എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിൽ നിരവധി തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (28/09/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്‌നീഷ്യന്‍, ലാപ്‌ടോപ് സര്‍വീസിങ്ങ്, ടാലി അക്കൗണ്ടിംഗ് വിത് ജി.എസ്.ടി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ, വെബ് ഡിസൈസനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 0495 2370026, 8891370026.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കേന്ദ്രീയ വിദ്യാലയം രണ്ടിലെ ബാല്‍വാടിക ക്ലാസുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്- kvno2clt@gmail.com, 0495 2744200.

അധ്യാപക പരിവര്‍ത്തന പരിപാടിക്ക് തുടക്കമായി

സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരിമുക്ത കേരളം അധ്യാപക പരിവര്‍ത്തന പരിപാടിക്ക് കുന്നുമ്മല്‍ ബിആര്‍സിയില്‍ തുടക്കമായി. കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത സമൂഹത്തിനായി അധ്യാപകരും കുട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ അധ്യക്ഷനായി. കുറ്റ്യാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍ മുഖ്യാതിഥിയായി. ബി.പി.സി കെ സുനില്‍കുമാര്‍, പ്രധാന അധ്യാപകന്‍ രാജന്‍ തുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്രിന്‍സിപ്പാള്‍ (യോഗ്യത: പി.ജി, 5 വര്‍ഷത്തെ അധ്യാപന പരിചയം), എച്ച്.ആര്‍. മാനേജര്‍ (യോഗ്യത: പി.ജി), അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത: MTTM / MBA- (Travel and Tourism), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ്‌സ്, ട്യൂട്ടേര്‍സ് (യോഗ്യത: ബിരുദം), വെയര്‍ ഹൗസ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ് (യോഗ്യത: +2 / ഐ.ടി.ഐ/ ഡിപ്ലോമ) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍- 0495 2370176.

ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു

ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ വിവിധ തീരുമാനങ്ങള്‍ക്കും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിനായി ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു. 2022-23 വാര്‍ഷിക പദ്ധതി സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ എ.ബി.സി സെന്റര്‍ പ്രവര്‍ത്തനം പെട്ടന്ന് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. തെരുവുനായകൾക്ക് അഭയകേന്ദ്രം സ്ഥാപിക്കുന്നതിന് വിഹിതം നൽകുന്നതിനും മറ്റ് എ.ബി.സി പ്രവർത്തനങ്ങൾക്കുമായി 10 ലക്ഷം രൂപ അടങ്കലായുള്ള പുതിയ പ്രൊജക്ട് അടിയന്തിരമായി ഏറ്റെടുക്കാനും തീരുമാനിച്ചു.

തൊഴിൽ സഭയുമായി ബന്ധപ്പെട്ട ജില്ലാതല കൗൺസിൽ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.കോഴിക്കോട് കാൻസർ കെയർ സൊസൈറ്റി ബൈലോ യോഗത്തിൽ അംഗീകരിച്ചു. ജില്ലാപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട പ്രൊജക്ടുകളുടെ നിർവ്വഹണ പുരോഗതിയും യോഗം വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാർ ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി അഹമ്മദ് കബീര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘ഈറ്റ് റൈറ്റ്’ മേള സംഘടിപ്പിച്ചു

ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ‘ഈറ്റ് റൈറ്റ്’ മേള സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ഈറ്റ് റൈറ്റ് ഇന്ത്യ’ ചലഞ്ചിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി നടന്ന ഇന്റർ കോളേജ് മില്ലറ്റ് ബേസ്ഡ് പാചക മത്സരത്തിൽ മമ്പാട് എം. ഇ. എസ് കോളേജ് ഒന്നാം സ്ഥാനത്തെത്തി. സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവർക്ക് രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഇന്ത്യയിൽ മുഴുവൻ നടക്കുന്ന ‘ഈറ്റ് റൈറ്റ്’ ചാലഞ്ചിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കെ അറിയിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ്‌ പ്രോഗ്രാം ഇന്ത്യൻ നോഡൽ ഓഫീസർ റാഫി പി, ഫോർട്ടിഫൈഡ് റൈസ് ഇൻ ഫുഡ്‌ സേഫ്റ്റി നെറ്റ്സ് എന്ന വിഷയത്തിലും കോന്നി ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ ഇന്ദു ബാല, മെയ്ക്ക് വേ ഫോർ മില്ലെറ്റസ്‌ എന്ന വിഷയത്തിലും സെമിനാറുകൾ അവതരിപ്പിച്ചു.

