ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (23/05/2022)


ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മയനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ., ഡേറ്റാ എന്‍ട്രി ആന്‍ഡ് ഡി.ടി.പി കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷ ജൂണ്‍ നാലിനകം പരിശീലന കേന്ദ്രത്തില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2351403 ഇ-മെയില്‍: vtckkd@gmail.com

കുടിശ്ശിക നിവാരണ യജ്‌ഞം സംഘടിപ്പിച്ചു

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോഴിക്കോട് ജില്ലാതല കുടിശ്ശിക നിവാരണ യജ്‌ഞം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോക്ടർ ഡി. സജിത്ത് ബാബു ഐ എ എസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തുടനീളം യജ്‌ഞം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള റേഷൻ കടയുടമകളിൽ നിന്നുമായി 6.44 ലക്ഷംരൂപ കുടിശ്ശിക ലഭിക്കാനുണ്ട്. പതിനാറ് കേസുകളാണ് ഇന്ന് പരിഗണിച്ചത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ചീഫ് അക്കൗണ്ട്സ് ഓഫിസർ വി. സുഭാഷ്, റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, സപ്ലൈ ഓഫീസർ കെ. രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.

ഗോപാലപുരം കുടിവെള്ള പദ്ധതി: പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഗോപാലപുരം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.കെ.ഷഹീർ പദ്ധതി വിശദീകരിച്ചു. കെ.ടി.ഗംഗാധരൻ സ്വാഗതവും ടി. പി ശ്രീധരൻ നന്ദിയും പറഞ്ഞു.

ജൈവവൈവിധ്യ ദിനം ആചരിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്തിൽ ജൈവവൈവിധ്യ ദിനം ആചരിച്ചു. ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൃതിവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പെരിങ്ങോട്ട്കുന്ന് ശ്മശാനത്തിൽ നടന്ന ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. കെ. ശൈലജ ടീച്ചറും സംയുക്തമായി ഫലവൃക്ഷതൈകൾ നട്ടു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ബയോഡൈവേഴ്സിറ്റി ബോർഡ് കോ-ഓഡിനേറ്റർ കെ.പി.മഞ്ജു മുഖ്യ പ്രഭാഷണം നടത്തി. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പഞ്ചായത്ത് കൺവീനർ ഗോപാലകൃഷ്ണൻ മാസ്റ്റർ,ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കെ. ഷിബിൻ, ശ്മശാനം മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ കെ. പ്രമോദ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റേയും കൊയിലാണ്ടി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ ഇ.എം.എസ് ടൗൺഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും ലൈസൻസ് നടപടിക്രമങ്ങളും വിഷയത്തിൽ മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ വി.കെ സുധീഷ് കുമാറും ബാങ്കിംഗ് വായ്പ നടപടിക്രമങ്ങൾ വിഷയത്തിൽ പന്തലായനി ബ്ലോക്ക് എഫ് എൽ സി കെ.ഗോപിനാഥും ക്ലാസുകൾ നയിച്ചു.

വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ. ഷിജു മാസ്റ്റർ, ഇ. കെ. അജിത്, ഇന്ദിര ടീച്ചർ, സി. പ്രജില, നിജില പറവക്കൊടി , കൊയിലാണ്ടി മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ ടി.വി ലത എന്നിവർ സന്നിഹിതരായി. നൂറിലധികം ആളുകൾ ശില്പശാലയിൽ പങ്കെടുത്തു.

എടച്ചേരി ആയുർവേദ ഡിസ്പെൻസറിക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചു

എടച്ചേരി ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നാഷണൽ ആയുഷ് മിഷൻ അഞ്ചുലക്ഷം രൂപ അനുവദിച്ചു. ആയുർവേദ ഡിസ്പെൻസറികൾ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ആയി ഉയർത്തിയതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. എടച്ചേരിയിലേതടക്കം ഏഴ് ഡിസ്പെൻസറികൾ ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ആയി ഉയർത്തിയിട്ടുണ്ട്.

കിംഗ് ഫോർട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. സജിത് ബാബു ഐ എ എസ്, പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ, വൈസ് പ്രസിഡന്റ്‌ എം. രാജൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി. ശ്രീജ എന്നിവർ സംബന്ധിച്ചു.

സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 25 ന് രാവിലെ 11 മുതൽ പഞ്ചായത്ത് ഹാളിലാണ് ശില്പശാല നടക്കുക.

പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ സംരംഭം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർന്നു വരുന്ന ലോൺ, സബ്‌സിഡി, ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ ശില്പശാലയിൽ ക്ലാസ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8891939468.

സംരംഭകത്വ ശില്പശാല ഇന്ന്

വ്യവസായ-വാണിജ്യ വകുപ്പിന്റെയും കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭകത്വ ബോധവത്കരണ ശില്പശാല ഇന്ന് (മെയ്‌ 24) പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽനടക്കും. രാവിലെ 9.30 ന് പരിപാടി ആരംഭിക്കും.

പഞ്ചായത്തിന് കീഴിൽ പുതുതായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹമുള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താത്പര്യമുള്ളവർക്കും ശില്പശാലയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർന്നുവരുന്ന ലോൺ /സബ്സിഡി/ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446954018.

വിദ്യാഭ്യാസ വികസന സെമിനാർ സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തിൻറെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിൻറെ ഭാഗമായി വിദ്യാഭ്യാസ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പ്രസിഡന്റ് ഷീജശശി ഉദ്ഘാടനം ചെയ്തു.

സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസവും തൊഴിലും, ഭിന്നശേഷി വിദ്യാഭ്യാസം, നൈപുണ്യ വികസന വിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഗോത്ര വർഗ തീരദേശ വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നൂതനവും ഫലപ്രദവുമായ പദ്ധതികൾ സെമിനാറിൽ നിർദേശിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൺ എൻ എം വിമല അധ്യക്ഷയായി. ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിദ്യഭ്യാസ ഉപഡയറക്ടർ വി പി മിനി വികസന പദ്ധതിയുടെ ആമുഖപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശിവാനന്ദൻ, സെക്രട്ടറി ടി. അഹമ്മദ് കബീർ, സ്ഥിരംസമിതി അധ്യക്ഷർ, സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ കോ-ഓഡിനേറ്റർ ഡോ. യു കെ അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.

അറിയിപ്പുകള്‍

റീ-ടെന്‍ഡര്‍

വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കൊടുവള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി വാഹനം (കാര്‍) ഓടിക്കുന്നതിന് താത്പര്യമുള്ളവരില്‍നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മേയ് 31. ഫോണ്‍: 0495 2281044

പി.എസ്.സി വണ്‍ ടൈം വെരിഫിക്കേഷന്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് മെയ് 19ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍ മെയ് 25, 26, 27 ജൂണ്‍ 1, 2, 3, 4, 6, 7, 8 തീയതികളിലായി ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 04952371971

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

മൊകേരി ഗവ. കോളേജില്‍ 2013 മുതല്‍ 2018 വരെ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടിയതും ഇനിയും കോഷന്‍ ഡിപ്പോസിറ്റ് തിരികെ വാങ്ങാത്തവരുമായ വിദ്യാര്‍ഥികള്‍ ജൂണ്‍ ഏഴിനുള്ളില്‍ കോളേജ് ഓഫീസില്‍നിന്നും കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0496 2587215