കോഴിക്കോട് ​ഗവ.സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24/08/22) അറിയിപ്പുകൾ


കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

വില്യാപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക്

വില്യാപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. അറ്റകുറ്റപ്പണികൾ കൂടി കഴിയുന്നതോടെ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള പറഞ്ഞു. ഈ വർഷം തന്നെ പണി പൂർത്തീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തും.

പണി പൂർത്തീകരിക്കുന്നതോടെ വില്യാപ്പള്ളിയിലെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി ഈ കേന്ദ്രം മാറും. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുമണി വരെ പ്രവർത്തിക്കുന്ന ഒ പി സൗകര്യവും കേന്ദ്രത്തിലുണ്ടാവും. ലബോറട്ടറി, പകർച്ച-പകർച്ചേതര വ്യാധി ക്ലിനിക്കുകൾ, വാക്സിനേഷൻ മുറികൾ തുടങ്ങിയവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമാകും. ജനസൗഹൃദ കാത്തിരിപ്പ് മുറികൾ, മുലയൂട്ടൽ മുറികൾ, ഭിന്നശേഷി വയോജന സൗഹൃദ ശൗചാലയങ്ങൾ തുടങ്ങി രോഗീ സൗഹൃദമായ എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കും.
കേന്ദ്രത്തിനായി മുൻപ് അനുവദിച്ച 78 ലക്ഷം രൂപ ഫണ്ട് പ്രകാരം പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൂടി അനുവദിച്ചത്.

ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികളിലേക്കും വിവിധ എഞ്ചിനീയറീങ് വിഭാഗങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 എന്നീ തസ്തികളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍: 0495 2383210.

ഓണം ഫെസ്റ്റ്: വടകരയിൽ വിപുലമായി സംഘടിപ്പിക്കുംവടകര നഗരസഭയുടെയും സഹകരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ ഓണം ഫെസ്റ്റ് വിപുലമായി സംഘടിപ്പിക്കും. സെപ്റ്റംബർ 3 മുതൽ 7 വരെ പഴയ ബി എഡ് സെന്റർ ഗ്രൗണ്ടിലാണ് മേള.

കുടുംബശ്രീ വിപണന സ്റ്റാളുകൾ, സഹകരണവകുപ്പിന്റെ സ്റ്റാളുകൾ, നബാർഡിന്റെ ഭാഗമായുള്ള ബനാന ഫെസ്റ്റ്, പൂക്കള മത്സരം, വൈകുന്നേരങ്ങളിൽ കലാപരിപാടികൾ, സെമിനാർ എന്നിവയാണ് ഓണം ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിപാടിയുടെ സംഘാടകസമിതി യോഗം വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ കെ വനജ അധ്യക്ഷയായി. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വ്യാപാര വ്യവസായ സമിതി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാരുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥന്മാർ, കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പത്ത് സബ് കമ്മിറ്റികൾ രൂപീകരിച്ചു.

വടകര സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വിജയി, എം ബിജു, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഷിജു പി, കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസർ സന്തോഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ വി മീര, മണലിൽ മോഹനൻ, നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ് എന്നിവർ പങ്കെടുത്തു.

സ്മാർട്ടാകാനൊരുങ്ങി പന്നിയങ്കര, കടലുണ്ടി വില്ലേജ് ഓഫീസുകൾ

കോഴിക്കോട് താലൂക്കിലെ പന്നിയങ്കര, കടലുണ്ടി വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായാണിത്. ആധുനിക സൗകര്യങ്ങളുള്ള 1200 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടമാണ് നിർമിക്കുക.

സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി പന്നിയങ്കര, കടലുണ്ടി വില്ലേജ് ഓഫീസുകൾക്കായി 50 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. നിലവിൽ 24 സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടത്തിലായാണ് കടലുണ്ടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ടു മുറികളും ഫയലുകൾ സൂക്ഷിക്കുന്ന മുറിയും കെട്ടിടത്തിനോട് ചേർന്നല്ലാത്ത രീതിയിൽ നിർമ്മിച്ച ഫ്രണ്ട് ഓഫീസും, ശുചിമുറിയും അടങ്ങുന്നതാണ് നിലവിലെ ഓഫീസ് കെട്ടിടം. പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസ് സ്മാർട്ടാകുന്നതോടെ ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.
ഇരുപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ പന്നിയങ്കര വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. റെക്കോർഡ് മുറിയടക്കം മൂന്നു മുറികളാണ് നിലവിലുള്ളത്. വിസ്തീർണ്ണം കുറഞ്ഞ മുറികളായതിനാൽ അഞ്ചിലധികം ആളുകൾ ഒരുമിച്ചെത്തിയാൽ സേവനങ്ങൾ നൽകാനുള്ള സാഹചര്യം ഇപ്പോഴില്ല. സ്മാര്‍ട്ട് ഓഫീസുകൾ ആയി മാറുന്നതോടെ വില്ലേജ് ഓഫീസുകൾ കൂടുതൽ പൊതുജന സൗഹൃദമാകും. ആധുനിക സംവിധാനങ്ങൾ കൂടി സജ്ജീകരിക്കുന്നതോടെ പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ നൽകാനും സാധിക്കും.

പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിനായാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കുക. സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നതോടെ ആവശ്യമെങ്കിൽ കൂടുതൽ മുറികൾ സജ്ജീകരിക്കും. കെട്ടിടത്തിനോട് ചേർന്ന് ചുറ്റുമതിലും ഗേറ്റും നിർമ്മിക്കും.
റിസപ്‌ഷൻ സൗകര്യവും സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ എത്തുന്നവർക്കു കാത്തിരിക്കാൻ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും ഒരുക്കും. ജീവനക്കാർക്കു ഗ്ലാസ് പാർട്ടീഷനോട് കൂടിയ ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും. ഇ ഫയലിങ് സമ്പ്രദായവും പരിഗണനയിലുണ്ട്. ശുദ്ധജലവും പൊതുജന സൗഹൃദമായ ശുചിമുറികളും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും.

കോർപറേഷൻ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് നാളെ

കോർപറേഷൻ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് നാളെ (ആഗസ്റ്റ് 25 ) കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് തിരഞ്ഞെടുപ്പ്.
എ- വിഭാഗം, ബി- വിഭാഗം വോട്ടർമാർക്ക് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകുന്ന പക്ഷം വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പ് ഫലം നാളെ വൈകിട്ട് 3 മണിക്ക് ശേഷം പ്രസിദ്ധീകരിക്കും.

കൗൺസിലർമാർ ഉൾപ്പെടുന്ന എ- വിഭാഗത്തിൽ 10 മത്സരാർത്ഥികളും സ്പോർട്സ് ക്ലബ് പ്രതിനിധികൾ ഉൾപ്പെടുന്ന ബി-വിഭാഗത്തിൽ 6 മത്സരാർഥികളുമാണുള്ളത്.
രണ്ട് കായികാധ്യാപകർ, സ്പോർട്സ് മികവ് തെളിയിച്ച രണ്ടുപേർ, സ്പോർട്സ് ഉൾപ്പെടുന്ന സ്ഥിരം സമിതി അധ്യക്ഷൻ, എന്നിങ്ങനെ അഞ്ച് പേരെയാണ് സർക്കാർ നാമനിർദ്ദേശം ചെയ്യുക. ഇതിൽനിന്ന് ഒൻപത് അംഗ എക്സിക്യൂട്ടീവ് ഈ മാസം 31 ന് തിരഞ്ഞെടുക്കും.
മേയറായിരിക്കും സ്പോർട്സ് കൗൺസിലിന്റെ അധ്യക്ഷ. കോർപ്പറേഷൻ സെക്രട്ടറി തന്നെയാകും സ്പോർട്സ് കൗൺസിലിന്റെ സെക്രട്ടറി.

ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു

സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 29 പേര്‍ക്ക് ലോണ്‍ ലഭ്യമാക്കുന്നതിനായി ശുപാര്‍ശ നല്‍കി.

ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ലത, ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരന്‍ മനോജ് കുമാര്‍, താലൂക്ക് റീസോഴ്‌സ്‌പേഴ്‌സണ്‍ കിരണ്‍രാജ് എന്നിവര്‍ ക്ലാസ് എടുത്തു. മേളയില്‍ 48 പേര്‍ പങ്കെടുത്തു.

കടലോര നടത്തം സംഘടിപ്പിച്ചു

കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ബോധവല്‍ക്കരണത്തിന് മൂടാടിയില്‍ തുടക്കമായി. പരിപാടിയുടെ ഭാഗമായി മൂടാടിയില്‍ കടലോര നടത്തം സംഘടിപ്പിച്ചു. പാലക്കുളം, കോടിക്കല്‍ ബീച്ചില്‍ നിന്നും ആരംഭിച്ച ജാഥകള്‍ വളയില്‍ ബീച്ചില്‍ സംഗമിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഷിജ പട്ടേരി, പഞ്ചായത്തംഗങ്ങളായ എം.കെ മോഹനന്‍, റഫീഖ് പുത്തലത്ത്, പി.ഇന്‍ഷിത, വി.കെ.രവീന്ദ്രന്‍, കെ.സുമതി, കെ.പി സുമിത, എ.വി ഹുസ്‌ന എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 18 ന് നടക്കുന്ന ശുചീകരണ യജ്ഞം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. വിവിധ പാര്‍ട്ടി നേതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വടകര തീരദേശ പോലീസ് എന്നിവര്‍ പങ്കാളികളായി.

ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള ആഗസ്ത് 26 ന്

കോഴിക്കോട് കോര്‍പറേഷന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ആഗസ്ത് 26 നു ടാഗോര്‍ ഹാളില്‍ നടക്കുന്ന മേള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.

കോര്‍പറേഷന്റെ സമഗ്ര തൊഴില്‍ദാന പദ്ധതിയായ വി ലിഫ്റ്റും വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷത്തിന്റെ ഭാഗമായുള്ള ‘എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതി’യും സമന്വയിപ്പിച്ചാണ് മേള സംഘടിപ്പിക്കുന്നത്. പുതിയ സംരംഭകര്‍ക്കും നിലവിലെ സംരംഭത്തില്‍ വികസനം ആവശ്യമുള്ളവര്‍ക്കും മേളയില്‍ പങ്കെടുക്കാം.

കുടുംബശ്രീ, എന്‍ യു എല്‍ എം, ഫിഷറീസ് വകുപ്പ്, എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ച്, വനിതാ വികസന കോര്‍പറേഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ മേളയില്‍ ലഭ്യമാകും. പ്രധാനപ്പെട്ട ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ബാങ്കുകളെയും സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിലൂടെ സംരംഭകര്‍ക്ക് തങ്ങള്‍ക്കാവശ്യമായവ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. മേളയിലൂടെ സംരംഭകര്‍ക്ക് ബാങ്കുകളുടെ വിവിധ വായ്പാ പദ്ധതികളും വിവിധ വകുപ്പുകള്‍ വഴിയുള്ള സബ്സിഡി സ്‌കീമുകളും പരിചയപ്പെടാം. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യവും മേളയിലൊരുക്കും. കെ സ്വിഫ്റ്റ് ലൈസന്‍സ്, ഉദ്യം രജിസ്ട്രേഷനുള്ള സംവിധാനങ്ങള്‍ മേളയില്‍ സജ്ജീകരിക്കും. ബാങ്ക് ലോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനൊപ്പം നിലവില്‍ സാങ്ഷനായ ലോണുകള്‍ സംരംഭകര്‍ക്ക് വിതരണം ചെയ്യും. മേളയില്‍ വിവിധ വകുപ്പുകളുടെ സബ്സിഡി പദ്ധതികള്‍ക്കുള്ള അപേക്ഷകളും സ്വീകരിക്കും.

നഗര പരിധിയിലെ തൊഴില്‍ രഹിതരും അര്‍ഹരുമായവര്‍ക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനു സഹായം നല്‍കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. ഉചിതമായ സംരംഭ മേഖലകള്‍ കണ്ടെത്താനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ഹെല്പ് ഡെസ്‌കുകളും മേളയില്‍ സജ്ജീകരിക്കുന്നുണ്ട്. സംരംഭകര്‍ക്ക് നിലവിലെ സംരംഭം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായങ്ങളും മേളയില്‍ ലഭ്യമാകും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9495861630, 9074046329 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അറിയിപ്പുകള്‍

കേരള മീഡിയ അക്കാദമി- പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന്കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ്് ഡിപ്ലോമ കോഴ്സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന് ഓണ്‍ലൈനായി നടക്കും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ഇന്നുതന്നെ (25.08.22) അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0484 2422275.

