കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (28/05/2022)
ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു
നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ. ബിന്ദു. മടപ്പള്ളി ഗവ. കോളേജിൽ 4.32 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടിൽ നിർമിച്ച കാൻ്റീൻ, ലൈബ്രറി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ കലാലയത്തിനും അതിൻ്റേതായ ജൈവികതയും ജനിതക രൂപവുമുണ്ട്. ഇതിനെ ശക്തിപ്പെടുത്തി വിദ്യാർഥി കേന്ദ്രീകൃതമായ അന്തരീക്ഷം വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് മാത്രമായി 1,800 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയത് ഇത്തരം സമീപനങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ സാർഥകമായ ഇടപെടലുകളാണ് ഉന്നത വിദ്യഭ്യാസ മേഖലയിൽ നടത്തി വരുന്നത്- മന്ത്രി പറഞ്ഞു
കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിലൂടെ തൊഴിൽ രംഗങ്ങളിൽ പ്രതിഭാശാലികളായ വിദ്യാർഥികൾക്
പരിപാടിയിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഒ.കെ. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ സി.കെ. നാണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സത്യൻ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു.എം. സുരേന്ദ്രൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ് തുടങ്ങിയവർ സംസാരിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ വാർഷിക പദ്ധതികളുടെ വികസന സെമിനാർ തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അനുദിനം വളരുന്ന കോഴിക്കോടിന്റെ വികസനത്തിന് കരുത്തു പകരുന്നതായിരിക്കും സെമിനാറെന്നും മറ്റു കോർപ്പറേഷനുകളിൽ നിന്ന് വ്യത്യസ്തമായി വികസനത്തിൽ പുതിയ മുഖവും ശൈലിയുമാണ് കോഴിക്കോട് കോർപ്പറേഷൻ സ്വീകരിക്കുന്നതെന്നും ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
കോർപ്പറേഷന്റെ പ്രവർത്തന നേട്ടത്തിന് ലഭിച്ച അംഗീകാരമാണ് കഴിഞ്ഞ തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി നമുക്ക് നേടാനായ സ്വരാജ് ട്രോഫി. ഈ നേട്ടത്തിന് വഴിയൊരുക്കിയ കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. വികസന പ്രവർത്തനങ്ങളെ സാധാരണക്കാരന് പ്രാപ്തമാക്കാനും ജനകീയവത്കരിക്കാനും കഴിയുന്ന പദ്ധതികൾ സാക്ഷാത്കരിക്കാൻ കോർപ്പറേഷന് സാധിക്കും.
നഗരത്തിന്റെ സമഗ്ര പുരോഗതിക്കായി തയ്യാറാക്കുന്ന പുതിയ മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. ശുചിത്വ പ്രോട്ടോക്കോൾ അടക്കമുള്ള പദ്ധതികൾ നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമഗ്രവികസന കാര്യങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. വികസന പദ്ധതികൾ സംബന്ധിച്ച് ജനപ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ മാസ്റ്റർ കരട് പദ്ധതികൾ അവതരിപ്പിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി. ദിവാകരൻ, പി.കെ. നാസർ, ഡോ. എസ്. ജയശ്രീ, പി.സി. രാജൻ, കൃഷ്ണകുമാരി, സി. രേഖ, ഒ.പി. ഷിജിന, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, വിവിധ കൗൺസിലർമാർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, വിദഗ്ധ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. വെള്ളപ്പൊക്കമുൾപ്പെടെയുള്ള മഴക്കാല കെടുതികളെ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനാണ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ സർക്കാർ വകുപ്പ് പ്രതിനിധികളും വിദഗ്ദ തൊഴിലാളികളും യോഗം ചേർന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ദുരിതാശ്വാസ കേന്ദ്രമായി പ്രവർത്തിക്കേണ്ട ഇടങ്ങളുടെ പോരായ്കൾ പരിഹരിക്കാനും അപകട ഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ മുറിച്ചൊഴിവാക്കാനും , ബോട്ട്, തോണി, ജെ.സി.ബി, ഹിറ്റാച്ചി, മരംമുറി ഉപകരണങ്ങൾ ഉൾപ്പെടെ ഒരുക്കി വെക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ് , ജനപ്രതിനിധികളായ സി.വി. രവീന്ദ്രൻ, ഡി. പ്രജീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജൈവവൈവിധ്യ ഗ്രാമസഭ നാളെ
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഒളവണ്ണ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ച് നാളെ (മേയ് 30) ജൈവവൈവിധ്യ ഗ്രാമസഭ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. റീന അധ്യക്ഷത വഹിക്കും.
