തൊഴിൽ തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരമുണ്ട്, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (15/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

വാഹന ഗതാഗത നിയന്ത്രണം

മണ്ണൂർ വളവ്- മുക്കത്തുകടവ്- ഒലിപ്രം കടവ് റോഡിൽ ചെയിനേജ് 1/200 നും 1/400 നും ഇടയിൽ കിഴക്കുമ്പാട് മദ്രസക്ക് സമീപം കൾവെർട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 17 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മുക്കത്തു കടവിലേക്ക് പോകേണ്ട വാഹനങ്ങൽ മുക്കത്തുകടവ് ടി സി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.

‘മികവ് 2022’ ; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

2021-22 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ‘മികവ് 2022’ മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 33 വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ വീതം 99000 രൂപയും ഫലകവും വിതരണം ചെയ്തു. ചടങ്ങില്‍ മികച്ച സഹകരണ സംഘം, മത്സ്യബന്ധന ഗ്രൂപ്പ്, ആസാദി കാ അമൃത് മഹോല്‍സവത്തില്‍ പങ്കെടുത്ത എസ്എച്ച്ജി, അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികളെ അംഗങ്ങളാക്കിയ സംഘങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനതല കേരളോത്സവം; ജില്ലാ കേരളോത്സവ വിജയികളുടെ യോഗം നാളെ (ഡിസംബര്‍ 16)

ഡിസംബര്‍ 19 മുതല്‍ 21 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന് കോഴിക്കോട് ജില്ലാ കേരളോത്സവ കലാമത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികളുടെ യോഗം നാളെ (ഡിസംബര്‍ 16) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുന്നു. ജില്ലാ കേരളോത്സവ കലാമത്സരങ്ങളില്‍ വിവിധയിനങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച മത്സരാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം. ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. പ്ലസ് ടു, ബിരുദം, എം.ബി.എ (എച്ച്.ആര്‍), ബിരുദാനന്തരബിരുദം, വൈബ് ഡിസൈനിംഗ്, ഡിപ്ലോമ, ഐ.ടി.ഐ, പോളി, ബി.ആര്‍ക്, എം.ആര്‍ക്, ബി.എഡ്, നേഴ്‌സിംഗ്, ബി.കോം വിത്ത് ടാലി തുടങ്ങിയ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370176 എന്ന വാട്‌സ് അപ് നമ്പറില്‍ ബന്ധപ്പെടുക. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

പാരമ്പര്യേതര ട്രസ്റ്റി; അപേക്ഷ ക്ഷണിച്ചു

വടകര താലൂക്കിലെ കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പെര്‍ഫ്യൂഷനിസ്റ്റിനെ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു. പ്രീ ഡിഗ്രി/പ്ലസ്ടു, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും പെര്‍ഫ്യൂഷനിസ്റ്റ് ടെക്‌നോളജിയില്‍ ബിരുദം, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് എച്ച്.ഡി.എസ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0495 2355900

കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജ്ജറി വിഭാഗത്തില്‍ കാര്‍ഡിയാക് സര്‍ജിക്കല്‍ നഴ്‌സിങ്ങില്‍ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ പുതിയ ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ നടത്തുന്നു.
ബി.എസ്.സി നഴ്‌സിങ്ങ് ബിരുദവും നഴ്‌സിങ്ങ് കൗണ്‍സില്‍ റജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച (ഡിസംബര്‍ 21) രാവിലെ 11 മണിയ്ക്ക് എച്ച്.ഡി.എസ്സ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിവരങ്ങള്‍ക്ക് 0495 2355900.

