ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (30/08/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ എന്തെല്ലാമെന്ന് അറിയാം

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള വടകര അര്‍ബന്‍ ഐ.സി.ഡിഎസ് പ്രൊജക്ടിലേക്ക് 2022 സെപ്തംബര്‍ മുതലുളള ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍/ജീപ്പ് തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും റീ ടെണ്ടറുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടുമണി വരെ ടെണ്ടര്‍ ഫോറം സ്വീകരിക്കും. ഫോണ്‍- 0496 2515176, 9188959878.

അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തിട്ടുള്ളതും 2019 മാര്‍ച്ച് മുതല്‍ അംശാദയം ഒടുക്കുന്നതില്‍ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായവരുമായ അംഗങ്ങള്‍ക്ക് പിഴ സഹിതം അംഗത്വം പുനസ്ഥാപിക്കാന്‍ ആഗസ്ത് 30 മുതല്‍ സെപ്തംബര്‍ 30 വരെ എല്ലാ ജില്ലാ ക്ഷേമനിധി ഓഫീസുകളിലും അവസരം നല്‍കുന്നു. ഇത്തരത്തില്‍ അംഗത്വം റദ്ദായവര്‍ക്ക് ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ അംഗത്വ പാസ്സ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാവുന്നതാണെന്ന് ജില്ലാ ക്ഷേമ നിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2378222.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

2022 ജൂണ്‍ 28 വരെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 06 വരെ നടത്തുന്നതാണ്.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി എന്നീ സെന്ററുകളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്കാണ് വിതരണം ചെയ്യുന്നത്. കെ-ടെറ്റ് ഹാള്‍ ടിക്കറ്റ് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2225717.

അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2021-22 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90%ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് സെപ്തംമ്പര്‍ 20 വൈകുന്നേരം 3 മണി വരെ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍- 0495 2384006.

‘ഉജ്ജ്വലബാല്യം പുരസ്‌കാരം 2021’ അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന ‘ഉജ്ജ്വലബാല്യം ‘പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പുരസ്‌ക്കാരവും 25000 രൂപ വീതവും നല്‍കും. അപേക്ഷയോടൊപ്പം വൈദഗ്ദ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പത്രകുറിപ്പുകള്‍, കുട്ടിയുടെ പേര് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കില്‍ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി, പെന്‍ഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ 30ന് വൈകുന്നേരം 5 മണിയ്ക്കു മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി.ബ്ലോക്ക് സിവില്‍ സ്റ്റേഷന്‍ പിഒ.673020 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. 2021 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ വൈദഗ്ദ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത് ഫോണ്‍: 0495 2378920, 9946409664.

മാലിന്യ സംസ്‌ക്കരണം സ്മാര്‍ട്ടാക്കി ഫറോക്ക് നഗരസഭ

ഖര-ദ്രവ്യ മാലിന്യ സംസ്‌ക്കരണം ഓരോ പ്രദേശത്തിന്റെയും സുസ്ഥിര വികസനത്തിന് അനിവാര്യ ഘടകമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പിന്റെ നഗരസഭാതല ഉദ്ഘാടനം ഫറോക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെല്‍ട്രോണ്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഡിവിഷന്‍ 6 ചന്തക്കടവിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉറവിടം മുതലുള്ള ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തല്‍ക്ഷണം നിരീക്ഷിക്കാനും കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനും വെബ്‌പോര്‍ട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം സിദ്ധീഖ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ.പി നിഷാദ്, കുമാരന്‍, താഹിറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ വത്സന്‍, സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍ ഷിനി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍ പ്രതിനിധികള്‍, കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍, ജെ.എച്ച്.ഐമാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സാനിട്ടേഷന്‍ തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ. റീജ സ്വാഗതവും, സെക്രട്ടറി പി.ടി സാജന്‍ നന്ദിയും പറഞ്ഞു.