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ജൈവവൈവിധ്യവും സംരക്ഷണവും എന്ന വിഷയത്തില്‍ ഫാറൂഖ് കോളജിലെ ബോട്ടണി വകുപ്പ് മേധാവി ഡോ. കെ. കിഷോര്‍ കുമാറും ശുചിത്വ പരിപാലനം ജൈവവൈവിധ്യ സംരക്ഷണത്തിന് എന്ന വിഷയത്തില്‍ നിറവ് ഡയറക്ടര്‍ ബാബു പറമ്പത്തും ക്ലാസ്സെടുക്കും. വി.എം.സി കണ്‍വീനര്‍മാര്‍ പഞ്ചായത്ത്തല പദ്ധതി അവതരണം നടത്തും.
ഓഷ്യാനസ് ചാലിയം ഫേസ്-1 പദ്ധതി ഉദ്ഘാടനം നാളെ
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തിലെ ചാലിയം പുളിമൂടിന്റെയും അനുബന്ധ പ്രദേശത്തിന്റേയും നവീകരണത്തിനായി നടപ്പാക്കുന്ന പദ്ധതിയായ ഓഷ്യാനസ് ചാലിയം ഫേസ്-1 ന്റെ ഉദ്ഘാടനം നാളെ (മേയ് 30) പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ അധ്യക്ഷത വഹിക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍ മുഖ്യാതിഥിയാകും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചാലിയം നിര്‍ദേശിന് മുന്‍വശം വെച്ചു നടക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
മുക്കം നഗരസഭയിൽ അങ്കണവാടി പ്രവേശനോത്സവം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കുറ്റിപ്പാല അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി അധ്യക്ഷത വഹിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമ്മാനങ്ങൾ നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, ഇ. സത്യനാരായൺ, പ്രജിതാ പ്രദീപ്, കൗൺസിലർമാരായ കെ. ബിന്ദു, ജോഷില സന്തോഷ്, അശ്വതി സനൂജ് തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സമിതി യോഗംകേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമിതി ചെയര്‍മാന്‍ എ.സി മൊയ്തീന്‍ എം.എല്‍.എ യുടെ അധ്യക്ഷതയിലാണ് യോഗം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സമിതി പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.
കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോര്‍ഡ്, നോര്‍ക്ക റൂട്ട്സ് എന്നിവ മുഖേന ഈ ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും യോഗത്തിനെത്തി പരാതികള്‍ സമര്‍പ്പിക്കാം.
ദര്‍ഘാസ് ക്ഷണിച്ചു.ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ കണ്‍സ്യൂമബിള്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ ഒന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകിരിക്കും. ഫോണ്‍: 0495 2418610.
സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്ക്കുള്ള തൊഴില്‍ മേളതൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്ക്കുള്ള തൊഴില്‍ മേള ഇന്ന് (മേയ് 29) രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളേജില്‍ നടക്കും. സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അനെര്‍ട്ട് പരിശീലനം ലഭിച്ചു മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് മേളയിൽ പങ്കെടുക്കാം.
ടെൻഡര്‍ ക്ഷണിച്ചു.സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) കിഫ്ബിയുടെ കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ജൂണ്‍ രണ്ടിന് വൈകീട്ട് മൂന്ന് വരെ ടെൻഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744391317, 9446544353