ലഹരിക്കെതിരെ ഗോളടിച്ച് ജില്ലാ കലക്ടര്‍

ലഹരിക്കെതിരെ ഗോളടിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് വകുപ്പും വിമുക്തിയും നടത്തുന്ന ‘ഗോള്‍ ചലഞ്ച് ‘പരിപാടിയില്‍ ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടി കലക്ടര്‍ പങ്കുചേര്‍ന്നു. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളും ലഹരി വിരുദ്ധ ഗോള്‍ തട്ടി. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗോള്‍ ചലഞ്ച് നടന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തദ്ദേശ സ്വയം ഭരണ വാര്‍ഡുകള്‍, ടര്‍ഫുകള്‍, അയല്‍ക്കൂട്ടങ്ങള്‍, മറ്റ് പൊതു സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ‘ഗോള്‍ ചലഞ്ച് ‘ നടക്കുന്നുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിമുക്തിയുടെ മാനേജരായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ജെ ബെഞ്ചമിന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു, മാനേജര്‍ രാജീവ്, വിമുക്തി കോര്‍ഡിനേറ്റര്‍ പ്രിയ, പ്രിവന്റീവ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

പഞ്ചായത്ത് ഭരണസമിതി, ആസൂത്രണ സമിതി എന്നിവയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങളാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് നയീമ കളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, കർമ്മസമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കള്‍വെര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ 15 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്രയില്‍ നിന്ന് വരുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങള്‍ മരുതേരി കോടേരി ചാല്‍ റോഡ് വഴി പോകേണ്ടതാണ്.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്: വനിതകളുടെ രാത്രി നടത്തം ശനിയാഴ്ച

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് -2 ന് മുന്നോടിയായി വനിതകളുടെ രാത്രി നടത്തം ശനിയാഴ്ച നടക്കും. കോഴിക്കോട് ബീച്ചില്‍ രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന നടത്തിൽ സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ കോഴിക്കോടിന്റെ ചരിത്രം വ്യക്തമാക്കും. പരിപാടി കോര്‍പ്പറേഷന്‍ പഴയ കെട്ടിട പരിസരത്തുനിന്നും ആരംഭിച്ച് സില്‍ക്ക് സ്ട്രീറ്റ്, മർത്യൻസ് സ്തൂപം, വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ്, കുറ്റിച്ചിറ വഴി മിശ്കാല്‍ പള്ളി പരിസരത്ത് സമാപിക്കും. സമാപനത്തിനു ശേഷം ഗസല്‍ അരങ്ങേറും.

മേയര്‍ ഡോ. ബീനാ ഫിലിപ്പ്, കോര്‍പ്പറേഷന്‍ നഗരസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ.കൃഷ്ണകുമാരി, ഡിഡിസി മാധവിക്കുട്ടി, സബ്കലക്ടര്‍ ചെൽസാസിനി.വി, കോളജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മിനി മാരത്തോണ്‍, ബീച്ച് വോളി, ചുവര്‍ചിത്ര പ്രദര്‍ശനം, ബേപ്പൂര്‍ ഉരു മാതൃകകളുടെ പ്രദര്‍ശനം, കബഡി തുടങ്ങിയ വിവിധ പരിപാടികൾ വാട്ടര്‍ ഫെസ്റ്റിന് മുന്നോടിയായി നടക്കും.

കീഴരിയൂരിൽ വയോജന ഗ്രാമസഭ ചേര്‍ന്നു

കീഴരിയൂർ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വയോജന ഗ്രാമസഭ ചേർന്നത്. വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഹാളിൽ ചേർന്ന വയോജന ഗ്രാമസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അമൽ സരാഗ, നിഷാ വല്ലി പടിക്കൽ, പഞ്ചായത്തം​ഗങ്ങളായ എം.സുരേഷ്, ഫൗസിയ കുഴമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്കിൽ കോട്ടൂളി വില്ലേജിൽ കോട്ടൂളി അംശം ദേശത്ത് ചെറോട്ട് മിച്ചഭൂമി കോളനിയിൽ പതിച്ച് കൊടുത്തതിന് ശേഷമുളള റി സർവ്വെ 60/3 ൽ ഉൾപ്പെട്ട സുമാർ 2 സെന്റ് മിച്ചഭൂമിയിൽ പതിവിന് യോഗ്യമായ ഭൂമിയിൽ അർഹരായവരെ കണ്ടെത്തി മിച്ചഭൂമി പതിച്ച് നൽകുന്നതിന് ഭൂരഹിത കർഷക തൊഴിലാളികളിൽ നിന്നും നിശ്ചിത ഫോറത്തിലുളള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 20 ന് മുൻപ് ജില്ലാ കലക്ടർക്ക് ലഭിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷയിൽ ഭൂമിയുടെ സർവ്വേ നമ്പറും മറ്റു വിവരങ്ങളും കാണിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ കലക്ടറേറ്റ്, കോഴിക്കോട് താലൂക്ക് ഓഫീസ്, കോട്ടൂളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ ഇലക്ടോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവിലേയ്ക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ 0495 2377016

