സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകള്‍ക്കായി അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/08/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകള്‍

കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി സൗജന്യ കോച്ചിങ് ക്ലാസുകള്‍ നടത്തുന്നു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി /വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. വിവരങ്ങള്‍ക്ക് 9446243264, 9446833259, 9744552406 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

റീ ടെണ്ടര്‍ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റ ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്, കാര്‍) ആവശ്യമുണ്ട്. താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും റി ടെണ്ടര്‍ ക്ഷണിച്ചു. മുദ്ര വച്ച ടെണ്ടര്‍ ഓഗസ്റ്റ് 23ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭ്യമാക്കണം. 0496- 2501822.

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19,20 തീയ്യതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ കര്‍ഷകര്‍ ഓഗസ്റ്റ് 18ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനീംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2763473.

അനസ്തേഷ്യോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരണ്ടതാണ്. ഫോണ്‍:0495 2355900.

യോഗ പരിശീലക നിയമനം

ജില്ലയില്‍ വനിതാ ശിശു വികസന കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ.മഹിളാമന്ദിരം, ഗവ. ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുളള വനിതകളായ യോഗ പരിശീലകരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് മുന്‍പായി ഇ മെയിലായി (dwcdokkd@gmail.com) അപേക്ഷ സമര്‍പ്പിക്കണം. കൂടിക്കാഴ്ച ഓഗസ്റ്റ് 25 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍ രാവിലെ 10 മണിക്ക് നടത്തും.ഫോണ്‍: 0495 2370750, 9188969212.

മേട്രണ്‍ നിയമനം

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. അവസാന തീയ്യതി: ഓഗസ്റ്റ് 25.
ഫോണ്‍: 0495 2369545.

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

ഐ.സി.ഡി.എസ് കൊടുവളളി അഡീഷണല്‍ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി തോറ്റവരും എന്നാല്‍ എഴുത്തും വായനയും അിറയുന്നവരും ആയിരിക്കണം.ഫോണ്‍: 0495 2281044.

പാലുല്‍പന്ന നിര്‍മ്മാണ പരിശീലനം

ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് ഓഗസ്റ്റ് 19 മുതല്‍ 30 വരെ പാലുല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോണ്‍-0495 2414579

അപേക്ഷ ക്ഷണിച്ചു

ഗവ: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കെ.എ.എസ്.പി കീഴില്‍ സൈക്കോളജിസ്റ്റ്, അഡീഷണല്‍ പി.ആര്‍.ഒ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

മരം ലേലം

കോഴിക്കോട് ജില്ല പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അധീനതയിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്തുള്ള മരങ്ങള്‍ ലേലം ചെയ്യുന്നു. ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്കാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722673.

താത്കാലിക ഒഴിവ്

കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608

ലോഗോ ക്ഷണിച്ചു

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ നായി ലോഗോ സൃഷ്ടികള്‍ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖാന്തിരം ആണ് സൃഷ്ടികള്‍ സ്വീകരിക്കുക. സൃഷ്ടികള്‍ onamdtpc22@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലേക്ക് ഓഗസ്റ്റ് 19ന് വൈകീട്ട് 5 വരെ സമര്‍പ്പിക്കാവുന്നതാണ്. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പി.ഡി.എഫ് വെക്ടര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാള്‍ക്ക് പരമാവധി 3 ഡിസൈനുകള്‍ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2720012.

ആട് വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആട് വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 19 നു കേന്ദ്രത്തില്‍ വെച്ച് രാവിലെ 10.00 മുതല്‍ പരിശീലനം നടക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം. പരീശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 -2815454, 9188522713 എന്ന നമ്പരില്‍ മുന്‍കൂട്ടിരജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

തിയ്യതി നീട്ടി

2021 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌കാരത്തിനും യുവ ജന ക്ലബുകള്‍ക്കുമുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിക്കുന്ന തിയ്യതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 31 വരെയാണ് ദീര്‍ഘീപ്പിച്ചത്. വിവരങ്ങള്‍ക്ക് -0495 2373371.

 

ഓണാഘോഷം: നഗരം ദീപാലംകൃതമാക്കുമെന്ന് ജില്ലാ കലക്ടര്‍

ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും.സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്സ് അസോസിയേഷനുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അഭ്യര്‍ഥിച്ചു. മികച്ച രീതിയില്‍ ദീപാലങ്കാരം ചെയ്യുന്ന ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക.

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക.ഇക്കാലയളവിലാണ് ദീപാലങ്കാരം ചെയ്യേണ്ടത്.ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍, ബേപ്പൂര്‍ എന്നീ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കൃഷ്ണകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍, ജനറല്‍ കണ്‍വീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി.ജി അഭിലാഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖില്‍ ദാസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി. നിഖില്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ആഗസ്റ്റ് 17 വരെ പത്രിക സമര്‍പ്പിക്കാം

കോര്‍പറേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന് ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകള്‍ സ്വീകരിക്കും. നാമനിര്‍ദേശ പത്രിക അതത് കോര്‍പറേഷന്‍ വരണാധികാരിയുടെ ഓഫീസില്‍ നിന്നും ആഗസ്റ്റ് 17 വരെ ലഭിക്കും. പത്രികകള്‍ വരണാധികാരിയുടെ ഓഫീസില്‍ തപാല്‍ മുഖേന എത്തിക്കുകയോ ഓഫീസിന് മുന്നിലെ പെട്ടിയില്‍ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം. ആഗസ്റ്റ് 23ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും.