കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (17/06/23) അറിയിപ്പുകൾ



കോഴിക്കോട്:
ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 0460-2226110, 8301030362.
അപേക്ഷ ക്ഷണിച്ചു

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം പി ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. ഇവയുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ പോത്ത്,ആട് കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്തിൻകുട്ടികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിംഗ് എന്നിവ എം.പി.ഐ. നിർവഹിക്കും. പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.


ക്വട്ടേഷനുകൾ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിന്റെ കിഴിലുള്ള കോഴിക്കോട്‌ തുറമുഖ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ വൈദ്യുതി നിലക്കുന്ന സമയങ്ങളിലും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിന് ഐ.എസ്‌.ഐ. നിലവാരമുള്ള 5 കെ.വി. ഇന്‍വെര്‍ട്ടര്‍ യു.പി.എസ്‌ സിസ്റ്റം വാങ്ങുന്നതിന്‌ വ്യക്തികളില്‍ നിന്നോ/ സ്ഥാപനങ്ങളില്‍ നിന്നോ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ പോര്‍ട്ട്‌ ഓഫീസര്‍ കോഴിക്കോട് എന്ന വിലാസത്തില്‍ ജൂൺ 30ന്‌ ഒരു മണിക്ക്‌ മുമ്പായി സമർപ്പിക്കണം. ക്വട്ടേഷന്റെ പുറം കവറില്‍ “ക്വട്ടേഷന്‍ നമ്പര്‍ നം. സി 1-3924/19 ബേപ്പൂര്‍ തുറമുഖ ഓഫിസിലേക്ക്‌ ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍” എന്ന്‌ രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം രണ്ട് മണിക്ക്‌ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2414863, 0495 2418610

വിവേചന രഹിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിവേചന രഹിതമായ വികസനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യ പൂർത്തീകരണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സിന്റെയും വാർഡ് തല അദാലത്തിന്റെയും ഉദ്ഘാടനം ആഴ്ചവട്ടം ഗവ. എച്ച്‌ എസ് എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പരാതികൾക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ ലക്ഷ്യം. ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കാനാണ് നിയോജക മണ്ഡലം എം എൽ എ എന്ന നിലയിൽ ഇത്തരത്തിലുള്ള ഒരു ജനകീയ സദസ്സിന് അവസരമൊരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാടിന്റെയും നാട്ടുകാരുടേയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. സാധാരണക്കാരുടേയും അടിസ്ഥാന ജനവിഭാഗത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തുക എന്നതാണ് ഒരു ജനകീയ ഭരണകൂടത്തിന്റെ മുഖമുദ്ര. ഈ നാട് ഒറ്റക്കെട്ടായി കൂടെ നിന്നത് കൊണ്ടാണ് അത്തരത്തിൽ ഒരു വികസന മുന്നേറ്റം കാഴ്ചവെക്കാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

വലിയങ്ങാടി, പാളയം, ചാലപ്പുറം, ആഴ്ചവട്ടം, മാങ്കാവ്, കിണാശ്ശേരി, പൊക്കുന്ന്, പുതിയറ, കുതിരവട്ടം വാർഡുകളിൽ നിന്നായി 76 പരാതികളാണ് നേരത്തെ മന്ത്രിക്ക് മുൻപിലെത്തിയത്. 89 പുതിയ പരാതികളും ലഭിച്ചു.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി കെ നാസർ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, കൗൺസിലർമാർ, ജനപ്രതിനിധികൾ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സിന്റെയും വാർഡ് തല അദാലത്തിന്റെയും മൂന്നാം ഘട്ടം നാളെ (ജൂൺ 18) പയ്യാനക്കൽ ജി.വി എച്ച് എസ് എസ്സിൽ നടക്കും.