കോഴിക്കോട് നോർത്ത് ഫുഡ്‌ സേഫ്റ്റി ഓഫീസർ വിഷ്ണു എസ് ഷാജി, മേഖല ഡെപ്യൂട്ടി കമ്മീഷണർ അലക്സ്‌ കെ ഐസക്, ജെ ഡി ടി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ സി. എച്ച് ജയശ്രീ, അധ്യാപകരായ ടെസ്ന മാത്യു, അബ്ദുൽ സലാം, ഐ. സി. ഡി. എസ് പ്രവർത്തകർ,സ്കൂൾ മിഡ്‌ ഡേ മീൽസ് ഓഫീസർമാർ, കച്ചവടക്കാർ, റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ലഹരിമുക്ത കേരളം: അധ്യാപക പരിവര്‍ത്തന പരിപാടിക്ക് തുടക്കമായി

ലഹരി വിമുക്ത കേരളം ക്യാംപയിനിന്റെ മുന്നോടിയായുള്ള അധ്യാപക പരിവര്‍ത്തന പരിപാടിക്ക് മേലടി ബി.ആര്‍.സിയില്‍ തുടക്കമായി. ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങുന്ന ലഹരി വിമുക്ത കേരളം ക്യാംപയിനിന്റെ മുന്നോടിയായി മേലടി ബി.ആര്‍.സി ഒന്നു മുതല്‍ പ്ലസ് 2 വരെയുള്ള ഗവ, എയ്ഡഡ് സ്‌കൂളുകളിലെ 903 അധ്യാപകര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സപ്തംബര്‍ 30 വരെ പരിശീലനം നല്‍കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെയാണ് മൂന്ന് ദിവസം നീളുന്ന പരിശീലനം.

മേലടി ബി.ആര്‍.സി കേന്ദ്രത്തില്‍ നടക്കുന്ന എല്‍.പി, യു.പി വിഭാഗം അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് നിര്‍വഹിച്ചു. ചടങ്ങില്‍ മേലടി ബി.പി സി അനുരാജ് വരിക്കാലില്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍ സി ട്രെയ്‌നര്‍മാരായ എം.കെ രാഹുല്‍, പി.അനീഷ്, കെ.സുനില്‍കുമാര്‍, പി.കെ വിജയന്‍, ഷമേജ്, ഹരീഷ്, നിമീഷ് എന്നിവര്‍ സംസാരിച്ചു.

ബി.ടി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. പ്രധാനാധ്യാപിക പി.സുചിത്ര അധ്യക്ഷത വഹിച്ചു. മേലടി ബി.പി.ഓ വി.അനുരാജ്, മഗേഷ് മലോല്‍ എന്നിവര്‍ സംസാരിച്ചു.

തീർത്ഥാടന ടൂറിസം: മുന്നേറാൻ ലോകനാർകാവ്

തീർഥാടന ടൂറിസത്തിൽ കോഴിക്കോടിന്റെ മാറ്റ് കൂട്ടാൻ ലോകനാർകാവ് ഒരുങ്ങുന്നു. ‘പിൽഗ്രിം ടൂറിസം ഡെവലപ്മെന്റ്‌ പ്രോജക്ട് അറ്റ് ലോകനാർകാവ് ടെമ്പിൾ’ പദ്ധതി ദ്രുതഗതിയിൽ നടപ്പിലാക്കാൻ തീരുമാനമായി. പദ്ധതി യാഥാർഥ്യമാവുന്നതോടെ സർഗാലയയും സാൻഡ്‌‌ ബാങ്ക്സും ലോകനാർകാവും പയംകുറ്റിമലയും ഉൾപ്പെട്ട ടൂറിസം കോറിഡോറും യാഥാർഥ്യമാവും.