നാല് പതിറ്റാണ്ട് നീണ്ട സേവനം – ഇ.കെ ചന്തു സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ് വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തു. 1980 ജൂലൈ ഒന്നിന് പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ പ്രീമെടിക്ക് ഹോസ്റ്റല്‍ ജീവനക്കാരനായി ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് രൂപീകരിച്ച കാലം മുതല്‍ സര്‍വീസില്‍ ഉള്ള വ്യക്തികൂടിയാണ് അദ്ദേഹം.

സര്‍വീസിന്റെ തുടക്ക സമയത്ത് വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗവിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മുന്‍കൈ എടുത്ത അനുഭവം ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. കോഴിക്കോടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ അക്കാലത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു സ്ഥാപനം നിലവില്‍ വന്നപ്പോള്‍ അന്നത്തെ
ജില്ലാ ഓഫീസറാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ ചുമതലപ്പെടുത്തിയത്. പിന്നീട് ബോയ്‌സ് സര്‍വീസ് എന്ന് പ്രത്യേക നിയമന പ്രകാരം കുക്ക് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

പിന്നോക്കാവസ്ഥയിലായിരുന്ന കോളനികളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള നിരവധി വിദ്യാര്‍ത്ഥികളെ സ്ഥാപനത്തില്‍ എത്തിച്ച് അവരുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കി. ഈ വിദ്യാര്‍ത്ഥികളില്‍ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇവര്‍ ജീവിതത്തില്‍ വിജയിച്ച് കയറുന്നത് കാണുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറയുകയാണ് അദ്ദേഹം.

പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരും വകുപ്പും വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ മേഖലയിലുണ്ടായ വളര്‍ച്ച 42 വര്‍ഷത്തിനിടെ അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വീടും വീട്ടുകാരെയും വിട്ട് ഹോസ്റ്റലില്‍ താമസിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതില്‍ കണ്ടെത്തുന്ന സന്തോഷം വളരെ വലുതാണ്.

ആദ്യ കാലത്ത് രണ്ട് വര്‍ഷത്തോളം വയനാട്ടിലെ ജി ആര്‍.പി.സ്‌കൂള്‍, മേപ്പാടി, കണിയാമ്പറ്റ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങളിലും പിന്നീട് വടകര പ്രീമെടിക് ഹോസ്റ്റലിലും സേവനമനുഷ്ഠിച്ചു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. വിശ്രമ ജീവിതത്തില്‍ കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 31 ന് നടക്കുന്ന വിരമിക്കല്‍ ചടങ്ങ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാര്‍.

ഓണാഘോഷം: നഗരമുണര്‍ത്താന്‍ നാടകോത്സവം

ജില്ലയില്‍ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി നാടകോത്സവം അരങ്ങേറും. സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വിവിധ നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ 9 ന് വൈകുന്നേരം 6 മണിക്ക് നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടക നടന്‍ വിക്രമന്‍ നായര്‍ നിര്‍വ്വഹിക്കും.

വടകര സഭ നാടക സംഘം അവതരിപ്പിക്കുന്ന ‘പച്ചമാങ്ങ’ എന്ന നാടകം ആദ്യ ദിവസം അരങ്ങേറും. 10 ന് വരദ നാടക സംഘം അവതരിപ്പിക്കുന്ന ‘മക്കള്‍ക്ക് ‘എന്ന നാടകവും പതിനൊന്നാം തീയതി രണ്ട് അമേച്വര്‍ നാടകങ്ങളുമാണ് അവതരിപ്പിക്കുക. കോഴിക്കോട് മഷികുപ്പി ക്രിയേഷന്റെ ‘കാവല്‍’, ശ്രദ്ധ നാടക സംഘത്തിന്റെ ‘യു ടേണ്‍’ എന്നീ നാടകങ്ങള്‍ സമാപന ദിവസം അവതരിപ്പിക്കും.

സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാക്കളായ സി.വി ദേവ്, മുഹമ്മദ് പേരാമ്പ്ര, കലാനിലയം ഭാസ്‌കരന്‍ നായര്‍, ചന്ദ്രശേഖരന്‍ തിക്കോടി എന്നിവരെ നാടകോത്സവ വേദിയില്‍ ആദരിക്കും. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ജില്ലയിലെ ഓണാഘോഷം.

കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

പന്നിക്കോട് ഓട്ടിസം സെന്ററിലേയും ഗവ.ഹോമിയോ ആശുപത്രിയിലേയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സ്വന്തം കിണര്‍ യാഥാര്‍ത്ഥ്യമായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഫണ്ടായ 6 ലക്ഷം രൂപ ചിലവഴിച്ചാണ് കിണര്‍ നിര്‍മ്മിച്ചത്. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമായിരുന്നു ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്.

കിണറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. ശുചിത്വമിഷന്‍ ഫണ്ടായ നാലര ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഹൈടെക് ശുചിമുറിയുടെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു.

യുവാക്കള്‍ക്ക് രാജ്യത്ത് വന്‍ അവസരങ്ങള്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് യുവാക്കള്‍ക്ക് വന്‍ അവസരങ്ങളും സാധ്യതകളുമാണ് നിലവിലുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച ‘ന്യൂ ഇന്ത്യ ഫോര്‍ യങ് ഇന്ത്യ; റ്റെകെയ്ഡ് (Techade) ഓഫ് ഓപര്‍ച്യൂണിറ്റീസ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ദശാബ്ദം ഇന്ത്യയുടേതാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും യാഥാര്‍ത്ഥ്യമാക്കും വിധം രാജ്യം മുന്നേറുകയാണ്. ഭാരതത്തെ അത്തരത്തില്‍ വാര്‍ത്തെടുക്കേണ്ടത് യുവജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബഹിരാകാശരംഗം മുതല്‍ ഇലക്ട്രോണിക് രംഗം വരെ വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അഗ്‌നിപഥ് രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുന്നത് മികച്ച അവസരമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്‍.ഐ.ടി സന്ദര്‍ശനത്തിന്റെ ഭാഗമായി സാങ്കേതിക സഹായത്തോടെ വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുമായും ഗവേഷകരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, എന്‍.ഐ.ടി ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടി (NIELIT) സന്ദര്‍ശിക്കുകയും രാജ്യത്തെ വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളിലെ ഡയറക്ടര്‍മാരുമായും കേന്ദ്രമന്ത്രി സംവദിച്ചു. ഇന്ത്യയെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആക്കി മാറ്റുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിന് എന്‍.ഐ.ഇ.എല്‍.ഐ.ടികള്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്‍ഐടികള്‍ പോലുള്ള രാജ്യത്തെ ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി എന്‍.ഐ.ഇ.എല്‍.ഐ.ടി കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.

‘ന്യൂ ഇന്ത്യാ സാക്ഷരത’ പദ്ധതിയിലൂടെ പതിനായിരം പേരെ സാക്ഷരരാക്കും

‘ന്യൂ ഇന്ത്യാ സാക്ഷരത’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒക്ടോബര്‍ രണ്ടിന് സര്‍വ്വേ നടത്തി കണ്ടെത്തുന്ന പഠിതാക്കള്‍ക്ക് 120 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അടിസ്ഥാന സാക്ഷരതാ ക്ലാസ് നല്‍കും.

ജനുവരിയില്‍ നടത്തുന്ന മികവുത്സവത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ അധ്യാപകരാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. അധ്യാപകര്‍ക്ക് പ്രത്യേക സേവന സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കും. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സെപ്റ്റംബര്‍ 12 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല സംഘാടക സമിതി രൂപീകരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി. സുരേന്ദ്രന്‍, കെ.വി റീന, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍ കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സി.രേഖ, വടകര നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുരേഷ്, സി.എം ബാബു, കൂടത്താംകണ്ടി സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, എം.ഡി വത്സല തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്താ പ്രസാദ് നന്ദിയും പറഞ്ഞു.

Summary: prd release on august 30