കുഞ്ഞെഴുത്തിന്റെ മധുരം : കയ്യെഴുത്ത് മാസിക പ്രദർശനവും അറേബ്യൻ വേൾഡ് റെക്കോർഡ് വിതരണവും നടന്നു
കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കുഞ്ഞെഴുത്തിന്റെ മധുരം പദ്ധതി കയ്യെഴുത്ത് മാസിക പ്രദർശനവും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോളിനുള്ള അറേബ്യൻ വേൾഡ് റെക്കോർഡ് വിതരണവും പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവൻ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഉപജില്ലയിലെ 41 ഓളം വരുന്ന വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും ലക്ഷ്യമിട്ടാണ് കുഞ്ഞെഴുത്തിന്റെ മധുരം പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെ കൈയ്യെഴുത്ത് പ്രോൽസാഹിപ്പിക്കുക, മറ്റ് സർഗ്ഗാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുക, കുട്ടികളുടെ രചനാപരമായ കഴിവുകളും സർഗ്ഗാത്മകതയും തിരിച്ചറിഞ്ഞ് ദിശാബോധം നൽകുക, കുട്ടികൾക്ക് പ്രാവിണ്യമുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങളൊരുക്കുക, കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക എന്നിവയാണ് കുഞ്ഞെഴുത്തിന്റെ മധുരം പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന്റെ വിപുലീകരണത്തിനും നേതൃത്വത്തിനും ഏകോപനത്തിനുമാണ് കെ.ജെ പോൾ അറേബ്യൻ വേൾഡ് റിക്കാർഡിന് അർഹനായത്.
കുഞ്ഞെഴുത്തിന്റെ മധുരത്തിന്റെ ഓർമ്മയുമായി ബന്ധപ്പെട്ട പുസ്തക പ്രകാശനം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുൾ നാസറും പ്രതിഭകൾക്കുള്ള അനുമോദനം സാഹിത്യകാരി ആര്യാ ഗോപിയും നിർവഹിച്ചു. എച്ച് എം ഫോറം സെക്രട്ടറി സി.കെ വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒളിക്കൽ ഗഫൂർ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത കെ, മാവൂർ ബി പി സി ജോസഫ് തോമസ്, എച്ച് എം ഫോറം പ്രസിഡന്റ് റോഷ്മ ജി.എസ്, ഇന്റർനാഷണൽ അവാർഡ് വിന്നർ ദേവസ്യ ദേവഗിരി, ചാത്തമംഗലം വൈസ് പ്രസിഡന്റ് സുഷ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ചിത്രകാരൻ സിഗ്നി ദേവരാജ് എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സ്വാഗതവും എച്ച് എം ഫോറം ട്രഷറർ യൂസഫ് സിദ്ധീഖ് എം നന്ദിയും പറഞ്ഞു.
ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വഴി സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുത ഉല്പാദനം വർദ്ധിക്കും – മന്ത്രി കെ. കൃഷ്ണൻകുട്ടി
ജലാശയങ്ങളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വഴി ആഭ്യന്തര വൈദ്യുത ഉല്പാദനം വർദ്ധിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബേപ്പൂർ നിയോജക മണ്ഡലത്തിലെ നല്ലളം ഡീസൽ പവർപ്ലാന്റിൽ പ്രധാൻ മന്ത്രി കിസാൻ ഊർജ്ജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ( പി എം കുസും )പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച 200kwp സൗരോർജ വൈദ്യുത നിലയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുത ഉൽപാദനത്തിൽ വരുന്ന വർദ്ധനവ് സംസ്ഥാനത്തിന്റെ വൈദ്യുത വാങ്ങൽ ചെലവിൽ ഗണ്യമായ കുറവ് വരുത്തും. കൂടാതെ മാസം തോറുമുള്ള ഇന്ധന സർചാർജിൽ നിന്ന് രക്ഷനേടുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു. സൗരോർജ വൈദ്യുതി നിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
നല്ലളം ഡീസൽ പവർപ്ലാന്റ് വളപ്പിൽ 600 സോളാർ പാനലുകൾ ഉപയോഗിച്ച് 200 kWp സ്ഥാപിതശേഷിയുള്ള സൗരോർജ്ജ പദ്ധതിയാണ് പൂർത്തീകരിച്ചിരിക്കുന്നത്. വൈദ്യുത നിലയങ്ങൾ വികേന്ദ്രീകൃതമായ രീതിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതിയുടെ ലഭ്യത പകൽ സമയത്തു ഉറപ്പാക്കുവാൻ സാധിക്കുന്നു. ഇത് കൂടാതെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ആഭ്യന്തര ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുക. പ്രസരണ നഷ്ടം കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ പദ്ധതിയ്ക്ക് കീഴിൽ 14 ഇടങ്ങളിലായി 11 വാട്ട് ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് കെഎസ്ഇബി നടപടികൾ സ്വീകരിച്ചത്.