ലോകനാർകാവ് തീർഥാടന ടൂറിസം പദ്ധതി മുഖേന ശുചിമുറി സംവിധാനങ്ങളോടു കൂടിയുള്ള 14 അതിഥി മുറികൾ, 11 കിടക്കകളുള്ള ഡോർമിറ്ററി, കളരി കേന്ദ്രം എന്നിവ നിർമ്മിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. ഇതിനായി 4.50 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നിലവിൽ ലോകനാർകാവിലെത്തുന്ന തീർഥാടകർക്ക് താമസിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങൾക്കുമായി സൗകര്യങ്ങൾ കുറവാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും.

കിഫ്ബിയുടെ നേതൃത്വത്തിൽ 3.74 കോടി രൂപയുടെ പ്രവർത്തികളും ലോകനാർകാവിൽ പുരോഗമിക്കുകയാണ്. തന്ത്രി മഠം നിർമ്മാണം, ഊട്ടുപുര നിർമ്മാണം, വിഷ്ണുക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗത്ത് കല്ല് പതിക്കൽ, വലിയ ചിറയുടെ സംരക്ഷണഭിത്തി നിർമ്മാണം, കൊട്ടാരം പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

ബീച്ച് ആശുപത്രിയില്‍ പേവിഷ ബാധ പ്രതിരോധ ക്ലിനിക്ക് ആരംഭിച്ചു

ഗവ.ജനറല്‍ ആശുപത്രിയില്‍ (ബീച്ച് ആശുപത്രി) പേവിഷ ബാധ പ്രതിരോധ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഉമ്മര്‍ ഫാറൂഖ്.വി നിര്‍വ്വഹിച്ചു. പേവിഷ ബാധ ഉണ്ടാക്കുന്ന മൃഗങ്ങളുടെ കടി ഏറ്റവര്‍ക്കായി പ്രത്യേക പരിചരണവും ചികിത്സയും നല്‍കുക, സമൂഹത്തില്‍ പേവിഷ ബാധക്കെതിരെ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രതിരോധ ക്ലിനിക്കിന്റെ ലക്ഷ്യങ്ങള്‍. ഇതിനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ക്ലിനിക്കില്‍ ലഭ്യമാക്കും.

മൃഗങ്ങളുടെ കടിയേറ്റ മുറിവുകള്‍ കഴുകുന്നതിനുള്ള സംവിധാനം, വാക്‌സിന്റെയും, ആന്റി റാബീസ് സിറത്തിന്റെയും ലഭ്യത, വിദഗ്ധ സേവനം വേണ്ടവര്‍ക്കായി റഫറല്‍ സംവിധാനം എന്നിവയാണ് ക്ലിനിക്കില്‍ ലഭിക്കുക. ദേശീയ ആരോഗ്യ ദൗത്യം മുഖേനയാണ് ക്ലിനിക്ക് സജ്ജമാക്കിയിട്ടുള്ളത്.

ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ (ഇന്‍ ചാര്‍ജ്ജ്) ഡോ.ഷാജി.സി.കെ, ഗവ.ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു, ആര്‍.എം.ഒ ഡോ.ശ്രീജിത്ത്, ഡോ.മുനവര്‍ റഹ്മാന്‍, ലേ സെക്രട്ടറി അഗസ്റ്റിന്‍.എ.വി, സ്റ്റോര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍, മേരി തോമസ്, ഹഫ്‌സബി, പി.ആര്‍.ഒ സോയൂസ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

