വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ ഇനി വൈകേണ്ട! പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ സൈക്കോളജി അപ്രന്റീസായി താത്കാലിക നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ എം.എസ്സി) ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 19 ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 8289853275

ടെൻഡറുകൾ ക്ഷണിച്ചു

തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 നവംബർ മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡറുകൾ ഒക്ടോബർ 20 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0496 2555225, 9562246485

അപേക്ഷ ക്ഷണിച്ചു

2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക് ആദ്യ വർഷം പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ നൽകേണ്ട അവസാന തിയ്യതി നവംബർ 30. അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : www.ksb.gov.in,

അപേക്ഷ ക്ഷണിച്ചു

കോവിഡ്- 19- വ്യാപനം (രണ്ടാം – തരംഗം) കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള 1000/- രൂപ ധനസഹായം ഇനിയും ലഭിക്കാത്ത മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളികൾ അതാത് ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. ഒക്ടോബർ 30 ന് അനുവദിച്ച ഫണ്ട് സറണ്ടർ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383472

പരിശീലനം നൽകുന്നു

വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കർഷക പരിശീലന കേന്ദ്രം നവംബർ 2 ,3, 4 തിയ്യതികളിൽ നേഴ്സറി പരിപാലനവും സസ്യ പ്രജനന രീതികളും എന്ന വിഷയത്തിൽ 30 കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. കോഴിക്കോട് ,വയനാട് ജില്ലകളിൽ നിന്നും താൽപര്യമുള്ള കർഷകർ 0495-2373582 എന്ന നമ്പറിൽ ഒക്ടോബർ 26 ന് മുൻമ്പായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ:0495-2373582

ക്വട്ടേഷൻ ക്ഷണിച്ചു

നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോൾഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസൻസിനു സ്വീകരിക്കുവാൻ ക്വട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു .ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 29 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിയ്ക്ക് തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് നഗര കാർഷിക മൊത്ത വിപണന കേന്ദ്രം,വേങ്ങേരി,കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടാം.

സീറ്റൊഴിവ്

മലപ്പുറം സർക്കാർ കോളേജിൽ ബിരുദ പ്രവേശനത്തിന് ഒഴിവുകൾ ഉണ്ട്. ബി.എ എക്കണോമിക്സ് (എസ് ടി, ഒ.ബി.എക്സ്), ബി.എ. ഇസ്ലാമിക് ഹിസ്റ്ററി (ഇ.ഡബ്ല്യു.എസ്, എസ്.ടി, ഒ.ബി.എക്സ്) , ബി.കോം (എസ്.ടി) , ബി.എസ്.സി ഫിസിക്സ് (എൽ.സി, എസ്.സി, എസ്.ടി, ഭിന്നശേഷി, സ്പോർട്സ്) , ബി.എസ്.സി കെമിസ്ട്രി (എസ്.ടി, ഭിന്നശേഷി ,സ്പോർട്സ്), ബി.എ ഉർദു (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി), ബി.എ അറബിക് (ഈഴവ, ഇ.ഡബ്ല്യൂ.എസ്, എസ്.സി, എസ്.ടി) സീറ്റുകളിലേക്കാണ് ഒഴിവുകൾ. അസൽ രേഖകൾ സഹിതം ഒക്ടോബർ 19 രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ കോളേജിൽ റിപ്പോർട്ട് ചെയ്യണം.

വിജ്ഞാപനം ക്ഷണിച്ചു

കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2022 -23 പദ്ധതിയിലേക്ക് വിജ്ഞാപനം ക്ഷണിച്ചു. പദ്ധതിയിൽ ചേരേണ്ട അവസാന തീയതി ഡിസംബർ 31. www.pmfby.gov.in ഓൺലൈൻ വഴി അംഗമാവാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ 0471-2334493 ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

ക്വിസ് മത്സരം സംഘടിപ്പിക്കും

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്‌സ് പ്രതിരോധ – നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 22ന് രാവിലെ 9.30 ന് കുതിരവട്ടം ജില്ലാ ക്ഷയരോഗ കേന്ദ്രം ഓഡിറ്റോറിയത്തിലാണ് മത്സരം. കോളേജുകളിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ടീമുകൾക്ക് docdapcukkd@gmail.com എന്ന ഇമെയിലിൽ ഒക്ടോബർ 19 ന് മുൻപായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9747541150

