പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(05/12/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭവന രഹിതർ, ഭൂരഹിത ഭവന രഹിതർ, ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി പട്ടിക വർഗ്ഗ ഗുണഭോക്താക്കൾ എന്നിവരുടെ സംഗമമാണ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഡിസംബറിൽ തന്നെ ഒന്നാം ഗഡു തുക അനുവദിക്കുന്നതാണെന്നും മുഴുവൻ ഗുണഭോക്താക്കളും സമയബന്ധിതമായി വീടു പണി പൂർത്തീകരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള സഹായവും അർഹരായ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.

വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വി.ഇ.ഒ. ശശി പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി, പഞ്ചായത്തംഗങ്ങളായ ഇസ്മയിൽ രാരോത്ത്, കെ.വി. മൊയ്തി , ലാലി രാജു , കെ.കെ. ഷിജി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുക്ക്മാൻ തുടങ്ങിയവർ പങ്കെടുത്തു.

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ നരക്കോട് സെന്ററില്‍ നിന്നും ചെറുശ്ശേരി അമ്പലം റോഡ് വഴി കല്ലങ്കിതാഴെ പ്രവേശിക്കുന്ന രീതിയില്‍ തിരിഞ്ഞു പോകേണ്ടതാണ്.

അറിയിപ്പുകൾ

അപേക്ഷ സമര്‍പ്പിക്കണം

ജില്ലയില്‍ 01.01.1977 ന് മുന്‍പ് പട്ടികവര്‍ഗ്ഗവിഭാഗക്കാരുടെ കൈവശത്തിലുണ്ടായിരുന്ന വനഭൂമി പ്രസ്തുത കൈവശക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിലേക്കായും ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചു നല്‍കുന്നതിലേക്കായും ഉളള അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഡിസംബര്‍ 10 ന് മുന്‍പായി അപേക്ഷ അതാത് താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

അപേക്ഷ ക്ഷണിച്ചു

വടകര താലൂക്ക് കുന്നുമ്മല്‍ വില്ലേജിലെ കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.(www.malabardevaswom.kerala.gov.in) കൂടുതൽ വിവരങ്ങൾക്ക്: 0490 -2321818

അഭിമുഖം നടത്തുന്നു

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഉത്തര മേഖലയില്‍പെടുന്ന ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്‌പെന്‍സറികളിൽ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നിയമനവുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ഡിസംബര്‍ 6 ന് രാവിലെ 11 മണി മുതല്‍ 1 മണി വരെ
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. (സായ് ബില്‍ഡിംഗ്, എരഞ്ഞിക്കല്‍ ഭഗവതി ടെബിള്‍ റോഡ്, മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം) കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2322339

സിറ്റിംഗ് നടത്തുന്നു

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ഡിസംബര്‍ 7ന് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തുന്നു.സിറ്റിംഗ് രാവിലെ 11 മണിക്ക് ആരംഭിക്കും. പരാതികള്‍ പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് സമര്‍പ്പിക്കാം.

താല്‍പര്യപത്രം ക്ഷണിക്കുന്നു

ജില്ലാ പഞ്ചായത്തിന്റെ 2022- 23 വര്‍ഷത്തെ ജാഗ്രതാ സമിതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ഗ്രാമ പഞ്ചായത്തുകളിലേക്കായി ജാഗ്രതാ സമിതി കണ്‍വീനര്‍മാരായ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ റൂമിലേയ്ക്ക് ഒന്നു വീതം മേശയും കസേരയും വിതരണം ചെയ്യുന്നതിനും ജാഗ്രതാ സമിതി നെയിം ബോര്‍ഡ് 71 എണ്ണം തയ്യാറാക്കുന്നതിനും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു. ഡിസംബര്‍ 16ന് വൈകീട്ട് 5 മണിക്കകം താല്‍പര്യപത്രം ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വിവരങ്ങള്‍ക്ക് :04952370750

ലോക മണ്ണ് ദിനം; ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

ലോക മണ്ണ് ദിനത്തിൽ മണ്ണ് പര്യവേക്ഷണ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. സിനിമാ പ്രവർത്തകൻ തേജസ് പെരുമണ്ണ മുഖാതിഥിയായി.