വീഡിയോഗ്രഫി, പോസ്റ്റർ നിർമാണം- മത്സരം സംഘടിപ്പിക്കുന്നു

കക്കൂസ് മാലിന്യ പരിപാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ‘അദൃശ്യം’ എന്ന പേരിൽ ശുചിത്വ മിഷൻ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോ, പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിലാണ് മത്സരം. ശാസ്ത്രീയ കക്കൂസ് മാലിന്യ പരിപാലനത്തിന്റെ അനിവാര്യത സംബന്ധിച്ച് പൊതുജനാവബോധം വളർത്തുന്നതിന് ഉതകുന്ന തരത്തിലായിരിക്കണം വീഡിയോകളും പോസ്റ്ററുകളുംതയ്യാറാക്കേണ്ടത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 9 ന് മുമ്പായി ശുചിത്വ മിഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന എൻട്രിഫോമിൽ രജിസ്റ്റർ ചെയ്ത് വീഡിയോകളും പോസ്റ്ററുകളും അപ് ലോഡ് ചെയ്യണം. എച്ച്.ഡി എം.പി 4 ഫോർമാറ്റിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തതിന്റെ വീഡിയോ ലിങ്കും ശുചിത്വ മിഷൻ ലഭ്യമാക്കുന്ന ഗൂഗിൾ ഫോമിൽ നൽകണം. പോസ്റ്റർ ഡിസൈനിങ്ങിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 200 റെസൊല്യൂഷനിൽ തയ്യാറാക്കിയ മുകളിൽ സൂചിപ്പിച്ചിട്ടുളള വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള പോസ്റ്റർ ഡിസൈൻ സമർപ്പിക്കാം.

ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് അഥവാ കക്കൂസ് മാലിന്യ പരിപാലനം ശാസ്ത്രീയമാക്കി ജലഗുണനിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ഇതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളോട് അനുഭാവ സമീപനം പൊതുജനങ്ങളിൽ വളർത്തുന്നതിനുമാണ് ‘അദൃശ്യം’ എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്. മേക്കിങ് ഇൻവിസിബിൾ വിസിബിൾ എന്ന ടാഗ് ലൈനാണ് മത്സരത്തിനു നൽകിയിരിക്കുന്നത്.

വീഡിയോ നിർമ്മാണത്തിന് ഒന്നാം സമ്മാനം 25,000 രൂപയും സർട്ടിഫിക്കറ്റുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 10,000 രൂപയും സർട്ടിഫിക്കറ്റുമാണ്. പോസ്റ്റർ നിർമ്മാണത്തിന് ഒന്നാം സമ്മാനം 15,000 രൂപയും സർട്ടിഫിക്കറ്റുമാണ്. രണ്ടാം സമ്മാനം10,000 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനം 5,000 രൂപയും സർട്ടിഫിക്കറ്റുമാണ്. കൂടുതൽ വിവരങ്ങൾ ശുചിത്വ മിഷൻ വെബ്സൈറ്റിലും ഫേസ്ബുക് പേജിലും ലഭ്യമാണ്.

മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കും- വനിതാ കമ്മീഷന്‍ അധ്യക്ഷ

മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് തുടങ്ങിയ നാല് തലങ്ങളില്‍ ഓരോ അവാര്‍ഡുകളാണ് നല്‍കുക. ജാഗ്രത സമിതികള്‍ കാര്യക്ഷമമാകുന്നതിലൂടെ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അദാലത്തില്‍ 80 പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയത്. ഇതില്‍ 25 എണ്ണം തീര്‍പ്പാക്കി. തുടര്‍ച്ചയായുള്ള കൗണ്‍സിലിങ്ങിലൂടെ ഒരു ദമ്പതികളെ ഒന്നിപ്പിക്കാന്‍ കമ്മീഷന് സാധിച്ചു. 48 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. എഴ് പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷന്‍ പരിഗണിച്ചു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാതി പെടാനും അതിന് പരിഹാരം തേടാനാവശ്യമായ സംവിധാനം ഉറപ്പുവരുത്തണമെന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ ത്രിതല പഞ്ചായത്തിലും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ശുപാര്‍ശയും സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കമ്മീഷന്‍ ഡയറക്ടര്‍ എസ്.പി ഷാജി സുഗുണന്‍, അഭിഭാഷകരായ റീന സുകുമാരന്‍, മിനി, ശരണ്‍പ്രേം, ലിസി തുടങ്ങിയവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ നിന്നുള്ള കൗണ്‍സിലര്‍മാരുടെ സേവനവും സിറ്റിങില്‍ ലഭ്യമായി.