ഇലക്ട്രീഷ്യൻമാർക്ക് തൊഴിൽമേള; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (25/05/2022)
സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കായി മെയ് 29 രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് കോളേജിൽ തൊഴിൽമേള നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്‌റ്റർ ചെയ്യാൻ പറ്റാത്തവർക്കും സ്‌പോട് രജിസ്‌ട്രേഷൻ ചെയ്തു പങ്കെടുക്കാം.
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലെ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷത്തെ ബി.വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ റെഗുലർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓഫീസുമായി നേരിട്ടോ www.atdcindia.co.in എന്ന വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. ഫോൺ: 9744917200, 9995004269
ക്വട്ടേഷൻ ക്ഷണിച്ചു
ഗവ. എൻജിനീയറിംഗ് കോളേജിലെ എ.ഇ ആൻഡ് ഐ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്ട്രുമെന്റേഷൻ ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 11ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0495 2383220, 2383210
സീനിയർ റസിഡന്റ് ഡോക്ടർ: കൂടിക്കാഴ്ച 31 ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: അതാത് വിഭാഗത്തിൽ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും. പ്രതിമാസ വേതനം 70000 രൂപ.
താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം മെയ് 31ന് രാവിലെ 11 മണിക്ക് സ്വന്തം ചെലവിൽ മെഡിക്കൽ കോളേജ് ഓഫീസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 0495-2350216, 2350200.
അതിഥി അധ്യാപക നിയമനം
മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ളവർക്ക് വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം അതത് തീയതികളിൽ നേരിട്ട് ഹാജരാകാം.
ഫിസിക്‌സ്: മേയ് 30 ന് രാവിലെ 10 മുതൽ 12.30 വരെ, കെമിസ്ട്രി: ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.30 വരെ, മാത്തമാറ്റിക്‌സ്: 31ന് രാവിലെ 10 മുതൽ 12.30 വരെ, ഇലക്ട്രോണിക്‌സ്: ജൂൺ ഒന്നിന് രാവിലെ 10 മണി.
സി.സി.ടി.വി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി ആൻഡ് സർവെയ്ലൻസ് സിസ്റ്റം കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി. വിവരങ്ങൾക്ക് 9526871584, 9388338357
സയന്റിസ്റ്റ് ബി, സയന്റിസ്റ്റ് സി തസ്തികയിലേക്ക് കരാർ നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ റീജിയണൽ വി.ആർ.ഡി.എൽ ലാബിൽ സാംക്രമിക രോഗങ്ങൾ കണ്ടെത്തുന്നതിനായി സയന്റിസ്റ്റ് ബി (നോൺ മെഡിക്കൽ), സയന്റിസ്റ്റ് സി (നോൺ മെഡിക്കൽ) തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് ബി (നോൺ മെഡിക്കൽ) ജൂൺ ഏഴിനും സയന്റിസ്റ്റ് സി (നോൺ മെഡിക്കൽ) എട്ടിനും രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.
ആശുപത്രി വികസന സൊസൈറ്റി പുനഃസംഘടന
കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി പുനഃസംഘടിപ്പിക്കുന്നു. സൊസൈറ്റിയിൽ ഉൾപ്പെടുത്തുന്നതിനായി കേരള നിയമ സഭയിലും, ലോക സഭയിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെയും ദേശീയ രാഷ്ട്രീയ പാർട്ടികളുടെയും അംഗീകൃത സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെയും അതാത് ജില്ലാ കമ്മറ്റികൾ ഒരു പ്രതിനിധിയുടെ പേരും, വിലാസവും, ഫോൺ നമ്പറും പാർട്ടിയുടെ ലെറ്റർ പാഡിൽ ജൂൺ 20നകം സൂപ്രണ്ടിനെ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സിവിൽ സർവീസ് അക്കാദമി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന വിവിധ വാരാന്ത്യ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന അക്കാദമിയുടെ വെബ്‌സൈറ്റ് വഴി ജൂൺ 15 നകം രജിസ്റ്റർ ചെയ്ത് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. ഫോൺ: 0495 2886400.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
കേരള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോഴിക്കോട്, വയനാട് ജില്ലകളിൽ 2017-18 വരെയുള്ള അസസ്‌മെന്റ് വർഷങ്ങളിൽ 2021 സെപ്തംബർ 16 വരെയുള്ള നിർണയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള കുടിശ്ശികകൾക്ക് 50 ശതമാനം പലിശയിളവ് നൽകി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം കുടിശ്ശിക തീർക്കാവുന്നതാണെന്ന് വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. പദ്ധതിക്ക് സർക്കാർ ഉത്തരവ് തീയതി മുതൽ ആറ് മാസം മാത്രമേ കാലാവധിയുള്ളു. ഇത് പ്രകാരം കുടിശ്ശിക അടക്കാൻ താത്പര്യപ്പെടുന്ന കുടിശ്ശികക്കാരുടെ അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കുന്നതാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഫോൺ: 0495 2384355.