ലേലം നടത്തുന്നു

കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടകരമായി നിന്നിരുന്ന ഒരു കുറ്റി തേക്ക് മരത്തിൽ നിന്നും, വീണ് കിടന്നിരുന്ന രണ്ട് കുറ്റി തേക്ക് മരങ്ങളിൽ നിന്നും ശേഖരിച്ച തടികൾ ചാലിയം ഗവ ടിമ്പർ ഡെപ്പോയിൽ എത്തിക്കുന്നതിന് ദർഘാസ് കം ലേലം ഡിസംബർ 22 ന് വൈകീട്ട് 3 മണിക്ക് നടത്തുന്നു. ദർഘാസ് ഫോറം ഡിസംബർ 20 മുതൽ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 2.30 വരെ പ്രസ്തുത ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2414702

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്ന പദ്ധതി പ്രകാരം വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതിക്കാരുടെ 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 5% ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ തയ്യാറുള്ളവരായിരിക്കണം. ഗ്രാമ/ബ്ലോക്ക്/പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി പ്രകാരം ഇതേ ധനസഹായം 3 വർഷത്തിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക്: 04952370379 ,2370657

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ എംബ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ ഡിസംബർ 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ ഐ ടി ഐയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2377016

അധ്യാപക നിയമനം

കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി ജൂനിയർ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2214999.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സോളാർ പദ്ധതിക്ക് സംസ്ഥാന അംഗീകാരം; കരസ്ഥമാക്കിയത് സംസ്ഥാന റിന്യൂവബിൾ എനർജി അവാർഡ്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ റൂഫ് ടോപ്പ് സോളാർ പവർ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 2019-2020, 2020-21 വർഷത്തേക്കുളള കേരളാ സ്റ്റേറ്റ് റിന്യൂവബിൾ എനർജി കമൻഡേഷൻ സർട്ടിഫിക്കറ്റിനാണ് ജില്ലാപഞ്ചായത്തിന്റെ സോളാർ പദ്ധതി അർഹമായത്. അനർട്ട് നൽകുന്ന പ്രശംസാപത്രം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന, ഫിനാൻസ് ഓഫീസർ എം.ടി.പ്രേമൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്കൂളുകളിൽ ഊർജ്ജ ഉത്പ്പാദനത്തിനായി റൂഫ് ടോപ്പ് സോളാർ പവർ പ്ലാന്റുകൾ സ്ഥപിച്ച പദ്ധതിക്കാണ് തദ്ദേശ സ്വയം ഭരണ വിഭാഗത്തിൽ ജില്ലാ പഞ്ചായത്തിന് പ്രശംസാപത്രവും ഷീൽഡും ലഭിച്ചത്. സൗരോർജ്ജ സാധ്യതകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദനവും വിതരണവും നടത്തിയതിനാണ് ഈ നേട്ടം.

ജില്ലയിലെ 44 സ്കൂളുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചതു വഴി വൈദ്യുതി മിച്ചം വരികയും വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവു വരുത്തുന്നതിനും കഴിഞ്ഞു. കൂടാതെ മിച്ചം വന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ തിരിച്ചു നൽകി സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിലേക്കും പദ്ധതി വിപുലീകരിക്കുന്നതിന് നടപടിയായിട്ടുണ്ട്.

