കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24-01-23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

എക്സൈസ് വകുപ്പിന്റെ ‘ലഹരിയില്ലാ തെരുവ്’ നാളെ
സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന ‘ലഹരിയില്ലാ തെരുവ്’ പരിപാടി നാളെ (ജനുവരി 25) നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിന് പിൻവശത്ത് നടക്കുന്ന പരിപാടി വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.
ലഹരിയില്ലാ തെരുവ് എന്ന പരിപാടിയുടെ ഭാഗമായി ജില്ലകളിലെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിക്കെതിരായ സന്ദേശം ഉൾകൊള്ളുന്ന വിവിധ കലാമത്സരങ്ങൾ, ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മിമിക്രി, മോണോ ആക്ട്, ഓട്ടൻ തുള്ളൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
ഐ ആൻഡ് പിആർഡി, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ് ,ഡിടിപിസി, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡൻസ് എന്നിവയും പരിപാടിയുടെ ഭാഗമാകും.
വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു
നാദാപുരം ഗ്രാമപഞ്ചായത്തിൽ 2023- 24 വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വനിതാ ഗ്രാമസഭാ സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷാ പദ്ധതികൾ, സ്ത്രീകളിൽ വിളർച്ച ഇല്ലാതാക്കാനുള്ള പദ്ധതികൾ, സഞ്ചരിക്കുന്ന പുസ്തകശാല, വനിതാ സംരംഭക പദ്ധതികൾ, വാർഡ് തലത്തിൽ കൗൺസിലിംഗ് കേന്ദ്രങ്ങൾ, കുടുംബശ്രീ സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വിപണി സൗകര്യം എന്നീ ആവശ്യങ്ങൾ വനിതാ ഗ്രാമസഭയിൽ ഉന്നയിക്കപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വനിതാ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.വനിതാ ഘടക പദ്ധതിയിൽ നടപ്പിലാക്കാൻ കഴിയുന്ന നൂതന പദ്ധതികളെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സംസാരിച്ചു.
പത്താം വാർഡ് മെമ്പർ നിഷ മനോജ്, സിഡിഎസ് ചെയർപേഴ്സൺ പി റീജ, വുമൺ ഫെസിലിറ്റേറ്റർ പ്രിൻസി ബാനു എന്നിവർ സംസാരിച്ചു. വനിത ഘടക പദ്ധതിയിൽ അടുത്ത വർഷത്തേക്ക് 23ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് വകയിരുത്തി.
മുണ്ടക്കര സ്കൂളിന് ആവേശമായി ആർമിയുടെ ആയുധ പ്രദർശനം
മുണ്ടക്കര എ.യു.പി സ്കൂൾ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സംഘടിപ്പിച്ച ആയുധപ്രദർശനം കാണാൻ ജനത്തിരക്ക്. 122 ഇൻഫൻട്രി ബറ്റാലിയൻ (ടി.എ) മദ്രാസ് ആണ് സ്കൂളിൽ ആയുധപ്രദർശനം നടത്തിയത്. വിവിധ തരം റൈഫിളുകൾ, ലൈറ്റ് മെഷിൻ ഗൺ, മീഡിയം മെഷീൻ ഗൺ, മോർട്ടാർ, റോക്കറ്റ് ലോൻജർ വിവിധതരം ഗ്രനേഡുകൾ, ഹെൽമെറ്റ്‌, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സൈനിക വാഹനങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു.
കമാന്റിങ്ങ് ഓഫീസർ ഡി.നവീൻ ബെൻജിത് പരിപാടി ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിജു. ആർ.സി, പിടിഎ പ്രസിഡന്റ് മനോജ് എടന്നൂർ എന്നിവർ സംസാരിച്ചു. എം.ഷാജു സ്വാഗതവും ഹെഡ്മാസ്റ്റർ കെ.സന്തോഷ് നന്ദിയും പറഞ്ഞു.
പെരുവയൽ പഞ്ചായത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു
പെരുവയൽ പഞ്ചായത്തിലെ എടപ്പുനത്തിൽ-വളപ്പിൽ താഴം- ശ്രീദുർഗ്ഗ ഭഗവതി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ 3.35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ സുഹറാബി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ പ്രീതി, വിനോദ് എളവന, പി.വി മജീദ്, ഉസ്മാൻ, സതീഷ് കുമാർ പെരിങ്ങളം, വാർഡ് വികസന സമിതി കൺവീനർ സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.
ടെണ്ടർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിൽ 2022-23 സാമ്പത്തിക വർഷത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 25 ന് ഉച്ചക്ക് 1മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2702523/ 8547233753
എന്‍ഡ്യൂറന്‍സ് ടെസ്റ്റ്: ഗതാഗത തടസ്സത്തിന് സാധ്യത
കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനീ ) (കാറ്റഗറി നമ്പർ/.538/2019) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ ഓട്ടം) ജനുവരി 27,28 തിയ്യതികളില്‍ നടത്തുന്നതിനാൽ ഈ ദിവസങ്ങളില്‍ മുണ്ടിക്കല്‍താഴം ജംഗ്ഷന്‍ മുതല്‍ കാളാണ്ടിതാഴം ജംഗ്ഷൻ വരെയുള്ള റോഡിൽ രാവിലെ ആറ് മണി മുതൽ ഗതാഗത തടസ്സം ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
ദേശീയ ബാലിക ദിനം ആചരിച്ചു
ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കലാപരിപാടികൾ ജില്ലാ വനിത ശിശു വികസന ഓഫീസർ എസ്.സബീന ബീഗം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കൗൺസിലർമാർ, ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ടീം ഡാൻസ്, ഫ്ലാഷ് മോബ്, സമൂഹ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ് സൂപ്രണ്ട് ടി എം സുനീഷ്, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.