അപേക്ഷ ക്ഷണിച്ചു
സർവ്വെ വകുപ്പിന് കീഴിലെ കോഴിക്കോട് ഗവ. ചെയിൻ സർവ്വെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി വരുന്ന മൂന്ന് മാസ ചെയിൻ സർവ്വെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. കൂടുതൽ വിവരങ്ങൾക്ക് www.dslr.kerala.gov.in, ഫോൺ: 0471 2337810, 04952371554, 8547517194, 9037370116.
എൽ.പി.എസ്.ടി അഭിമുഖം 30ന്
പാലത്ത് ഗവ. വെൽഫയർ എൽ.പി സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
ഔട്ട്ലെറ്റുകൾ നടത്തുവാൻ അപേക്ഷ ക്ഷണിച്ചു
ഭാരത് പെട്രോളിയം കോർപറേഷന്റെ കീഴിൽ എറണാകുളം, നെടുമ്പാശ്ശേരി, ഗോശ്രീപാലം എന്നിവക്ക് സമീപമുള്ള COCO (Comapny Owned Company Operated) ഔട്ട്ലെറ്റുകൾ നടത്തുവാൻ താത്പര്യമുള്ള സായുധസേനയിൽ നിന്നും വിരമിച്ച ഓഫീസർ/ ജെ.സി.ഒ എന്നിവരിൽ നിന്നും കമ്പനി അപേക്ഷകൾ ക്ഷണിച്ചു. ആവശ്യമായ നിർദേശങ്ങളും അപേക്ഷാഫോറവും www.bharatpetroleum.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495 2771881
നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ചക്കയും മാങ്ങയും ഉപയോഗിച്ച് ഭക്ഷ്യ ഉത്പന്നങ്ങൾ നിർമിച്ച് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ യുവതീ യുവാക്കൾ മുന്നോട്ടുവരണമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ. സംസ്ഥാന സർക്കാരിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. തോടന്നൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ ഷിനോജ്, എഫ്.എൽ.സി അക്ഷയ് രാജ് എന്നിവർ ക്ലാസെടുത്തു.
വടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ മധുസൂദനൻ, സി നാരായണൻ, പി ശ്യാമള എന്നിവർ പങ്കെടുത്തു.
ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മെഡിക്കൽ ഓഫീസ്, ഹിമോഫിലിയ സൊസൈറ്റി കോഴിക്കോട് ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹിമോഫിലിയ ദിനചാരണവും ഹിമോഫിയ രോഗികളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു. ഹിമോഫിലിയ സൊസിറ്റി കാലിക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് ഡോ വി.ടി. അജിത് കുമാർ അധ്യഷത വഹിച്ചു.
ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് മുഖന്തിരം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജിത്ത് കുമാർ എന്നിവർ ചടങ്ങിൽ മുഖ്യാഥിതികളായി. ആശാധാര ജില്ലാ നോഡൽ ഓഫീസർ ഡോ കെ. അബ്‌ദുൾ മജീദ് സന്ദേശം നൽകി. ല്ലാ മെഡിക്കൽ ഓഫീസർ ഡോ വി. ഉമ്മർ ഫാറൂഖ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, നവകേരള കർമപദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ സി.കെ. ഷാജി എന്നിവർ സംസാരിച്ചു.
ഭക്ഷ്യവകുപ്പിന്റെ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് വടകര- എടോടി, പുതിയ സ്റ്റാന്റ്, കോൺവെന്റ് റോഡ്, വടകര ടൗൺ, മാർക്കറ്റ് എന്നിവിടങ്ങളിലെ അരി ഗോഡൗണുകൾ, സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മൊത്ത വ്യാപാര ഗോഡൗൺ പരിശോധനക്ക് നേതൃത്വം നൽകണമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജില്ലാഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
പരിശോധനയിൽ വടകരയിലെ സ്വകാര്യ സ്ഥാപനത്തിൽ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി. കൂടാതെ മുനിസിപ്പാലിറ്റി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരെ അറിയിക്കുമെന്നും തുടർ നടപടികൾക്കായി ജില്ലാ കലക്ടർക്ക് പ്രത്യേക റിപ്പോർട്ട് നൽകുമെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.
