കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (29/05/23) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട വിവിധ പഞ്ചായത്തുകളിലായി പുതുതായി നൽകേണ്ട കുടിവെള്ള കണക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. ജില്ലാ കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ജല ശുചിത്വ മിഷൻ യോഗത്തിലാണ് തുക വകയിരുത്തിയത്.
2020 സർവേ പ്രകാരം ജൽ ജീവൻ മിഷൻ പദ്ധതി വഴി 4,28,394 കണക്ഷൻ നൽകാൻ 3,82,177.95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 2020 മാർച്ചിന് ശേഷമുള്ള കണക്ഷനുകൾ നൽകുന്നതിനും റോഡുകളുടെ പുനർനിർമ്മാണത്തിനും ഉയർന്ന മേഖയിൽ സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി ബൂസ്റ്റർ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുമാണ് ഇപ്പോൾ തുക വകയിരുത്തിയത്.
തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിയിൽ അധികമായി വന്ന 9,153.21 ലക്ഷം രൂപ, വിവിധ പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വകയിരുത്തിന്നതിനും തുടർ നടപടികളുമായി മുന്നോട്ടുപോകുന്നതിനും നേരത്തേ അംഗീകാരം നൽകിയിരുന്നു. ഇതേ തുകയിൽ നിന്നും കക്കോടി, കുരുവട്ടൂർ, തുറയൂർ, കാവിലുംപാറ, മരുതോങ്കര എന്നീ പഞ്ചായത്തുകൾക്ക് ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി അധികമായി ആവശ്യമായ 3,058 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീറുമായ എ. അരുൺകുമാർ അജണ്ട അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ ജല ശുചിത്വമിഷൻ മെമ്പർമാരും പദ്ധതി സഹായ ഏജൻസി പ്രതിനിധിയും പങ്കെടുത്തു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കായണ്ണ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു.
കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാട്ടനോട് യു പി സ്കൂൾ, ചെറുകാട് കെ വി എൽ പി സ്കൂൾ, നിർമല യു പി സ്കൂൾ എന്നിവയും മറ്റ് സർക്കാർ സ്ഥാപനങ്ങളും ശുചീകരിച്ചു. കായണ്ണ ഗവ. യു പി സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സി ശരൺ, ഹെഡ്മാസ്റ്റർ ആനന്ദൻ മാസ്റ്റർ, ഇ കെ സുരേഷ്, സത്യൻ ആഴത്തിൽ, ശ്രീജിത്ത് മാസ്റ്റർ, ഷീന എ.സി, വിജി ചെട്ട്യാങ്കണ്ടി, ജിസ്ന എ.സി, ശ്രീധരൻ നായർ എൻ.ടി തുടങ്ങിയവർ നേതൃത്വം നൽകി.
കായണ്ണ ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നതായി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ നാരായണൻ പറഞ്ഞു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരണവും നടക്കുന്നുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി തോടുകളും ജലാശയങ്ങളും നീർച്ചാലുകളും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 31 ന് രാവിലെ 9 മണി മുതൽ വെള്ളിമാടുകുന്ന്, ചേവായൂർ പോലീസ് സ്റ്റേഷനു സമീപത്തുള്ള അമൃത വിദ്യാലയത്തിൽ സ്കൂൾ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു. പരിശീലന പരിപാടിയിൽ എല്ലാ ഡ്രൈവർമാരെയും പങ്കെടുപ്പിക്കുന്നതിന് ജില്ലയിലെ എല്ലാ സ്കൂൾ മേലധികാരികളും ശ്രദ്ധിക്കണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. എല്ലാ സ്കുൾ ഡ്രൈവർമാരും ഡ്രൈവിംഗ് ലൈസൻസും സ്കൂൾ മേലധികാരിയുടെ കത്തും സഹിതം കൃത്യസമയത്ത് ഹാജരാവേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ സ്കൂൾ ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.