തേനീച്ച കോളനി വിതരണം ചെയ്തു

ചക്കിട്ടപാറ പഞ്ചായത്തിലെ തേനിച്ച കൃഷി പ​ദ്ധതിയോടനുബന്ധിച്ചുള്ള തേനീച്ച കോളനിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവ്വഹിച്ചു. പഞ്ചായത്തും, സ്റ്റാർസ് കോഴിക്കോടും, നബാർഡും സംയുക്തമായി നടപ്പിലാക്കുന്ന തേനീച്ച കൃഷിയുടെ ഭാ​ഗമായാണ് കർഷകർക്ക് സൗജന്യമായി തേനീച്ച കോളനി വിതരണം ചെയ്യുന്നത്.

പഞ്ചായത്തിലെ ആയിരം കർഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് തേനിച്ച കൃഷി പ​ദ്ധതി ആരംഭിച്ചത്. തേനീച്ച നഴ്സറിയിലൂടെ കർഷകർക്ക് പരിശീലനം നൽകി അവരെ സംരംഭകരാക്കി ഉപജീവനത്തിനുള്ള വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 300 പേർക്ക് പരിശീലനം നൽകി പെട്ടിയും തേനീച്ചയും വിതരണം ചെയ്തു. നവംബറിൽ ആരംഭിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 200 കർഷകർക്ക് പരിശീലനം നൽകും.

തേനീച്ച കൃഷി നടത്തി കൊണ്ടിരിക്കുന്ന കർഷകർക്ക് പ്രോത്സാഹനമായാണ് 1500 രൂപ വില വരുന്ന തേനീച്ച കോളനി സൗജന്യമായി നൽകിയത്. പഞ്ചായത്ത് സബ്സിഡിയിലാണ് തേനിച്ച കോളനി നൽകുന്നത്. കർഷകർക്ക് കൃത്യമായ പരിശീലനവും നൽകും.

ചടങ്ങിൽ സ്റ്റാർസ് ഡയറക്ടർ ഫാദർ ജോസ് പ്രകാശ് സി.എം.ഐ അധ്യക്ഷത വഹിച്ചു. ഫാദർ ജോജോ സി.എം.ഐ, ജോർജ് കുമ്പയ്ക്കൽ, പ്രോജക്ട് മാനേജർ റോബിൻ മാത്യു, പ്രോജക്ട് ഓഫീസർ ജോമോൻ എന്നിവർ സംസാരിച്ചു.

ലഹരി വിമുക്ത ക്യാമ്പയിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമായി

ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രചാരണ ക്യാമ്പയിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമായി. സ്മാർട്ട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിലാണ് മണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ പരിപാടികളാണ് നടത്തുന്നത്. ലഹരി വിരുദ്ധ ചിത്രപ്രദർശനം, സിനിമ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും സംഘടിപ്പിക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും കൂട്ടയോട്ടം നടത്തും. ഹയർസെക്കൻഡറി കുട്ടികൾക്കായി രചന മത്സരങ്ങളും സംഘടിപ്പിക്കും.

പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം പുറമേരി കെ.ആർ.എച്ച്.എസ്.എസിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പുറമേരി ടൗണിൽ നടന്ന കൂട്ടയോട്ടം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതിലക്ഷ്മി അധ്യക്ഷയായി. സ്മാർട്ട് കുറ്റ്യാടി കോർഡിനേറ്റർ മോഹൻദാസ് പദ്ധതി വിശദീകരിച്ചു.

സി.എം വിജയൻ മാസ്റ്റർ, പി.പി മനോജ് (ബി പി സി തൂണേരി), പഞ്ചായത്ത് അംഗങ്ങളായ ഗീത എം.എം, വിജിഷ കെ.എം, ബീന കല്ലിൽ, ജിഷ ഒ.ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹേമലത തമ്പാട്ടി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സുധാവർമ്മ നന്ദിയും പറഞ്ഞു.