അമിതവില ഈടാക്കാതിരിക്കാനും, വില വിവര പട്ടിക പ്രദർശിപ്പിക്കാനും, വിൽക്കുന്ന സാധനങ്ങൾക്ക് നിർബന്ധമായും ബില്ല് നൽകാനും, അളവ് തൂക്ക മെഷിൻ ഉപകരണങ്ങൾ ഉപഭോക്താക്കൾക്ക് കൂടി കാണുന്ന തരത്തിൽ ക്രമീകരിക്കാനും കച്ചവടക്കാർക്ക് കർശന നിർദേശം നൽകി. അസി. താലൂക്ക് സപ്ലൈ ഓഫീസർ എസ്. ലളിത ബായ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ ടി.വി. നിജിൻ, കെ.പി. കുഞ്ഞി കൃഷ്ണൻ, ജീവനക്കാരനായ കെ.പി. ശ്രീജിത്ത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കാലവർഷത്തിന് മുന്നോടിയായി താമരശ്ശേരി താലൂക്കിൽ സ്വീകരിക്കേണ്ട മഴക്കാലമുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഐ.ആർ.എസ് (ഇൻസിഡന്റ് റസ്പോൺസ് സിസ്റ്റം) ടീമിന്റെ യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ കെ. ഹിമ അധ്യക്ഷത വഹിച്ചു. മഴക്കെടുതികളെ നേരിടാൻ ഉദ്യോഗസ്ഥരോട് പ്രവർത്തന സജ്ജമായിരിക്കാൻ ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള വകുപ്പുകളുടെ സജ്ജീകരണങ്ങൾ വിലയിരുത്തി.
സർക്കാർ വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള ഡാറ്റാബേസ് തയ്യാറാക്കാനും മറ്റ് ഉപകരണങ്ങൾ ഉറപ്പുവരുത്താനും ഡെപ്യൂട്ടി കലക്ടർ നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ നേരത്തെതന്നെ തയ്യാറാക്കാനും 24 മണിക്കൂറും കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡെപ്യൂട്ടി കലക്ടർ നിർദേശിച്ചു.
മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ സാധ്യതകളുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അറിയിപ്പുകൾ നൽകുമെന്നും ക്യാമ്പുകളുടെ വിവരങ്ങൾ ഉറപ്പാക്കിയതായും ഇൻസിഡന്റ് കമാന്ററായ താമരശേരി തഹസിൽദാർ സി. സുബൈർ പറഞ്ഞു. ചുരം മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫയർ ഫോഴ്‌സ് പ്രത്യേക സംഘം അടിവാരത്ത് സജ്ജമാവും. അത്യാവശ്യ സാധനങ്ങൾ, സന്നദ്ധ പ്രവർത്തകർ, പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാർ എന്നിവരുടെ സേവനം ഉറപ്പാക്കായിട്ടുണ്ട്. തഹസിൽദാർ കെ ബലരാജൻ, ഫയർ ഫോഴ്സ്. മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ് ഹെൽത്ത് ഡിപാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു പഠിക്കും. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ലിംഗസമത്വം ഉറപ്പുവരുത്തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തിൽ ആൺകുട്ടികൾക്ക്കൂടി പ്രവേശനം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
നിലവിൽ ഹയർസെക്കൻഡറി വിഭാഗം മിക്സഡ് ആയാണ് പ്രവർത്തിക്കുന്നത്. യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലേക്കാണ് ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ച് ഉത്തരവായത്. പൊതുവിദ്യാഭ്യാസ വകുപ്പിന് പി. ടി.എ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഇതൊരു നല്ല തുടക്കമാണെന്നും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെ. എം സച്ചിൻദേവ് എംഎൽഎ പറഞ്ഞു.
കരസേനയിലേക്കുള്ള റിക്രൂട്ട്മെൻറ് സംബന്ധിച്ച് എൻ.സി.സി കേഡറ്റുകൾക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥനായും സൈനികനായും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള യോഗ്യതകളെയും നടപടിക്രമങ്ങളെക്കുറിച്ചും കേഡറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ക്ലാസ് സംഘടിപ്പിച്ചത്.
റിക്രൂട്ട്‌മെന്റ് റാലി, എസ്.എസ്.ബി അഭിമുഖം, ശമ്പള സ്‌കെയിൽ, യോഗ്യത, കരസേനയിൽ ചേരുന്നതിനുള്ള മറ്റ് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ കരസേനാ എൻറോൾമെന്റിനായി അപേക്ഷിക്കേണ്ട രീതിയും നടപടിക്രമങ്ങളും വിശദീകരിച്ചു. 9 കേരള എൻ.സി.സി നേവൽ ബറ്റാലിയനു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 600ഓളം എൻ.സി.സി കേഡറ്റുകൾ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ മേയ് മാസ സിറ്റിങ് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. 65 പരാതികൾ പരിഗണിച്ചതിൽ 15 എണ്ണം തീർപ്പാക്കി. ബാക്കി പരാതികൾ ജൂണിൽ നടക്കുന്ന സിറ്റിങിൽ പരിഗണിക്കും. പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ പി.എസ്. ദിവാകരൻ, സെക്രട്ടറി ബാബു ചാണ്ടുള്ളി, സിറ്റി എ.സി.പി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.