ജെന്റർ അവയർനസ്സ് പ്രോഗ്രാമിലെ കലാപ്രകടനങ്ങൾക്കായി കോളേജ് വിദ്യാർത്ഥികളായ മത്സരാർത്ഥികളെ ക്ഷണിക്കുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 30-ആണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങൾക്ക്: 0495 2461197
ഐ സി ഡി എസ് അർബൻ 4 കോഴിക്കോട്, 2022-23 വർഷത്തിൽ അങ്കണവാടികൾക്കാവശ്യമായ കണ്ടിജൻസി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29. കൂടുതൽ വിവരങ്ങൾക്ക് 0495 2481145
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ഡിസംബര്‍ 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.inഎന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍.പി.ഒ കോഴിക്കോട് 673005 എന്ന വിലാസത്തില്‍ അയയ്ക്കണം. സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു എന്നും ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2966577, 9188230577.
അറിയിപ്പ്
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ നിന്നും റഫർ ചെയ്ത് ഡിസംബർ 13 ന് ഉച്ചക്ക് 2.27 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ചികിത്സയിലിരിക്കെ ഡിസംബർ 16ന് രാത്രി 9.15 ന് മരണപ്പെട്ട ഷാജി(60) എന്നയാളെ അന്വേഷിച്ച് ഇതുവരെ ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ അറിയുന്നവർ വെളളയിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്ന് വെളളയിൽ പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.
സൗജന്യ പരിശീലന ക്ലാസ്
പി.എസ്.സി /വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേയിഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് :9446043234 , 04962630588
ലേലം ചെയ്യുന്നു
വില്പന നികുതിയിനത്തിൽ 6,92,363 രൂപയും പലിശയും കലക്ഷൻ ചാർജ്ജും നോട്ടീസ് ചാർജ്ജും ഈടാക്കുന്നതിനായി കെ.പി രാജീവൻ ന്യൂ കാവേരി ട്രേഡേഴസ്, ചാമക്കുന്നുമ്മൽ കല്ലോട് എന്നയാളിൽ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കിൽ എരവട്ടുർ വില്ലേജിൽ കല്ലോട് ദേശത്ത് റീസ 78, ഭാഗത്തിൽപ്പെട്ട 0.1012 ഹെക്ടർ ഭൂമിയുടെ ലേലം ഡിസംബർ 23 ന് രാവിലെ 11.30 മണിയ്ക്ക് എരവട്ടൂർ വില്ലേജിൽ നടക്കും. സർക്കാരിന്റെ എല്ലാ നിബന്ധനകളും ലേലത്തിന് ബാധകമായിരിക്കുമെന്ന് വടകര തഹസിൽദാർ അറിയിച്ചു.
ദേശീയ ഉപഭോക്തൃ വാരാചരണം: മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി നാളെ (ഡിസംബർ 18) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസ രചന, പ്രസംഗം, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ യു പി സ്കൂളിൽ രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് :0495 2370655
ജെന്റർ അവയർനസ്സ് പ്രോഗ്രാം: മത്സരാർത്ഥികളെ ക്ഷണിക്കുന്നു
സമൂഹത്തിൽ ലിംഗ സമത്വത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജെന്റർ അവയർനസ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി “ലിംഗ പദവിയും നേതൃത്വവും’ എന്ന വിഷയത്തിൽ കലാ പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിന് മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കോളേജുകളിൽ നിന്ന് മത്സരാർത്ഥികളെ ക്ഷണിക്കുന്നു. ജെന്റർ പാർക്കിൽ നടക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ഡിസംബർ 25 -ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9846814689 , campus@genderpark.gov.in
ജല ജീവൻ മിഷനിൽ നിയമനം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക് അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. ജലവിതരണ പദ്ധതികളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം .പരമാവധി വേതനം -43155 . ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യൂ ആണ് യോഗ്യത. സാമൂഹിക സേവനത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം , പരമാവധി വേതനം -27550 . മീഡിയ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത.മാധ്യമ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം പരമാവധി വേതനം -21850. ജല ജീവൻ മിഷൻ വോളന്റീയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക് /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം , പരമാവധി വേതനം -20760. ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 24. വിശദവിവരങ്ങൾക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക ഫോൺ : 0495 2370220, 6238096797, മെയിൽ ഐഡി projectkkdint@gmail.com
ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്- പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം
ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ‘ബേപ്പൂർ കാഴ്ചകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോൺ ക്യാമറകള്‍ ഉപയോഗിച്ചും പ്രൊഫഷണൽ ക്യാമറകള്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ വ്യക്തമായ ഫോട്ടോകള്‍ ബയോഡാറ്റ സഹിതം beyporefestvideo@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അയയ്ക്കണം. പ്രൊഫഷണൽ ക്യാമറ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 18×12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളുടെ പ്രിന്റ് നേരിട്ടോ തപാല്‍ മുഖാന്തിരമോ സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തിൽ ഡിസംബര്‍ ഇരുപതിനകം അയയ്ക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ . ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് വേദിയില്‍ പ്രദര്‍ശിപ്പിക്കും.
