ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിനോദസഞ്ചാരവകുപ്പിന്റെ പൂക്കള മത്സരം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (31/08/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍- ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
വനം,വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പട്ടിക വര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നം.92/2022,93/2022) ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ജില്ലയില്‍ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി പി.എസ്.സി ജില്ലാ ഓഫീസിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍- 0495 2371971.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എ.ഇ ആന്‍ഡ് ഐ എഞ്ചിനീയറിങ് വിഭാഗത്തിലെ ക്ലാസ് റൂം,എം.ടി ലാബ് എന്നിവിടങ്ങളില്‍ പ്രൊജക്ടര്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നതിനു വേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടുമണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 0495 2383220.
പുനര്‍ലേലം
ഫറോക്ക് പോലീസ് സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന 3 പഴയ ഡ്യൂപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സുകള്‍ സെപ്തംബര്‍ 22 ന് പകല്‍ 11 മണിക്ക് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് പുനര്‍ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 0495 2482230.
ഐ.ടി.ഐ പ്രവേശനം
ബേപ്പൂര്‍ ഗവ. ഐ.ടി.ഐ 2022 അധ്യയന വര്‍ഷത്തെ പ്രവേശനം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 മണിയ്ക്ക് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, നിശ്ചിത ഫീസ് സഹിതം രക്ഷിതാവിനോടൊപ്പം ബേപ്പൂര്‍ നടുവട്ടം ഈസ്റ്റിലുളള ഐ.ടി.ഐയില്‍ എത്തിച്ചേരണം.
ഉപഭോക്തൃ ബോധവത്ക്കരണ കലാജാഥ
ഉപഭോക്തൃ ബോധവത്ക്കരണത്തിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കലാജാഥ സംഘടിപ്പിക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമം, ഹരിത ഉപഭോഗം, പൊതുവിതരണ വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷം എന്നിവ ആസ്പദമാക്കിയാണ് കലാജാഥ ചിട്ടപ്പെടുത്തിയത്. വകുപ്പിന്റെ വീഡിയോ പ്രദര്‍ശനം. കൂത്ത്, ഓട്ടന്‍ തുള്ളല്‍, തെരുവ് നാടകം, ലഘുലേഘ വിതരണം എന്നിവ കലാജാഥയുടെ ഭാഗമായി ഉണ്ടാകും. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് കലാജാഥ അവതരിപ്പിക്കുന്നത്. ജില്ലയിലെ കലാജാഥ സെപ്തംബര്‍ രണ്ടിന് രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സിവില്‍ സ്റ്റേഷനല്‍ പരിസരത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ രാവിലെ 11 മണി, കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ രണ്ടുമണി, വടകര പുതിയ ബസ് സ്റ്റാന്റില്‍ വൈകുന്നേരം അഞ്ച് മണിക്ക് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
മുക്കം നഗരസഭയില്‍ ഡിജിറ്റലായി പണം അടക്കാം
മുക്കം നഗരസഭയിലെ ഫ്രണ്ട് ഓഫീസ് പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് ഡിജിറ്റലായി നടത്താം. ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ.ഡി (ഗൂഗിള്‍ പേ, ഫോണ്‍ പേ, മുതലായവ) തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡിജിറ്റലായി പണമടക്കാനുളള സൗകര്യം നഗരസഭ ഏര്‍പ്പെടുത്തി. നഗരസഭയും ഐ.സി.ഐ.സി.ഐ ബാങ്കും സഹകരിച്ചാണ് ഡിജിറ്റല്‍ സൗകര്യം നഗരസഭയില്‍ ഏര്‍പ്പെടുത്തിയത്.
നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.പി ചന്ദ്‌നി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സത്യനാരായണന്‍, അബ്ദുള്‍ മജീദ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണാഘോഷം- കുറ്റിച്ചിറയെ സംഗീതസാന്ദ്രമാക്കാന്‍ ഖവാലിയും സൂഫിനൃത്തവും
ഖവാലിയും സൂഫിനൃത്തവും മാപ്പിളപ്പാട്ടുകളും തുടങ്ങി സംഗീതസാന്ദ്രമായ പരിപാടികള്‍ക്കാണ് ഓണനാളുകളില്‍ കുറ്റിച്ചിറ സാക്ഷ്യംവഹിക്കുക.
വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വൈകീട്ട് കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദ്യദിനം മാപ്പിള പാട്ടുകളും രണ്ടാംദിനം ഖവാലിയും സൂഫിനൃത്തവും അവസാന ദിവസം പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് പരിപാടിയുമാണ് നടക്കുക. ഓണാഘോഷത്തിന് വര്‍ണ്ണപ്പൊലിമ ചാര്‍ത്താന്‍ കുറ്റിച്ചിറയിലെ വിവിധ സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ദീപാലങ്കാരം ചെയ്യും. കുറ്റിച്ചിറയുടെ സാസ്‌കാരിക പൈതൃകവും മിഷ്‌കാല്‍ പള്ളിയുടെ ചരിത്രവും ഗുജറാത്തി, ബോറ സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യവും പ്രതിഫലിക്കുന്ന ഓണാഘോഷമായിരിക്കും കുറ്റിച്ചിറയില്‍ നടക്കുക.
കുറ്റിച്ചിറയില്‍ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കണ്‍വീനര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, കോഡിനേറ്റര്‍ പി.ടി ആസാദ്, ട്രഷറര്‍ ഷര്‍ഷാദ് അലി എന്നിവരെ തിരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണയോഗം കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മേലടി നാരായണന്‍, പി മുഹമ്മദ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണനാളുകളില്‍ ജില്ല സര്‍ഗാത്മകമാകും
ജില്ലയില്‍ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4, 5 തിയതികളില്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് സാഹിത്യോത്സവം നടക്കുക. സെപ്റ്റംബര്‍ 4 ന് വൈകുന്നേരം 4.30 ന് സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും. ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ആര്‍. രാജശ്രീ മുഖ്യപ്രഭാഷണം നടത്തും.
എഴുത്തുകാരായ ഡോ. എം.സി അബ്ദുള്‍ നാസര്‍, കെ.വി സജയ് എന്നിവര്‍ പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ 5 ന് വൈകിട്ട് 4.30 ന് നടക്കുന്ന കാവ്യസന്ധ്യയില്‍ 30 കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കും. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്യും. പി. പി ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, വീരാന്‍കുട്ടി, ഒ.പി സുരേഷ്, ആര്യ ഗോപി, സോമന്‍ കടലൂര്‍ തുടങ്ങിയവര്‍ കാവ്യസന്ധ്യയില്‍ പങ്കെടുക്കും.
ഓണാഘോഷം- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പൂക്കള മത്സരം
ഓണാഘോഷത്തിന്റ ഭാഗമായി വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മത്സരം. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനമായി 7500 രൂപയും, മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8078288013 എന്ന നമ്പറുമായോ onamdtpc22@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടുക. ആദ്യം ലഭിക്കുന്ന 30 അപേക്ഷകളാണ് സ്വീകരിക്കുക.
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 17 കേസുകള്‍ തീര്‍പ്പാക്കി
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 17 കേസുകള്‍ തീര്‍പ്പാക്കി. 76 പരാതികളാണ് ലഭിച്ചത്. 59 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
പേവിഷ ബാധ നിയന്ത്രിക്കാനുള്ള കര്‍മ്മപദ്ധതി സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്നും തെരുവ് നായ്ക്കളുടെ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി പദ്ധതി കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രചാരണ പരിപാടികള്‍ക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവണം. ആംബുലന്‍സിന്റെ ഡോര്‍ തുറക്കാനാവാതെ രോഗി മരണപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍.ടി.ഒക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആറുപേര്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ച ആറുപേരെയും തെരഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ എന്‍.സി മോയിന്‍കുട്ടി, എം.ബിജുലാല്‍, എ.മൂസ ഹാജി, സി. കബീര്‍ദാസ്, എ.ബൈജു എന്നിവരെയും വനിതാ വിഭാഗത്തില്‍ ഇന്ദു ടി.സിയേയുമാണ് തെരഞ്ഞെടുത്തത്.
ജനറല്‍ വിഭാഗത്തിലെ അഞ്ച് അംഗങ്ങളും വനിതാ വിഭാഗത്തിലെ ഒരു അംഗം ഉള്‍പ്പെടെ ആറ് സ്ഥാനങ്ങളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പരിശോധനയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെയും നോമിനേഷന്‍ നല്‍കിയ അംഗങ്ങളുടെയും എണ്ണം തുല്യമായതിനാല്‍ നോമിനേഷന്‍ സമര്‍പ്പിച്ച ആറുപേരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
എ, ബി വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, എക്‌സ് ഓഫീഷ്യോ അംഗങ്ങളും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢിയായിരുന്നു വരണാധികാരി. 18 അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സേവനം- ഇ.കെ ചന്തുവിന് യാത്രയയപ്പ് നല്‍കി
നാല് പതിറ്റാണ്ട് നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വിലങ്ങാട് കുറ്റല്ലൂര്‍ സ്വദേശി ഇ.കെ ചന്തുവിന് യാത്രയയപ്പ് നല്‍കി. വടകര പ്രീമെട്രിക് ഹോസ്റ്റലിലെ പാചക തൊഴിലാളിയായ ഇദ്ദേഹം പതിനഞ്ചാമത്തെ വയസ്സിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. 1980 ജൂലൈ ഒന്നിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് രൂപീകരിച്ച കാലം മുതല്‍ സര്‍വീസിലുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
സര്‍വീസിന്റെ തുടക്കസമയത്ത് വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗവിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മുന്‍കൈ എടുത്ത വ്യക്തികൂടിയാണ് അദ്ദേഹം. ആദ്യകാലത്ത് രണ്ട് വര്‍ഷത്തോളം വയനാട്ടിലെ ജി ആര്‍.പി.സ്‌കൂള്‍, മേപ്പാടി, കണിയാമ്പറ്റ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങളിലും പിന്നീട് വടകര പ്രീമെടിക് ഹോസ്റ്റലിലും സേവനമനുഷ്ഠിച്ചു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
യാത്രയപ്പ് ചടങ്ങില്‍ എസ്.ടി ഡെവലമെന്റ് ഓഫീസര്‍ മഹറൂഫ് എം.കെ അധ്യക്ഷത വഹിച്ചു. മുന്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാരായ സയ്യിദ് നെയിം, ബെന്നി പി തോമസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ഷമീര്‍ എ, സലീഷ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഇ.ഒ നിസാറുദ്ദീന്‍ സ്വാഗതവും സീനിയര്‍ ക്ലര്‍ക്ക് അബ്ദുല്‍ റഹീം മാവൂര്‍ നന്ദിയും പറഞ്ഞു.