ഇലക്ട്രിക്കൽ ഡയറക്ടർ ഇൻ ചാർജ് ബാബു പി. കെ. റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ ടി.കെ ഷമീന, സ്വതന്ത്ര ഡയറക്ടർ അഡ്വ. മുരുകദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്. ഇ.ബി ചെയർമാൻ ഡോ. രാജൻ എൻ. ഖോബ്രഗഡെ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഷിബു. ടി. ആർ നന്ദിയും പറഞ്ഞു.
വില വര്‍ദ്ധനവ് തടയാന്‍ പരിശോധനയുമായി പൊതുവിതരണ വകുപ്പ്
അവശ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വില വര്‍ദ്ധനവ് തടയാന്‍ പരിശോധനയുമായി പൊതുവിതരണ വകുപ്പ്. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവയുള്‍പ്പെടെ തടയുന്നതിനായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. ലീഗല്‍ മെട്രോളജി, പൊതുവിതരണ ഉപഭോക്തൃകാര്യം, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട് വലിയങ്ങാടിയിലെ പൊതുവിപണിയിലും, നടക്കാവ് ഇംഗ്ലീഷ്പള്ളി പ്രദേശത്തെ ചിക്കന്‍/ഫിഷ് സ്റ്റാളുകളിലും പരിശോധന നടത്തി.
ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ശുപാര്‍ശ ചെയ്തു. വില്പനവില പ്രദര്‍ശിപ്പിക്കാത്തതിനും, അമിത വില ഈടാക്കുന്നതിനും വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും.
താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍. സി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ നിഷ. വി. ജി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ജംഷീദ്. കെ. പി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്റ്റിംഗ് അസിസ്റ്റന്റ് പ്രശാന്ത്കുമാര്‍ വി. ടി, ജീവനക്കാരായ സതീഷ്. കെ, ഷാജി. ഇ. പി എന്നിവര്‍ പങ്കെടുത്തു.
മലബാർ റിവർ ഫെസ്റ്റിവൽ : അവലോകന യോഗം ചേർന്നു
തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആഗസ്റ്റ് 4,5,6 തിയ്യതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും കൂടിയാലോചനായോഗം ചേർന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. കയാക്കിങ് മത്സരത്തിന്റെ പ്രധാന ഇവന്റുകൾ തീരുമാനിച്ചു. നാഷണൽ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ഒളിമ്പിക്സിലേക്കുള്ള ട്രയൽസും മലബാർ ഫെസ്റ്റിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ചു. പ്രീ ഇവന്റുകളായി 100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട്, കൽപ്പറ്റ ,അരീക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള സൈക്കിൾ റാലിക്ക് ജൂലൈ 29ന് പുലിക്കയത്ത് സ്വീകരണം നൽകും. ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ മത്സരവും കക്കാടംപൊയിലിൽ ഓഫ് റോഡ് വാഹന റാലിയും കോടഞ്ചേരിയിൽ ഓഫ് റോഡ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. റെസ്പോൺസിബിൾ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും, സ്ത്രീകൾക്കായി മഴ നടത്തവും സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്നാ അശോകൻ, ടൂറിസം ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ഡി ഗിരീഷ് കുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡോ ഷൈൻ കെ എസ് , ഡി ടി പി സി സെക്രട്ടറി നിഖിൽദാസ് ,പഞ്ചായത്ത് മെമ്പർമാർ , സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കിണാശ്ശേരി ഹൈസ്കൂളും പരിസരവും ഇനി പ്രകാശപൂരിതമാകും
എട്ടു വർഷം മുമ്പ് തകരാറിലായ കിണാശ്ശേരിയിലെ ഹൈമാസ് ലൈറ്റ് വീണ്ടും പ്രകാശപൂരിതമാകുന്നു. ആഴ്ച്ചവട്ടം എച്ച്‌ എസ് എസിൽ നടന്ന വാർഡ് തല അദാലത്തിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ലൈറ്റ് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയത്.
