അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം; കോഴിക്കോട് ജില്ലാഭരണ കൂടത്തിൽ നിന്നുള്ള ഇന്നത്തെ (04/03/21) അറിയിപ്പുകൾ


കോഴിക്കോട്: കോഴിക്കോട് ജില്ലാഭരണ കൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾവായിക്കാം.

ശില്പശാല സംഘടിപ്പിക്കുന്നു

പത്രപ്രവർത്തനമേഖലയിൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച് കേരള മീഡിയ അക്കാദമി ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 11 ന് രാവിലെ 9.30 മുതൽ കൊച്ചി, കാക്കനാട് മീഡിയ അക്കാദമിയിൽ നടക്കുന്ന ശില്പശാലയിൽ പത്രപ്രവർത്തകർക്കും മീഡിയ അധ്യാപകർക്കുമാണ് അവസരം. മേഖലയിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകൾ എടുക്കുക. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്റ്റർ ചെയ്യുന്നതിന് http://www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകള്‍ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന വാര്‍ഷിക കലാപ്രദര്‍ശനത്തിനും പുരസ്‌ക്കാരങ്ങള്‍ക്കും അപേക്ഷകള്‍ ക്ഷണിച്ചു. പെയ്ന്റിങ്ങ്, ഡ്രോയിങ്, ഗ്രാഫിക് പ്രിന്റ്, ശില്പം, ന്യൂമീഡിയ, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങളില്‍ വരുന്ന കലാസൃഷ്ടികളാണ് സ്വീകരിക്കുക. പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.lalithkala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. അപേക്ഷ മാര്‍ച്ച് 20 നുള്ളിൽ സമർപ്പിക്കണം. പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായവരെ വിവരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്:0487 2333773

അഭിമുഖം നടത്തുന്നു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രികൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ, യു.ജി.സി, കേരള പി എസ് സി നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി മാർച്ച് 10 ന് രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്: http://www.geckkd.ac.in

 

ലഹരിക്കെതിരെ ആസാദ് സേനയുമായി എൻഎസ്എസ്

കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി മുതൽ കോളേജ് തലം വരെയുള്ള എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ആസാദ് സേനയുടെ ശില്പശാല നടത്തി.

സംസ്ഥാനത്തെ സ്കൂൾ, കോളേജ് തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന സെൽ കേരള സാമൂഹിക നീതി വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചേർന്ന് രൂപീകരിക്കുന്ന കർമ്മ സേനയാണ് ആസാദ് സേന. വിദ്യാർത്ഥികളുടെ തന്നെ സേന ഉണ്ടാക്കി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജിൽ നടന്ന പരിശീലന പരിപാടി എം കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ജെഡിടി ഇസ്ലാം എജുക്കേഷൻ ഇൻസ്റ്റ്യൂഷൻ ജോയിൻ സെക്രട്ടറി അബ്ദുൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എൻ.എസ് എസ് റീജിയണൽ ഡയറക്ടർ ഇ. ശ്രീധർ മുഖ്യാതിഥിയായി. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പാനൽ ഡിസ്കഷനിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്രൻ വി, അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് എ, കോഴിക്കോട് ഇംഹാൻസ് ലക്ചർ ഡോ. ജി.രാകേഷ് കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. സുബിൻ സുരേഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. എൻഎസ്എസ് ദേശീയ ട്രെയിനർ ബ്രഹ്മ നായകം മഹാദേവൻ പിള്ള മോഡറേറ്ററായിരുന്നു.

ആസാദ് സേന ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ സി.എ അജാസ്, സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജില്ലാ ഇൻചാർജ് രംഗരാജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇടിഐ കോഡിനേറ്റർ ഡോ.സണ്ണി എൻ എം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി ടി എൽ, ഇസ്ലാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ഹമീദ്, ജെഡിടി പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മാനുവൽ ജോർജ്, എൻഎസ്എസ് ടെക്നിക്കൽ സെൽ ജില്ലാ കോർഡിനേറ്റർ സാദിഖ് എ എം, എൻഎസ്എസിന്റെ വിവിധ സെല്ലുകളിലെ ജില്ലാ കോഡിനേറ്റർമാരായ എസ് ശ്രീജിത്ത്, എം കെ ഫൈസൽ, ഡോ. സുരേഷ് വിഎസ്, ബിന്ദു എ, ഫസീൽ അഹമ്മദ്, പി പി ഭവിൻ, റീന എബ്രഹാം, ഷഫ്നാസ് എൻ വി എന്നിവർ സംസാരിച്ചു.