കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (24/05/2022)
സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പിന്റെയും മൂടാടി ഗ്രാമപഞ്ചായത്തിന്റെയും സംയുതാഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷരായ എം.കെ.മോഹനൻ, ടി.കെ.ഭാസ്കരൻ,എം.പി.അഖില, പഞ്ചായത്ത് അംഗം പപ്പൻ മൂടാടി, സെക്രട്ടറി എം.ഗിരീഷ് കുമാർ, സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.വി.ഗംഗാധരൻ, ഗ്രാമീൺ ബാങ്ക് മാനേജർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. സംരംഭകരുടെ ക്ലബ് രൂപീകരിക്കുകയും എകജാലക സംവിധാനത്തിലൂടെ വ്യവസായ ലൈസൻസിങ് നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.
വെസ്റ്റ്ഹിൽ ഡിവിഷനിൽ കോയറോഡ് പ്രദേശത്ത് കഴിഞ്ഞ 24 വർഷമായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഐശ്വര്യ അങ്കണവാടിയ്ക്ക് പുതിയ കെട്ടിടം നിർമിച്ചു. കോഴിക്കോട് കോർപ്പറേഷൻ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജന സഹകരണത്തോടെയാണ് കെട്ടിടം യാഥാർഥ്യമാക്കിയത്. മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മഹേഷ് അധ്യക്ഷനായി.
നഗരത്തിലെ ശോചനീയാവസ്ഥയിലുള്ള എല്ലാ അങ്കണവാടികളിലും ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനം നടത്തി വരികയാണ്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ, കൗൺസിലർമാരായ വി.പി. മനോജ്, പണ്ടാരത്തിൽ പ്രസീന, അങ്കണവാടി വർക്കർ ടി.പി. പുഷ്പവേണി തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ സി.ഡി എസ് മുഖാന്തരം മുക്കം നഗരസഭ നൽകുന്ന പ്രവാസി ഭദ്രത ലോൺ വിതരണം നഗരസഭ ചെയർമാൻ പി. ടി ബാബു നിർവഹിച്ചു. മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി അസീസ് വളപ്പൻതോടിക ചെയർമാനിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി.
സി.ഡി.എസ് ചെയർപേഴ്സൺ രജിത അധ്യക്ഷത വഹിച്ചു. ഒന്നരലക്ഷം രൂപയാണ് ലോൺ നൽകുന്നത് ഇതിന്റെ ആദ്യ ഗഡുവാണ് നൽകിയത്.
ഡെപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ. ചാന്ദിനി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സത്യനാരായണൻ മാസ്റ്റർ, പ്രജിത പ്രദീപ്, കൗൺസിലർമാർ, സി.ഡി.എസ് അംഗങ്ങൾ തുങ്ങിയവർ പങ്കെടുത്തു.
കായക്കൊടി ഗ്രാമപഞ്ചായത്തിൽ കോഴി മാലിന്യമുക്ത പദ്ധതിക്ക് തുടക്കമായി. കോഴി മാലിന്യത്തിൽനിന്ന് വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ നിർമിക്കുന്ന താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിൽവരുന്ന കോഴിയിറച്ചി വില്പനകേന്ദ്രങ്ങളിലെ അറവു മാലിന്യം ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ സരിത മുരളി അധ്യക്ഷയായി. പഞ്ചായത്ത് അംഗം കെ കെ അഷ്‌റഫ്, അസിസ്റ്റന്റ് സെക്രട്ടറി ആർ രഞ്ജിത്ത്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസായ-വാണിജ്യ വകുപ്പിന്റെയും കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിഷ എടക്കുടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർപേഴ്സൺ കെ. ഉമ അധ്യക്ഷയായി.
എ.ഡി.ഐ.ഒ പ്രണവൻ വ്യവസായ വകുപ്പിന്റെ പദ്ധതികൾ വിശദീകരിച്ചു. കുടുംബശ്രീ ട്രെയിനർ ജയൻ പൂക്കാട് മോട്ടിവേഷൻ ക്ലാസെടുത്തു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ റഫീഖ്, അബ്ദുൾ ലത്തീഫ്, ബിജു, ജലജ, ശോഭ, അഷറഫ്, സെക്രട്ടറി കെ. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
കാലവർഷത്തിന് മുന്നോടിയായി കോഴിക്കോട് താലൂക്കിൽ സ്വീകരിക്കേണ്ട മഴക്കാലമുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സബ് കലക്ടർ വി. ചെൽസാസിനിയുടെ അധ്യക്ഷതയിൽ ഐ.ആർ.എസ് (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) ടീമിന്റെ യോഗം ചേർന്നു. മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള വകുപ്പുകളുടെ സജ്ജീകരണങ്ങൾ വിലയിരുത്തി.
അടിയന്തരഘട്ടങ്ങളിൽ വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ തയ്യാറാക്കി അവ ഉറപ്പുവരുത്താനും അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന ഫ്ലഡ് കിറ്റ് ഒരുക്കാനും സബ് കലക്ടർ നിർദേശം നൽകി. മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ പാലിക്കാനും ക്യാമ്പുകൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെയും ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു. സേവനങ്ങളെയും ഉദ്യോഗസ്ഥരെയും കോർത്തിണക്കി പ്രവർത്തന സജ്ജമായിരിക്കണമെന്നും സബ് കലക്ടർ ടീമിന് നിർദേശം നൽകി.
മഴയെ തുടർന്ന് പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശങ്ങളായ ഗോതീശ്വരം (ബേപ്പൂർ), ചൊട്ടുവയൽ (കച്ചേരി), ശാന്തിനഗർ കോളനി (പുതിയങ്ങാടി), ആവിയിൽ തോട് (കാബ) എന്നിവിടങ്ങളിൽ അടിയന്തര ഷെൽട്ടർ നിർമിക്കുമെന്നും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള അപകടസാധ്യതാ പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘം സന്ദർശിച്ചതായും ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വിവരം സമർപ്പിച്ചതായും തഹസിൽദാർ പ്രേംലാൽ യോഗത്തിൽ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ജെ.സി.ബി, ക്രെയിൻ തുടങ്ങിയവയുടെ റേറ്റ് കോൺട്രാക്ട് തയ്യാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി ജില്ലയിൽ 30 പേരടങ്ങുന്ന സംഘം രൂപീകരിച്ചതായും ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. മരുന്നുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ ടീം എന്നിവ സജ്ജമാണ്. ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ, ഗവ. ജനറൽ ആശുപത്രി സൂപ്രണ്ട്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ മേയ് മാസ സിറ്റിംഗ് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. 36 പരാതികൾ പരിഗണിച്ചതിൽ എട്ടെണ്ണം തീർപ്പാക്കി. ബാക്കി പരാതികൾ ജൂണിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ പി.എസ്. ദിവാകരൻ, സെക്രട്ടറി ബാബു ചാണ്ടുള്ളി, സിറ്റി എ.സി.പി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. സിറ്റിംഗ് ഇന്ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ തുടരും.
പഞ്ചായത്തിന് കീഴിലെ എല്ലാ അങ്ങാടികളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ ശുചിത്വ ഹർത്താൽ ആചരിച്ചു. പള്ളിയത്ത്, കേളോത്ത്മുക്ക്, പെരുവയൽ, പൂമുഖം തുടങ്ങിയ അങ്ങാടികളിലെ കടകൾ അടച്ചുകൊണ്ട് മുഴുവൻ വ്യാപാരികളും ശുചീകരണത്തിൽ പങ്കെടുത്തു.
പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കേളോത്ത് മുക്കിൽ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം അനീഷ പ്രദീപ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ റഷീദ്, ഹരിത കർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.