കേരള സ്കൂൾ കലോത്സവം: സ്വർണ്ണ കപ്പ് ഘോഷയാത്രയോടെ കോഴിക്കോട് എത്തിക്കും
കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾക്കുള്ള സ്വർണ്ണ കപ്പ് ഘോഷയാത്രയോടെ കോഴിക്കോടെത്തിക്കും. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാടുനിന്നാണ് സ്വർണ്ണ കപ്പ് മത്സരവേദിയിലെത്തിക്കുക. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നേരിൽ കാണാൻ സാധിക്കുന്ന തരത്തിൽ കപ്പ് പ്രദർശിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.
പരാതികളില്ലാതെ മികച്ച രീതിയിൽ സ്കൂൾ കലോത്സവം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഡിസംബർ 25 നകം സബ് കമ്മിറ്റികൾ അവരുടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഓരോ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി.
യോഗത്തിൽ കലോത്സവത്തിന്റെ പോസ്റ്റർ മുൻ എം.എൽ.എ എ.പ്രദീപ് കുമാറിന് നൽകി മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഓഫീസ് ദിവസവും രാവിലെ ഒൻപത് മണി മുതൽ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ഡി.ജി.ഇ കെ. ജീവൻ ബാബു, ഡി.ഡി.സി എം.എസ് മാധവികുട്ടി, വിദ്യാഭ്യാസ ഉപഡയറക്ടർ കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എം മുഹമ്മദലി, പി കെ എം ഹിബത്തുള്ള, കെ.കെ ശ്രീഷു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. വിവിധ കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് നടക്കുന്നത് നാടിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകൾ – മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിനാലൂർ കെ.എസ്.ഐ.ഡി.സി ഇൻഡസ്ട്രിയൽ പാർക്കിൽ ആരംഭിച്ച ക്രേസ് ബിസ്‌ക്കറ്റ്സ് ഫുഡ് ഫാക്ടറി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യമുള്ള ജനത, മെച്ചപ്പെട്ട കൂലി, ഉന്നത വിദ്യാഭ്യാസം ലഭിച്ച മനുഷ്യ വിഭവശേഷി തുടങ്ങി ഏത് ഘടകം പരിശോധിച്ചാലും രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ കൃത്യമായ ദിശാ ബോധത്തോടെയാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്.
വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കൂടുതൽ മുന്നേറ്റം നടത്താനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ ഒരുങ്ങിയ ക്രേസ് ബിസ്‌ക്കറ്റ്സ് കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ഫാക്ടറിയാണ്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രത്യക്ഷമായി അഞ്ഞൂറിലധികം പേർക്കും പരോക്ഷമായി ആയിരത്തിലധികം പേർക്കും സ്ഥാപനം തൊഴിൽ നൽകുന്നു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 1,06,380 സംരംഭങ്ങൾ പുതുതായി കേരളത്തിൽ രജിസ്റ്റർ ചെയ്തെന്നും 6,524 കോടിയുടെ നിക്ഷേപവും 2,30,847 തൊഴിലവസരവും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടന്നും മന്ത്രി പറഞ്ഞു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
എം.കെ രാഘവൻ എം.പി, കെ.എം സച്ചിൻ ദേവ് എം.എൽ. എ, വ്യവസായ-വിദ്യാഭ്യാസ – റവന്യൂ ( വഖഫ് ) പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ക്രേസ് ബിസ്‌ക്കറ്റ്സ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി സ്വാഗതവും ഡയറക്ടർ അലി സിയാൻ നന്ദിയും പറഞ്ഞു.
ഐസൊലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു; എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്ക് സാധിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ഐസോലേഷന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയറ എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ 10 ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
അപ്രതീക്ഷിതമായി വരുന്ന പകര്‍ച്ചവ്യാധികളെ കരുതലോടെ നേരിടുക, വ്യാപനമില്ലാതെ ചികിത്സിക്കുക എന്നതാണ് ഐസൊലേഷന്‍ വാര്‍ഡുകളുടെ ലക്ഷ്യം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഐസൊലേഷന്‍ വാര്‍ഡ് വേണമെന്ന ചിന്തയില്‍ നിന്നാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇവ ഒരുക്കാന്‍ തീരുമാനിച്ചത്. ഇതിന് എംഎല്‍എമാര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ബാക്കി വരുന്ന ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനു പുറമേ മറ്റ് ആരോഗ്യസേവനങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷന്‍ അടക്കമുള്ള പദ്ധതികളിലൂടെ ആരോഗ്യ മേഖലയില്‍ മികച്ച മുന്നേറ്റം നടപ്പാക്കാനായി. ഇത് ആരോഗ്യ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിച്ചു. ജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ മേഖലയും കോവിഡ് പ്രതിരോധത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തി. വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
2023 ജനുവരി അവസാനത്തോടെ കേരളത്തില്‍ 75 ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ സംസ്ഥാനത്ത് മുപ്പത് ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തില്‍ 484 സ്ഥാപനങ്ങള്‍ വഴി ഇ-ഹെല്‍ത്തിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഓണ്‍ലൈനായി ഒപി ടിക്കറ്റെടുത്ത് പരിശോധനക്ക് വരാന്‍ സാധിക്കും. ലാബ് ടെസ്റ്റുകളുടെ റിസള്‍ട്ടുകള്‍ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സംവിധാനവും ഇ-ഹെല്‍ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സര്‍ക്കാറിന്റെ കാലത്ത് മാത്രം 255 സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. 2023 മാര്‍ച്ച് മാസത്തോടെ 600 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇ-ഹെല്‍ത്തിന്റെ സഹായത്തോടെ കാന്‍സര്‍ സ്യൂട്ടുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഹോം സ്‌ക്രീനിങിന് വിധേയമാക്കുകയും അതിന് വേണ്ട ചികിത്സകള്‍ ഉറപ്പാക്കുകയും ചെയ്യും. മലബാര്‍ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്ററും മറ്റ് ആശുപത്രികള്‍ അനുബന്ധമായും തെക്കന്‍ കേരളത്തില്‍ ആര്‍സിസിയും മധ്യ കേരളത്തില്‍ കൊച്ചിന്‍ കാന്‍സര്‍ സെന്ററുമാണ് കാന്‍സര്‍ ചികിത്സ ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ വികസനത്തിന്റെ നിര്‍ണ്ണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും കേരളം ഉയര്‍ന്ന ആരോഗ്യ നിലവാരം കൈവരിച്ചു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാവും വിധത്തിലുള്ള സമഗ്രവളര്‍ച്ചയാണ് ആരോഗ്യ മേഖലയിലുള്ളത്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ റനീഷ്.ടി, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡി.എച്ച്.എസ് ഡോ. മീനാക്ഷി വി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, കെ.എം.എസ്.സി.എല്‍ എം.ഡി ഡോ. ചിത്ര എസ്, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ.എ.ഷിബുലാല്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍
പകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങി. കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡാണ് ഒരുക്കുന്നത്. എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എല്‍. ആണ്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി കോഴിക്കോട് നിർവഹിച്ചത്.
തിരുവനന്തപുരം സി.എച്ച്.സി. പൂവാര്‍, കൊല്ലം സി.എച്ച്.സി. നെടുങ്കോലം, സി.എച്ച്.സി. നെടുമ്പന, സി.എച്ച്.സി. തെക്കുംഭാഗം, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, സി.എച്ച്.സി. പഴഞ്ഞി, സി.എച്ച്.സി. പഴയന്നൂര്‍, മലപ്പുറം സി.എച്ച്.സി. വളവന്നൂര്‍, കോഴിക്കോട് ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ഗവ. ഡെര്‍മറ്റോളജി ചേവായൂര്‍ എന്നിവിടങ്ങളിലെ ഐസോലേഷന്‍ വാര്‍ഡുകളാണ് ഉദ്ഘാടനം ചെയ്തത്.
പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്‌സ് റൂം, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ ഓരോ ഐസോലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സംരംഭങ്ങൾക്ക് സൗഹൃദ അന്തരീക്ഷം; മന്ത്രി പി രാജീവ്
സംസ്ഥാനത്ത് സംരംഭങ്ങൾ ആരംഭിക്കാൻ സൗഹൃദ അന്തരീക്ഷമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കുറ്റ്യാടി മണ്ഡലത്തിൽ ആരംഭിക്കുന്ന നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 8 മാസം കൊണ്ട് 1 ലക്ഷം പുതിയ സംരംഭങ്ങൾക്കാണ് തുടക്കമായത്. ഇതിലൂടെ നിരവധി പേർക്ക് തൊഴിലും ലഭിച്ചു. സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി കുറ്റ്യാടിയിലും ചെറുകിട സംരംഭങ്ങൾ ആരംഭിക്കണമെന്നും സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നാളീകേര പാർക്ക് യാഥാർഥ്യമാവുന്നതോടെ പ്രാദേശത്തെ സമ്പദ്ഘടനയിലും അടിമുടി മാറ്റമുണ്ടാകും. 2024 സാമ്പത്തിക വർഷം മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നാളികേര അധിഷ്ഠിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 7.53 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികൾ 2023 ഡിസംബർ മാസത്തോടെ പൂർത്തിയാക്കും.
ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ മാരായ കെ.കെ. ലതിക, പാറക്കൽ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ, ഡി.ഐ.സി ജനറൽ മാനേജർ ബിജു പി എബ്രഹാം, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ ജി അശോക് ലാൽ, ബ്ലോക്ക് -പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.