അങ്കണവാടി നിർമ്മിക്കാൻ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും

മരുതോങ്കര ഗ്രാമപഞ്ചായത്ത് സൗത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത കളിവീട് അങ്കണവാടിക്ക് താൽക്കാലിക കെട്ടിടം ഒരുങ്ങുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. ദിവസങ്ങളായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സജിത്തും മറ്റ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും.

പഞ്ചായത്തിലെ 23 അങ്കണവാടികളിൽ 22 അങ്കണവാടികൾക്കും സുരക്ഷിതമായ കെട്ടിടമുണ്ട്. 10 വർഷമായി ഓല ഷെഡിൽ പ്രവർത്തിച്ചുവരുന്ന അങ്കണവാടിക്ക് ഓടുമേഞ്ഞ താൽക്കാലിക കെട്ടിടമാണ് ഒരുക്കുന്നത്. പ്രദേശത്തെ 22 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

നാട്ടുകാരുടെ നേതൃത്വത്തിലുള്ള നിർമ്മാണ കമ്മിറ്റി ഇരുമ്പുകാലിൽ ഓടിട്ട മേൽക്കൂര ഒരുക്കി. തുടർന്ന് ഭിത്തി കെട്ടാനാണ് പഞ്ചായത്ത് പ്രസിഡന്റ് സജിത്തും മറ്റ് പഞ്ചായത്ത്‌ അംഗങ്ങളും എത്തിയത്. പ്രസിഡന്റ് ആവുന്നതിന് മുൻപ് ഏറെക്കാലം നിർമ്മാണ മേഖലയിൽ തൊഴിലാളിയായിരുന്നു സജിത്ത്.

ജലസേചന വകുപ്പിന്റെ സ്ഥലത്താണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. വകുപ്പിൽ നിന്ന് സ്ഥലം വിട്ടു കിട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ സൗകര്യത്തോടും കൂടിയ കോൺക്രീറ്റ് കെട്ടിടം അധികം വൈകാതെ തന്നെ പണിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.

സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം: സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു

കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കുള്ള കുറിപ്പ്’ എന്ന വിഷയത്തിൽ കോഴിക്കോട് മേഖലാ തലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.

വിദ്യാഭ്യാസത്തെ കുറിച്ചുള്ള പൊതുവായ കാര്യങ്ങളും 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി. പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ചർച്ച എങ്ങനെ നടപ്പിലാക്കണം, ചർച്ച നടത്തേണ്ടത് എങ്ങനെ, വിവരങ്ങൾ ക്രോഡീകരിക്കേണ്ട രീതി തുടങ്ങിയവയുടെ പരിശീലനവും റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകി. എല്ലാ വിഭാ​ഗം ജനങ്ങളുടെയും അഭിപ്രായം പരി​ഗണിച്ച് പൊസിഷൻ പേപ്പറുകൾ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നാല് കേരള പാഠ്യപദ്ധതി ച‌ട്ടക്കൂടുകളുടെ കരട് തയ്യാറാക്കുകയും ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തി പാഠ്യപദ്ധതി ച‌ട്ടക്കൂടുകൾ രൂപീകരിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളും അനുബന്ധ സമാ​ഗ്രികളും വികസിപ്പിക്കും.

കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട്​ കോ-ഓർഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽകുമാർ മുഖ്യാതിഥിയായി. ഡയറ്റ് ലക്ചറർ മിത്തു തിമോത്തി പദ്ധതി വിശദീകരിച്ചു. എസ്.സി.ഇ.ആർ.ടി റിസേർച്ച് ഓഫീസർമാരായ ഡോ. എൽ സുദർശൻ, ഡോ. എം.‌ടി ശശി, ഡോ.സഫറുദ്ദീൻ, ജഗദീഷ്, കെ സതീഷ് കുമാർ, നടക്കാവ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജലൂഷ് എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർമാരായ ബി. ശ്രീജിത്ത് സ്വാ​ഗതവും ഡോ. എ.കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

പരിശീലന പരിപാടിയിൽ കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 55 പേർ പങ്കെടുത്തു. ഡയറ്റ് കോ-ഓർഡിനേറ്റേഴ്സ്, എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റീസ് എന്നിവരും പങ്കാളികളായി.