സോളാറിൽ പ്രവർത്തിച്ചിരുന്ന ലൈറ്റ് വൈദ്യുതിയിലേക്ക് മാറ്റിയാണ് വീണ്ടും പ്രവർത്തിക്കുക. ഒരു മാസത്തിനുള്ളിൽ തകരാറുകൾ പരിഹരിക്കും. ഇത് സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.
കിണാശ്ശേരി പള്ളിയറക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി കമ്മിറ്റിയാണ് കിണാശ്ശേരി ഹൈസ്കൂളും പരിസരവും ഉൾപ്പെടുന്ന ക്ഷേത്ര കോമ്പൗണ്ടിലെ റോഡരികിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വർഷങ്ങളായി തകരാറിലായി കിടക്കുന്ന പരാതിയുമായി അദാലത്തിലെത്തിയത്.
പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായിരുന്ന ഈ ലൈറ്റ് തകരാറിലായ ശേഷം കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും നിരവധി തവണ പരാതികളും നിവേദനങ്ങളും സമർപ്പിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്മിറ്റി ഭാരവാഹികൾ അദാലത്തിൽ എത്തിയത്. മന്ത്രി പരിഹരിക്കുമെന്ന ഉറപ്പ് നൽകിയതോടെ വർഷങ്ങളായി കാത്തുകിടക്കുന്ന പരാതിക്കാണ് പരിഹാരമായത്.
സുന്ദരന്‍ ഇനി വാടക വീട്ടില്‍ കഴിയേണ്ട ; അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കും
വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്നതിന്റെ പരിഭവം മന്ത്രിയെ നേരില്‍ കണ്ട് ബോധിപ്പിക്കാനായിരുന്നു 34-ാം വാര്‍ഡിലെ മേടോല്‍ പറമ്പില്‍ താമസിച്ചിരുന്ന ബി.ടി സുന്ദരന്‍ ആഴ്ച്ചവട്ടം സ്‌കൂളില്‍ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലം അദാലത്തിനെത്തിയത്. ഒരുപാട് പ്രാരാബ്ധങ്ങളുമായി കഴിയുന്ന സുന്ദരന് നിലവില്‍ രോഗിയായതിനാല്‍ വീട്ടുവാടക അടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനാല്‍ സ്വന്തമായി ഒരു വീട് വെക്കണമെന്നാണ് സുന്ദരന്റെ ആവശ്യം. ഈയൊരു ആഗ്രഹവുമായിട്ടായിരുന്നു സുന്ദരന്‍ അദാലത്തിനെത്തിയത്. സുന്ദരന്റെ ആവശ്യം പരിശോധിച്ച തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കോര്‍പ്പറേഷന്റെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി്.
പത്ത് വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചിരുന്ന സുന്ദരന് നിലവില്‍ അപകടത്തിൽ പെട്ട് കാലിന്റെ ചിരട്ട പൊട്ടി മുട്ടിന് കമ്പിയിട്ടതിനാല്‍ ജോലിക്ക് പോകാന്‍ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. വരുമാനമൊന്നുമില്ലാത്തതിനാല്‍ വീട്ടുവാടക കൊടുക്കാനും സാധിക്കുന്നില്ല. വാടക കൊടുക്കാന്‍ സാധിക്കാതിരുന്നതോടെ ഉടമ വീട് ഒഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഏറെ പ്രയാസത്തിലായിരുന്നു സുന്ദരന്‍. ഭാര്യ മരിച്ചുപ്പോയ സുന്ദരന് രണ്ട് പെണ്‍മക്കള്‍ മാത്രമാണുള്ളത്. വരുമാനത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്വന്തമായി ഒരു വീടെങ്കിലും കിട്ടിയാല്‍ ആശ്വാസമാകും എന്നതിനാലാണ് അപേക്ഷയുമായി അദാലത്തിനെത്തിയത്. കോര്‍പ്പറേഷനിലെ ഉമ്മളത്തൂര്‍ പ്രദേശത്ത് സുന്ദരന് പട്ടിക വിഭാഗത്തിനായി അനുവദിച്ച് കിട്ടിയ മൂന്ന് സെന്റ് സ്ഥലമുണ്ട്. മന്ത്രി വീട് നിര്‍മ്മിക്കാനുള്ള അപേക്ഷ പരിഗണിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതോടെ ഏറെ സന്തോഷത്തോടെയാണ് സുന്ദരന്‍ അദാലത്തിന്റെ വേദി വിട്ടത്.
ബിപിഎൽ കാർഡ് ലഭിക്കും; മനം നിറഞ്ഞ് ചന്ദ്രനും കുടുംബവും
ബി.പി.എൽ റേഷൻ കാർഡ് ലഭിക്കുമെന്ന സന്തോഷത്തിലാണ് പേരാച്ചിക്കുന്ന് ചന്ദ്രൻ. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ വാർഡ് തല അദാലത്തിലാണ് ചന്ദ്രന് ബി.പി.എൽ കാർഡ് നൽകാൻ നിർദേശമായത്.
കാർഡ് എ.പി.എൽ ആയതോടെ യാതൊരുവിധ ആനുകൂല്യങ്ങളോ ചികിത്സ സഹായമോ ലഭ്യമല്ലായിരുന്നു. ബിപിഎൽ കാർഡിനായി ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഒരു ആശ്രയമെന്ന നിലയിലാണ്‌ അദാലത്തിൽ പങ്കെടുത്തത്‌. പരാതി അനുഭാവപൂര്‍വം കേട്ട മന്ത്രി രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
അദാലത്ത് വേദിയിൽ നിന്നു തന്നെ ബി.പി. എൽ കാർഡ് ലഭിക്കുമെന്ന ഉറപ്പ് കിട്ടിയതോടെ നിറപുഞ്ചിരിയോടെയാണ് ചന്ദ്രനും ഭാര്യ ഭുവനേശ്വരിയും മടങ്ങിയത്.
കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു.
കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന മേളയുടെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം എൽ എ തൊഴിൽ മേള സന്ദശിച്ചു.
1521 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. 24 കമ്പനികൾ ആയിരത്തിലധികം ഒഴിവുകൾ മേളയിൽ റിപ്പോർട്ട് ചെയ്തു. 206 പേർക്ക് തത്സമയ നിയമനം ലഭിച്ചു. 721 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി.
സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി മിഷന്‍ മോഡ് പ്രൊജക്ട് ഫോര്‍ ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതി പ്രകാരമാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ,
ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ എം.ആർ.രവികുമാർ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ പി.രാജീവൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം: സംയോജിത പ്രവർത്തനങ്ങൾക്ക് ധാരണയായി
ജില്ലയിലെ യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തും. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
പ്രവർത്തനങ്ങൾക്കായി ജില്ലാ തലത്തിലും ബ്ലോക്ക് തലങ്ങളിലും പ്രത്യേക ടീമുകൾ രൂപീകരിക്കുകയും ഇവർക്ക് പരിശീലനം നൽകുകയും ചെയ്യും. വിവിധ വകുപ്പുകളുടെ സഹായത്തോടെ സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ രാജാ റാം കെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനാ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന്
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് രാവിലെ 10 മണിക്ക് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ അധ്യക്ഷനാകും. വിദ്യാഭ്യാസ പ്രവർത്തകൻ കെ ടി രാധാകൃഷ്ണൻ വായനാദിന സന്ദേശം നൽകും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്‌ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവർ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ എ ഗീത എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ നന്ദിയും പറയും.