പഞ്ചായത്തിലെ 50 കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് നിർവ്വഹിച്ചു. കർഷകർക്കായി ‘മണ്ണു സംരക്ഷണ മാർഗങ്ങൾ’ എന്ന വിഷയത്തിൽ മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത്, ‘മണ്ണ് സാമ്പിൾ ശേഖരണവും വിളകളിലെ പോഷക അപര്യാപ്തത ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ മേഖലാ മണ്ണ് പരിശോധനാ കേന്ദ്രം റിസർച്ച് അസിസ്റ്റന്റ് ധന്യ ബാലഗോപാൽ എന്നിവർ സംസാരിച്ചു.

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് സൗജന്യ മണ്ണ് പരിശോധനയ്ക്കായി സാമ്പിളുകൾ സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് സ്‌ഥിരം സമിതി അധ്യക്ഷൻ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. പി മാധവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, പഞ്ചായത്ത് മെമ്പർ അനിത പുനത്തിൽ, കൃഷി ഓഫീസർ ശ്രീജ, സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എം മനോജ്, സോയിൽ സർവ്വേ ഓഫിസർ അഞ്ജലി കൃഷ്ണ, സീനിയർ കെമിസ്റ്റ് എം. രവി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ആശാ വർക്കർമാർക്ക് പരിശീലനം നൽകി

കുറ്റ്യാടി ഗ്രാമപഞ്ചായത്തും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി ചേർന്ന് ജീവൽസ്പർശം പദ്ധതി മുഖേന ആശാ വർക്കർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയിൽ 78 പേർ പങ്കെടുത്തു. എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പഞ്ചായത്ത്‌ പാലിയേറ്റീവ് സമിതിയുടെ സമഗ്ര ആരോഗ്യ സ്വാന്തന പദ്ധതിയാണ് ജീവൽസ്പർശം.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ ക്ലാസ്സെടുത്തു. പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