തീം വീഡിയോ പ്രകാശനം ചെയ്തു

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ക്ലീന്‍ കാലിക്കറ്റ് പ്രോജക്ടിനു തുടക്കം കുറിച്ച് തീം വീഡിയോ പ്രകാശനം മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു.

കലോത്സവം ഹരിത ചട്ട പ്രകാരമാക്കുന്നതിനായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി തീരുമാനിച്ചു. പരിശീലനം നേടിയ വളണ്ടിയർമാരെയാണ് കലോത്സവ നഗരിയില്‍ സേവനത്തിനായി ഉപയോഗപ്പെടുക. ശുചിത്വ മിഷന്‍ , ഹരിത കേരള മിഷന്‍, നാഷണല്‍ ഗ്രീന്‍ കോര്‍പ്‌സ് ,രക്ഷാകര്‍തൃ സമിതികള്‍, മദര്‍ പി.ടി എ , കുടുംബശ്രീ, ഹരിത സേന , വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായ ഏകോപന സമിതി എന്നിവയുടെ സഹകരണത്തോടു കൂടി ക്ലീന്‍ കാലിക്കറ്റ് പ്രോജക്ട് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍ , അഡ്വ.എം രാജന്‍, ഡോ.ജോഷി ആന്റണി , വരുണ്‍ ഭാസ്‌കര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീര്‍ ധനേഷ്, കണ്‍വീനര്‍ കെ.കെ ശ്രീജേഷ് കുമാര്‍, കൃപാ വാര്യര്‍, പ്രമേദ് കുമാര്‍, പ്രിയ , പി ടോമി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള; ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെ

ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന 10ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു.

കലാകരവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയില്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദേശത്തെ ഗതാഗത സൗകര്യം സുഗമമാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പാര്‍ക്കിങ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനും ഏറ്റവും മികച്ച രീതിയില്‍ പരിപാടി നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും കലക്ടര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള മറ്റു സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

13 വിദേശ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ മേളയിലെത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെ 400 കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും മേളയില്‍ എത്തും. കരകൗശല മേഖല, കൈത്തറി മേഖല, കളിമണ്‍ പൈതൃക മേഖല, പരമ്പരാഗത കലാപ്രദര്‍ശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൊയിലാണ്ടി താലൂക്ക് ചെറുകിട വ്യവസായ മേളക്ക് തുടക്കമായി

കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന വിപണന മേളക്ക് തുടക്കമായി. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് മുന്‍വശത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി താലൂക്ക് പരിധിയിലെ 45 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച വിത്യസ്ത തരം ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്. വിവിധ കരവിരുതകള്‍, കൈത്തറി, കയര്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാകും. മേള ഡിസംബര്‍ 18 ന് അവസാനിക്കും.

കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ സത്യന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇന്ദിര ടീച്ചര്‍, ഇ.കെ അജിത്ത്, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹീംകുട്ടി, കെ.കെ വൈശാഖ്, ദൃശ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി അബ്രഹാം സ്വാഗതവും കൊയിലാണ്ടി ഉപജില്ല വ്യവസായ ഓഫീസര്‍ ടി.വി അജിത്കുമാര്‍ നന്ദിയും പറഞ്ഞു.

നാളീകേര പാർക്ക് ശിലാസ്ഥാപനം: സ്വാഗതസംഘം രൂപീകരിച്ചു

വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത്‌ അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്.

പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

നാളികേര അധിഷ്ഠിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 7.53 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികൾ 2023 ഡിസംബർ മാസം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ സി ബാബു, കെ.എസ്.ഐ.ഡി.സി. ഡെപ്യൂട്ടി എം.ഡി ജോസ്, പഞ്ചായത്ത്‌ അംഗങ്ങളായ കെ സി മുജീബ് റഹ്‌മാൻ, കെ കെ മനോജൻ, തായന ബാലാമണി, കെ സി സിത്താര, പി വത്സൻ, ഇ കെ നാണു, കെ കെ അബ്ദുള്ള, വി കെ അബ്ദുള്ള, സി രാജീവൻ, കെ സി കാസിം, പി പി ചന്ദ്രൻ, ബീന കോട്ടേമ്മൽ, ടി വി മനോജൻ, യൂസഫ് പള്ളിയത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി

മുട്ട​ഗ്രാമം പദ്ധതിക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണവും, മുട്ടയുൽ​പാദന വർധനയും ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2022-23 വർ‍ഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ഉണ്ണി വേങ്ങേരി നിർവഹിച്ചു.

മുട്ട​ഗ്രാമം പദ്ധതിയുടെ ഭാ​ഗമായി അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ 5000 കോഴികളെ വിതരണം ചെയ്തു. ഒരു കുടുംബത്തിന് അഞ്ച് കോഴി എന്ന രീതിയില്‍ തെരഞ്ഞെടുത്ത 1000 കുടുംബങ്ങള്‍ക്കാണ് കോഴിയെ നൽകുന്നത് . ആദ്യ ഘട്ടത്തിൽ പത്ത് വാർഡുകളിലാണ് കോഴികളെ വിതരണം ചെയ്തത്. ശേഷിക്കുന്ന വാർഡുകളിൽ ഡിസംബർ 17 ന് വിതരണം ചെയ്യും.

ചടങ്ങിൽ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം അരവിന്ദാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം അഭിജിത്ത്, എം.കെ ഫാത്തിമ, എൻ.പി ജാനു, കെ.എം ഇസ്മയിൽ, കെ.ആർ ആതിര, എൻ.പി സത്യാവതി, കെ.വി അശോകൻ, സൽമാൻ മാസ്റ്റർ, ഇ.ടി സരീഷ്, വെറ്റിനറി ഡോക്ടർ അശ്വതി തുടങ്ങിയവർ സംസാരിച്ചു.

പോത്തുകുട്ടികളെ വിതരണംചെയ്തു

പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട പോത്തുകുട്ടി പരിപാലന പദ്ധതി പ്രകാരം പോത്തുകുട്ടികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ നിർവഹിച്ചു.

23 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയിൽ 140 പേർക്കാണ് ആനുകുല്യം ലഭിക്കുക. ഇതിലുൾപ്പെട്ട 30 പേർക്കാണ് ആദ്യ ഘട്ടത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തത്.

വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷാജി.കെ. പണിക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ റിജു പ്രസാദ്, റംല ഹമീദ്, വെറ്റിനറി സർജൻ ഡോ.എ.ജെ.ജോയ് തുടങ്ങിയവർ പങ്കെടുത്തു.

അധ്യാപക നിയമനം

കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി ജൂനിയർ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഡിസംബർ 19ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2214999.

ബീറ്റ് സെപ്ഷല്‍ ഓഫീസര്‍; കായിക ക്ഷമത പരീക്ഷ ഡിസംബര്‍ 17 ന്

ബീറ്റ് സ്‌പെഷല്‍ ഓഫീസര്‍ കായിക ക്ഷമത പരീക്ഷ (കാറ്റഗറി നമ്പര്‍ 92/2022, 93/2022) ഡിസംബര്‍ 17 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഡിസംബര്‍ 12 ന് മാറ്റിയ പരീക്ഷയായിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ ആറു മണിക്ക് മുമ്പായി പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. വൈകിവരുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതല്ല.

പന്തലായനി ബ്ലോക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരംഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയില്‍, എ.എം സുഗതന്‍ മാസ്റ്റര്‍, ഡിപിസി അംഗം എ.സുധാകരന്‍, കെ.ടി.എം കോയ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീബ ശ്രീധരന്‍ സ്വാഗതവും എം മനോജന്‍ നന്ദിയും പറഞ്ഞു.