ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (14/02/23) അറിയിപ്പുകൾ



കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഈ മാസം 18 മുതൽ

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം കേരള സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ് ഫെബ്രുവരി 18, 19, 20 തീയതികളിലായി കോഴിക്കോട് നടക്കും. ജൈവ വൈവിധ്യ പ്രദർശനത്തോടെ 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന പരിപാടി ഫെബ്രുവരി 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രദർശനത്തിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ജൈവവവിധ്യവുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക പ്രവർത്തകർ, കർഷകർ, കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് ജൈവവൈവിധ്യ അവാർഡുകളുടെ വിതരണം, കേരളത്തിലെ ജൈവവൈവിധ്യ പരിപാലന സംഘങ്ങളുടെ സംഗമം, കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ് തുടങ്ങിയവയും 20 ന് സംരക്ഷക കർഷകരുടെ സംഗമം, ജൈവവൈവിധ്യ സാങ്കേതിക സഹായ സംഘങ്ങളുടെ മേഖലാ സമ്മേളനം (തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ) എന്നിവയും നടക്കും. സ്ത്രീശാക്തീകരണം- ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.

പ്രദർശനത്തിൽ ദേശീയ തലത്തിലുള്ള വിവിധ വകുപ്പുകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, സഹകരണ സംഘങ്ങൾ തുടങ്ങി ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ പ്രതിനിധികൾ ഒരുക്കുന്ന നൂറ്റിയിരുപത്തിയഞ്ചിൽ പരം സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. സംരക്ഷക കർഷകരുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടായിരിക്കുന്നതാണ്. നാടൻ ഭക്ഷണശാല, വിവിധതരം തനത് വിത്തിനങ്ങളും, ഉല്പന്നങ്ങളും തുടങ്ങിയവയും സ്റ്റാളുകളിൽ ഒരുക്കുന്നുണ്ട്..

. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികൾ, ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങി ഏകദേശം മൂവായിരത്തിലധികം പേർ കോൺഗ്രസിൽ പങ്കാളികളാകും. പ്രവേശനം സൗജന്യമായിരിക്കും.

ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കായി ഒരു പൊതുവായ വേദി തുടങ്ങിയവയാണ് ജൈവവൈവിധ്യ കോൺഗ്രസ്സിലൂടെ ലക്ഷ്യമാക്കുന്നത്. ‘ജൈവവൈവിധ്യവും ഉപജീവനവും’ എന്നതാണ് ഇക്കൊല്ലത്തെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ മുഖ്യ പ്രതിപാദ്യ വിഷയം.

തീറ്റപ്പുൽ കൃഷി പരിശീലനം 25 ന്

സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ ഫെബ്രുവരി 25 ന് മലമ്പുഴയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ പരിശീലന പരിപാടി നടത്തുന്നു. രാവിലെ പത്ത് മണി മുതല്‍ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ
9188522713, 0491-2815454 എന്നീ നമ്പറുകളിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

ടെണ്ടറുകൾ ക്ഷണിച്ചു

കുറ്റ്യാടി പുഴയില്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥയിലുള്ള “സമഗ്ര മത്സ്യ സംരക്ഷണം പദ്ധതി 2022-23” പദ്ധതി നിര്‍വ്വഹണത്തിനായി എഫ് ആര്‍പി ബോട്ട് അനുബന്ധ ഉപകരണങ്ങളോടു കൂടി അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികൾ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു.
അടങ്കല്‍ തുക 5,00,000 രൂപ, അപേക്ഷ ഫോറം -1000+ജിഎസ്ടി രൂപ, നിരതദ്രവ്യം -5000 രൂപ,ടെണ്ടര്‍ ഫോറം ലഭിക്കുന്ന തീയതി ഫെബ്രുവരി 14 ന് രാവിലെ 10 മണി മുതല്‍ ഫെബ്രുവരി 28 വരെ.

ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ന് രണ്ട് മണി. ടെണ്ടര്‍ തുറക്കുന്ന തീയതി. ഫെബ്രുവരി 28, ന് വൈകുന്നേരം മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780

പെൻഷൻ : നേവി വിമുക്ത ഭടൻമാർക്കായി കൂടിക്കാഴ്ച്ച 24 ന്

പെന്‍ഷന്‍, മറ്റ് പരാതികൾ എന്നിവ സംബന്ധിച്ച് നേവി അധികാരികളെ അറിയിക്കുന്നതിനായി നേവി വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി ദക്ഷിണ മേഖല നേവല്‍ കമാന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 24 ന് രാവിലെ 11.30 മണി മുതല്‍ 12.30 മണി വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസ് പരിസരത്ത് കൂടിക്കാഴ്ച നടത്തുന്നു. കോഴിക്കോട് ജില്ലയിലെ നേവി വിമുക്ത ഭടന്മാരും വിധവകളും, അവരുടെ ആശ്രിതരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ജലവിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന പൈപ്പുലൈനിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ 16/02/2023(വ്യാഴം), 17/02/2023(വെള്ളി), തിയ്യതികളിൽ ചെറുവണ്ണൂർ, ബേപ്പൂർ, കടലുണ്ടി എന്നിവിടങ്ങളിൽ ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്നും മാന്യ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേരള ജല അതോറിറ്റി കോഴിക്കോട് പെരുവണ്ണാമൂഴി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ബേപ്പൂർ തസറയുടെ സാധ്യതകൾ പഠിച്ചു പദ്ധതി തയാറാക്കും– മന്ത്രി

ടെക്സ്റ്റൈൽ നെയ്ത്തുവിദ്യയുടെ കേന്ദ്രമായ ബേപ്പൂർ നടുവട്ടം ” തസറ”യുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെയ്ത്തു
കേന്ദ്രത്തിൻ്റെ സാധ്യതകൾ ഏതു രീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്ന് വിശദമായി പഠിച്ച ശേഷം സർക്കാർ അനുകൂലമായ രീതിയിൽ ഇടപെടുമെന്നും
തസറ സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു.

ബേപ്പൂരിൽ എല്ലാ വർഷവും നടക്കുന്ന “സൂത്ര”നെയ്ത്തു ശില്പശാലയെപ്പറ്റി അറിയുന്നതിനായി എത്തിയതായിരുന്നു മന്ത്രി. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവർ ബേപ്പൂരിലെത്തി ഇതിൽ പങ്കെടുക്കാറുണ്ട്. തസറയുടെ മുഖ്യ നടത്തിപ്പുകാരനും പ്രശസ്ത നെയ്ത്തു കലാകാരനുമായ വി വാസുദേവനുമായും യുകെയിൽ നിന്നും സൂത്ര ശില്പശാലക്കെത്തിയ പ്രതിനിധികളുമായും മന്ത്രി ദീർഘനേരം ആശയവിനിമയം നടത്തി.

വിശദ പദ്ധതി തയാറാക്കുന്നതിനായി ടൂറിസം , ഡിടിപിസി , ഉത്തരവാദിത്ത ടൂറിസം എന്നീ വിഭാഗങ്ങളുടെ മേധാവികളെ ചുമതലപ്പെടുത്തി. ഇവർ ഒരു മാസത്തിനകം മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമാകും സർക്കാർ അനുയോജ്യമായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുക.

കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി , കൗൺസിലർ കെ രാജീവ്, ടൂറിസം ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ , ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ , ഡിടിപിസി സെക്രട്ടറി നിഖിൽ ടി. ദാസ് , ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.