എം.ബി.എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 എം.ബി.എ (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു. ആഗസ്റ്റ് 30 ന് രാവിലെ 10 മുതല്‍ 12 വരെ തളിയിലുള്ള ഇ.എം.എസ് സഹകരണ പരിശീലന കോളേജിന്റെ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക:് 8547618290, 9446335303. www.kicma.ac.in.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഓഗസ്റ്റ് 26ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട രേഖകളും, ഫീസുമായി കോളേജില്‍ വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഐ.ടി.ഐ, കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 9. നും 9.30 ഇടയിലും, പ്ലസ് ടു, വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് 11 മണിവരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 9497840006.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുളള സഹകരണപരിശീലന കോളേജുകളിലേക്ക് എച്ച്.ഡി.സി ആന്‍ഡ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. www.scu.kerala.gov.in എന്ന സൈറ്റില്‍ അപേക്ഷിക്കാം. ഫോണ്‍: 0495 2306460.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ് കോമ്പൗണ്ടില്‍ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം.എഡ് കെട്ടിടം പൊളിച്ച് നീക്കം ചെയ്തുകൊണ്ടുപോകുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍ ഗവ. കോളേജ് ഓഫ് ടിച്ചര്‍ എഡ്യുക്കേഷന്‍ കോഴിക്കോട് എന്ന പേരില്‍ ഓഗസ്റ്റ് 29 ന് വൈകീട്ട് 4 മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

തൊഴില്‍ തര്‍ക്കക്കേസ് വിചാരണ

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ (ജില്ലാ ജഡ്ജ്) സെപ്റ്റംബര്‍ രണ്ടിന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ സിറ്റിങ് നടത്തും. തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന് കോഴിക്കോട് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

സാഗി യോഗം

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയില്‍ ഉള്‍പ്പെട്ട ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ പി.ഡി.പി അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 25 ന് അവലോകന യോഗം ചേരും. കെ.മുരളീധരന്‍ എം.പിയുടെ അധ്യക്ഷതയില്‍ രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മംഗല്യ പദ്ധതി ‘വിധവാപുനര്‍ വിവാഹ ധനസഹായം- അപേക്ഷ ക്ഷണിച്ചു

ബി.പി.എല്‍ വിഭാഗപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധന സഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകള്‍ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു

ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേള സംഘടിപ്പിച്ചു
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി ഗ്രാമപഞ്ചായത്തില്‍ ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ഒരു കുടുംബം ഒരു സംരംഭം പദ്ധതിയെക്കുറിച്ച് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റഹീമുദ്ദീന്‍ ക്ലാസ്സെടുത്തു. ഏപ്രിലിന് ശേഷം സാങ്ഷനായ അഞ്ച് എം.എസ്.എം.ഇ ലോണുകള്‍ മേളയില്‍ വിതരണം ചെയ്തു. ഒരു ഭവനം ഒരു സംരംഭം പദ്ധതിയുടെ അപേക്ഷകളും ചടങ്ങില്‍ സ്വീകരിച്ചു. നാല് കെ സ്വിഫ്റ്റ് ആക്‌നോളജ്‌മെന്റ്, നാല് പഞ്ചായത്ത് ലൈസന്‍സ്, 10 ഉദ്യം രജിസ്‌ട്രേഷന്‍, രണ്ട് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷന്‍ എന്നിവ ചെയ്തു നല്‍കി. 57 പേരാണ് മേളയില്‍ പങ്കെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, വിവിധ ബാങ്ക് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രിക പൂമഠത്തില്‍ സ്വാഗതവും എം.എസ്.എം.ഇ ഫസിലിറ്റേറ്റര്‍ സല്‍വ പര്‍വീണ്‍ നന്ദിയും പറഞ്ഞു.
റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങള്‍ വിലയിരുത്തി
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരസേന വിഭാഗങ്ങളിലെ നിയമനമായ അഗ്‌നീപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേണല്‍ പി.എച്ച് മഹാഷബ്‌ഡെ വിശദ വിവരങ്ങള്‍ നല്‍കി.
ഭക്ഷണം, താമസം, ശുചിമുറി, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ഒരുക്കുകയെന്ന് കേണല്‍ പി.എച്ച് മഹാഷബ്‌ഡെ പറഞ്ഞു.
ഒക്ടോബര്‍ 1 മുതല്‍ 20 വരെ നടക്കുന്ന റാലിയിലേക്ക് 35,000 ഉദ്യോഗാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കാസര്‍കോട്,പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാം. റിക്രൂട്ട്മെന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 3 വരെ ലഭ്യമാണ്.
റിക്രൂട്ട്മെന്റ് റാലി നടക്കുന്ന ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

Summary: Information and public relation department press release on August 24