംബര്‍ 23 ന് കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസിലും ഡിസംബര്‍ 30 ന് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിലുമായി നടക്കും.

തീര ജനസമ്പര്‍ക്കസഭാ പരാതി പരിഹാര അദാലത്തിന് തുടക്കമായി

ജില്ലാ ഭരണകൂടത്തിൻ്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന തീര ജനസമ്പര്‍ക്കസഭാ പരാതി പരിഹാര അദാലത്തിന് തുടക്കമായി. വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദാലത്ത് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളെ ഏറെ ബഹുമാനത്തോടെയാണ് സമൂഹം ഇന്ന് കാണുന്നതെന്ന് മേയർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി മാറുമ്പോൾ ആശ്വാസം തരാൻ എല്ലാവരും കൂടെയുണ്ടാകുമെന്നും മേയർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ പരമാവധി തീർപ്പാക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇൻസ്റ്റലേറ്റർ ബോക്സുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പ്രമോദ് പുതിയകടവിന് കൈമാറി. 40 ഇൻസ്റ്റലേറ്റർ ബോക്സുകളാണ് മത്സ്യത്തൊഴിലാളികൾക്കായി വിതരണം ചെയ്തത്. തീരദേശ സഭയുടെ ലോഗോ രൂപകൽപ്പന ചെയ്ത അശ്വന്തിനുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.

കോർപ്പറേഷൻ വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീല, കൗൺസിലർമാരായ
സി.പി സുലൈമാൻ, മാങ്ങാറിയിൽ മനോഹരൻ, എ.കെ മഹേഷ്, പ്രസീന പണ്ടാരത്തിൽ, ട്രേഡ് യൂണിയൻ നേതാക്കളായ സുന്ദരേശൻ, വി ഉമേശൻ, സുന്ദരൻ പുതിയാപ്പ, സി മധുകുമാർ, റഹീം എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ സ്വാഗതവും തീരജനസഭ നോഡൽ ഓഫീസർ കെ.എ ലബീബ്
നന്ദിയും പറഞ്ഞു.

ബേപ്പൂർ ഫെസ്റ്റ് പ്രചരണം: നാളെ (ഡിസംബർ 10) ലിറ്റററി ട്രയൽ

ഡിസംബർ 24 മുതൽ 28 വരെ ബേപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം ഡിടിപിസി യുടെ ആഭിമുഖ്യത്തിൽ നാളെ (ഡിസംബർ 10 ) ബേപ്പൂരിൽ ലിറ്റററി ട്രയൽ സംഘടിപ്പിക്കുന്നു. ടൂറിസം സാധ്യതകളെ കുറിച്ചുള്ള പ്രോജക്ട് തയ്യാറാക്കുന്നതിനാണ് ലിറ്റററി ട്രയൽ സംഘടിപ്പിക്കുന്നത്.

ഫറോക്ക് കോമൺവെൽത്ത് ഓട്ട് കമ്പനി, ജർമൻ ബംഗ്ലാവ്, ബേപ്പൂർ ഉരു നിർമ്മാണ കേന്ദ്രം, വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്, ജങ്കാർ, പുലിമുട്ട് എന്നിവിടങ്ങളിലാണ് ലിറ്റററി ട്രയൽ നടക്കുന്നത്. ഫറോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ മുപ്പതോളം വിദ്യാർത്ഥികളാണ് ലിറ്റററി ട്രയലിൽ പങ്കെടുക്കുന്നത്. നാളെ ഉച്ചക്ക് 2.30 മുതലാണ് ട്രയൽ.

വൈകിട്ട് 4.30 ന് ഗോതീശ്വരം ബീച്ചിൽ ‘ബേപ്പൂർ ടൂറിസം ഡെവലപ്മെന്റ്’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സബ് കലക്ടർ വി.ചെത്സാസിനി പങ്കെടുക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്‌ ,കെ ഐ ടി ടി എസ് ഡയറക്ടർ എം.ആർ ദിലീപ്, അഡ്വഞ്ചർ വാട്ടർ ടൂറിസം പ്രതിനിധി ഐറിഷ് വത്സമ്മ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടക്കുന്ന സെമിനാറിൽ സംസാരിക്കും. ഡി.ടി.പി.സി ഭാരവാഹികൾ, ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.