സായുധ സേനാ പതാകദിനം: പരിപാടികൾക്ക് ഡിസംബർ 7 ന് തുടക്കമാകും
സായുധ സേനാ പതാകദിനത്തിൻ്റെ ഭാഗമായി സൈനിക ക്ഷേമ വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഡിസംബർ 7 ന് തുടക്കമാകും. ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രാവിലെ 9.30 ന് നടക്കുന്ന സായുധസേനാ പതാക വിൽപനയുടെ ജില്ലാതല ഉദ്ഘാടനം മേയർ ഡോ: ബീന ഫിലിപ്പ് നിർവ്വഹിക്കും. ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ തേജ് രോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് വിമുക്തഭടന്മാർക്കായി ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കും.
വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകാനാണ് പതാകദിനത്തിൽ ഫണ്ട് ശേഖരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായുധസേനാപതാക വിതരണം നടത്തുന്നത്. കാർഫ്ലാഗുകളുടെയും ടോക്കൺ ഫ്ലാഗുകളുടെയും വിൽപ്പനയിലൂടെയാണ് തുക കണ്ടെത്തുക. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് മുഴുവനാളുകളും സഹകരിക്കണമെന്ന് ജില്ലാ സൈനിക വെൽഫെയർ ഓഫീസർ അഭ്യർത്ഥിച്ചു.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്: സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 8,9 തിയ്യതികളില്‍
30-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കും. ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനം ഡിസംബര്‍ എട്ടിന് രാവിലെ 10 മണിക്ക് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊ.എം.കെ ജയരാജ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാദ്ധ്യാക്ഷനും സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ:കെ പി സുധീര്‍ അധ്യക്ഷത വഹിക്കും.
ജില്ലാതല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 പ്രൊജക്ടുകളാണ് സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന 16 പ്രൊജക്ടുകള്‍ 2023 ജനുവരി 27 മുതല്‍ 31 വരെ അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടും. 10 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളില്‍ ശാസ്‌ത്രോബോധം വളര്‍ത്തുന്നതിനും നിത്യജീവിതത്തില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ബാലശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്ന് മണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രൊജക്ടുകള്‍ക്കുളള സമ്മാനദാനവും അദ്ദേഹം വിതരണം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
എല്‍. ബി. എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് കോഴ്‌സിനുള്ള ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഒന്നാം ക്ലാസ്സ് എം.കോം അല്ലെങ്കില്‍ ബി. കോം. ബിരുദവും ടാലി പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷകര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 272-2720250.
അഡ്മിഷന്‍ ആരംഭിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ അംബേദ്കര്‍ ബില്‍ഡിങ്ങില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2301772, 9847925335.
വെബ്ബിനാർ സംഘടിപ്പിക്കുന്നു
കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐ ഇ ഡി ),വ്യവസായ വാണിജ്യ വകുപ്പ്, ‘അഗ്രിപ്രണർഷിപ്പ് ‘ വിഷയത്തെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 07 ന് രാവിലെ 10.30 മണി മുതൽ 12.00 വരെയാണ് വെബ്ബിനാർ. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2550322/7012376994
ജില്ലാ കേരളോത്സവം : സെലിബ്രിറ്റി ഫുട്ബോൾ മാച്ച് നാളെ (ഡിസംബർ 6)
ഡിസംബർ 7 മുതൽ 12 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിൻ്റെ പ്രചരണാർത്ഥം ഡിസംബർ 6 ന് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സെലിബ്രിറ്റി ഫുട്ബോൾ സംഘടിപ്പിക്കുന്നു. വൈകുന്നേരം 4 മണിക്ക് കാരപ്പറമ്പ് ഫുട്ബോൾ ടർഫിലാണ് മത്സരങ്ങൾ.
ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ, ജില്ലാ കലക്ടർ, സിറ്റി ഡപ്യൂട്ടിപോലീസ് കമ്മീഷണർ, ജില്ലാ വികസന കമ്മീഷണർ എം. എസ്‌ മാധവിക്കുട്ടി, മുൻ എം എൽ എ . എ പ്രദീപ് കുമാർ ,പ്രശസ്ത ഫുട്ബോളർ പ്രേംനാഥ് ഫിലിപ്പ്, എഴുത്തുകാരൻ വി.ആർ. സുധീഷ്, നടൻ ദേവരാജ് ദേവ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ , പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ഫിറോസ് ഖാൻ , ട്രാൻസ് ജൻ്റർ ആക്ടിവിസ്റ്റ് അനാമിക ലിയോ, ജീവതാളം അബാസിഡർ വൈശാഖ് തുടങ്ങിയവർ പന്തുതട്ടി ഉദ്ഘാടനം നിർവ്വഹിക്കും.
സൗഹൃദ മത്സരത്തിൽ ജനപ്രതിനിധികളുടെ ടീമും ജീവനക്കാരുടെ ടീമും യുവജന സംഘടനാ പ്രതിനിധികളുടെ ടീമും മാധ്യമപ്രവർത്തകരുടെ ടീമും തമ്മിലാണ് മത്സരം.
ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് ജനപ്രതിനിധികളുടെ ടീമിൽ ഉണ്ടാവുക. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജീവനക്കാരുടെ ടീമിൽ അംഗങ്ങളായി മത്സരിക്കും. യുവജന സംഘടനകളുടെ ജില്ലാ നേതാക്കളാണ് യുവജന സംഘടന ടീമിൽ മത്സരിക്കുക. കോഴിക്കോട് വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർ അടങ്ങുന്നതാണ് മാധ്യമപ്രവർത്തകരുടെ ടീം.
ഗോവർദ്ധിനി പദ്ധതി : കാലിതീറ്റ വിതരണം ചെയ്തു
കേരളമൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ഗോവർദ്ധിനി പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധി പി.പി.രാജൻ, ഡോ. പ്രമോദ്, ഡോ.സുനിൽകുമാർ , അബ്ദുൾ സലാം, കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു.