വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/04/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
വിമുക്തഭട സംഗമം
മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും യുദ്ധവിധവകളുടെയും വിമുക്തഭട വിധവകളുടെയും സംഗമം മദ്രാസ് റെജിമെന്റ് റെക്കോർഡ് ഓഫീസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് രാവിലെ10 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ചേരും. മേൽവിഭാഗത്തിലെ വ്യക്തികൾക്ക് അവരുടെ വിവിധ പ്രശ്നങ്ങൾ സൈനിക അധികാരികൾക്ക് മുൻപാകെ സമർപ്പിക്കാം. ബന്ധപ്പെട്ടവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495- 2771881
അപേക്ഷ തിയ്യതി നീട്ടി
കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിനു കീഴിൽ നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 3 വരെ നീട്ടി. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ പത്താം ക്ലാസ്സോ അതിനു മുകളിലോ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഏപ്രിൽ ഒന്നിന് 18 നും 29 നും മധ്യേ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495-2371891 എന്ന നമ്പറിലോ, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര ഓഫീസിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.
ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ ജില്ലാ ഡി.പി.എം.എസ്. യൂണിറ്റിന് കീഴിൽ വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10.30 ന് വെസ്റ്റ് ഹിൽ ഡി.പി.എം.എസ് യൂണിറ്റിലാണ് ഇന്റർവ്യൂ. സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവരാണ് പങ്കെടുക്കേണ്ടത്. മാർച്ച് 31 ന് 40 വയസ്സ് കവിയരുത്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും കരുതണം. പ്രതിമാസ ശമ്പളം 14,700 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 8078223001
ഗതാഗതം നിയന്ത്രിച്ചു
പരിയങ്ങാട്- ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 13 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
അവധിക്കാല പരിശീലനം
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ശേഷി വികസനത്തിനുള്ള പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ഒമ്പത്,പത്ത്,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. ഗ്രാഫിക് ഡിസൈനിങ്, ബേസിക് ഇലക്ട്രോണിക്സ് ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ സർവീസിങ് എന്നീ ഐടി മേഖലകൾ സംബന്ധിച്ച പരിശീലനങ്ങളാണ് നൽകുന്നത്. ക്ലാസുകൾ ഏപ്രിൽ 17 ന് ആരംഭിക്കും. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായി നേരിട്ട് വന്ന് അഡ്മിഷൻ എടുക്കേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370026, 8891370026
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്തമാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി. 30 പേർക്കാണ് പ്രവേശനം. യോഗ്യത: പ്ലസ് ടു. സർക്കാർ അംഗീകാരമുള്ള കോഴ്സിൽ നൂതന സോഫ്റ്റ്‌വെയറുകളിൽ പ്രായോഗിക പരിശീലനവും നൽകും. ഫീസ്: 30000 രൂപ. പട്ടികജാതി/പട്ടികവർഗ്ഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ, അക്കാദമി സെന്ററിൽ നേരിട്ടോ സമർപ്പിക്കാം. അപേക്ഷ ഫീസ് 300 രൂപ (പട്ടികജാതി/ പട്ടികവർഗ്ഗ/ഒ ഇ സി വിഭാഗക്കാർക്ക് 150 രൂപ). ഇ-ട്രാൻസ്ഫർ/ബാങ്ക് മുഖേന പണമടച്ച രേഖയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് : 0471-2726275 , 0484 2422275 , 6282692725.
ക്വട്ടേഷൻ ദീർഘിപ്പിച്ചു
ഗവ. എഞ്ചിനീയറിംഗ് കോളേജ് കെമിക്കൽ ഡിപ്പാർട്മെന്റിലെ ഡിജിറ്റലി കണ്ട്രോൾ വാട്ടർ ബാത്ത് റിപ്പയർ ചെയ്യുന്നതിനുള്ള സീൽഡ് ക്വട്ടേഷൻ (ക്വട്ടേഷൻ നമ്പർ: P2/40/2022-202) സമർപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി. ഏപ്രിൽ 18 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസംഉച്ചക്ക് ശേഷം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383 220
എന്റെ കേരളം പ്രദര്‍ശന വിപണന മേള: റീല്‍സ് മത്സരം നടത്തുന്നു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കും ഇൻസ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അപ്ലോഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ kozhikode.district.information എന്ന ഇൻസ്റ്റഗ്രാം പേജിലേക്ക് ടാഗ് ചെയ്യുകയാണ് വേണ്ടത്. അവസാന തിയ്യതി ഏപ്രിൽ 20 വൈകുന്നേരം അഞ്ച് മണി. ഏറ്റവുമധികം ലൈക്കും ഷെയറും ലഭിക്കുന്ന റീലുകള്‍ക്ക് സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.
റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗവ.കോളേജ് റോഡ് വീതികൂട്ടല്‍, പാച്ചാക്കല്‍ കാനങ്ങോട്ട് റോഡ് നവീകരണം എന്നീ പ്രവൃത്തികള്‍ക്കായി എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചതെന്നും എം.എല്‍.എ അറിയിച്ചു.
എന്റെ കേരളം പ്രദർശന വിപണന മേള വികസന കുതിപ്പിന്റെ നേർക്കാഴ്ചയാകും
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർക്കാഴ്ചയാകും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന വിഷയത്തിൽ മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിലാണ് മേള സംഘടിപ്പിക്കുന്നത്. ഇതിനായി വിശാലമായ സൗകര്യങ്ങളാണ് ബീച്ചിൽ ഏർപ്പെടുത്തുക.
സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകളും മേളയിൽ ഉണ്ടാകും. കൂടാതെ, വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ഐടി മേഖലയിൽ സംസ്ഥാനം നേടിയ വളർച്ച വ്യക്തമാക്കുന്ന ഐടി അധിഷ്ഠിത പ്രദർശനം, ടൂറിസം, കൃഷി, വ്യവസായം, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി വ്യക്തമാക്കുന്ന പ്രത്യേക പവലിയൻ എന്നിവ മേളയുടെ ആകർഷണമാകും. സഹകരണ വകുപ്പും മേളയിൽ അണിനിരക്കും. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
മേളയുടെ നടത്തിപ്പിനായി 16 സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്. ജില്ലയിലെ മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, നഗരസഭ, പഞ്ചായത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റികളാണ് മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ബീച്ച് ആശുപത്രിയിൽ പുകയില നിയന്ത്രണ ക്ലിനിക് ആരംഭിച്ചു
പുകയില ഉൾപ്പടെയുള്ള ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി ബീച്ച് ആശുപത്രിയിൽ പ്രത്യേക പുകയില നിയന്ത്രണ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ക്ലിനിക്കിൽ പുകവലി, ഗുഡ്ക ഉപയോഗം, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ പൂർണ്ണമായി ഉപേക്ഷിക്കാനും ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാകുന്ന രീതിയിലുള്ള ചികിത്സ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്.
വ്യക്തിഗത കൗൺസലിംഗ്, കുടുംബാംഗങ്ങൾക്കുള്ള കൗൺസലിംഗ്, സാമൂഹ്യ മനശ്ശാസ്ത്ര പിന്തുണ, സാമൂഹ്യ- ശീല മാറ്റങ്ങൾക്കുവേണ്ടിയുള്ള ബോധവൽക്കരണങ്ങൾ, കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാകും. ഇതിനായി വിദഗ്ധരായ കൗൺസിലർമാരുടെ സേവനവുമുണ്ടാകും.
ബീച്ച് ആശുപത്രിയിലെ അറുപത്തിരണ്ടാം നമ്പർ മുറിയിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെ സേവനം ലഭ്യമാകും. മുൻകൂട്ടി ബുക് ചെയ്യുകയോ ഒപി ടിക്കറ്റെടുക്കുകയോ ചെയ്യാതെ നേരിട്ട് ക്ലിനിക്കിൽ വരാവുന്നതാണ്. ക്ലിനിക്കിലെ ചികിത്സയും മറ്റു സേവനങ്ങളും പൂർണ്ണമായും സൗജന്യമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
വിഷു-റംസാന്‍ ചന്ത പ്രവര്‍ത്തനമാരംഭിച്ചു
ചങ്ങരോത്ത് പഞ്ചായത്തിന്റെയും ഒരുമ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ വിഷു-റംസാന്‍ ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ഉത്സവനാളുകളില്‍ വിലക്കുറവിൽ പൊതുജനങ്ങള്‍ക്ക് പച്ചക്കറിയും ഉണക്കമത്സ്യവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത പ്രവര്‍ത്തനമാരംഭിച്ചത്. ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ബഷിറ ആദ്യവില്‍പ്പന ഏറ്റുവാങ്ങി.
വിവിധനയിനം പച്ചക്കറി ഉല്പന്നങ്ങളും വൈവിധ്യമാര്‍ന്ന ഉണക്കമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. കടിയങ്ങാട് ജംഗ്ഷനില്‍ പെരുവണ്ണാമൂഴി റോഡില്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സ് കെട്ടിടത്തിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യായവിലക്ക് ഇവിടെ ശേഖരിക്കുകയും ചെയ്യും.
ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.ടി. മൊയ്തീന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു. അനിത, പി.എസ്. പ്രവീണ്‍, എന്‍.പി. സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഷോർട്ട് വീഡിയോ മത്സരം
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും കോളേജ് വിദ്യാർത്ഥികൾക്കും ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം. സൃഷ്ടികൾ രണ്ട് മുതൽ അഞ്ച് മിനുട്ട് വരെ ദൈർഘ്യമുള്ളതാവണം. തെരഞ്ഞെടുക്കപ്പെടുന്ന വിഡിയോകൾ മേള നടക്കുന്ന വേദിയിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലും പ്രദർശിപ്പിക്കും. എച്ച്.ഡി മികവിൽ എം.പി 4 ഫോർമാറ്റിലുള്ള വിഡിയോകൾ ഡി.വി.ഡി/പെൻഡ്രൈവിലാക്കി ‘ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020’ എന്ന വിലാസത്തിൽ ഏപ്രിൽ മുപ്പതിന് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.
ക്വട്ടേഷനുകൾ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2023 മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം 4 അടി ഉയരത്തിലും 3 അടി വീതിയിലുമുള്ള പ്രകൃതി സൗഹൃദ മെറ്റീരിയലിൽ നിർമ്മിച്ച ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലും പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഈ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുളള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും.
ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2370225.
ക്വട്ടേഷനുകൾ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2023 മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം പ്രകൃതി സൗഹൃദ മെറ്റീരിയലിൽ നിർമ്മിച്ച ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലും പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഈ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുളള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. 8×6,10×12 വലിപ്പത്തിലുളള ബോർഡുകളാണ് സ്ഥാപിക്കേണ്ടത്. രണ്ട് തരം വലിപ്പത്തിലുമുളള ഒരു ബോർഡിന്റെ നിരക്ക് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0495-2370225.
കല്ലേരിയിൽ വിഷു ചന്തക്ക് തുടക്കമായി
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വിഷു ചന്തക്ക് കല്ലേരിയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ അശ്റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ, ഭരണ സമിതി അംഗങ്ങളായ ശ്രീലത, സജിത്ത്, സുധ സുരേഷ്, പ്രവിദ, പൊന്മേരി ബാങ്ക് സെക്രട്ടറി അനിൽ ആയഞ്ചേരി എന്നിവർ സംബന്ധിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഷിജില സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷീമ തറമൽ നന്ദിയും പറഞ്ഞു.
എ ഡി എസ് അംഗങ്ങളുടെ വിവിധ സ്റ്റാളുകളിലായി കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കുള്ളത്. വിപണന മേള ഏപ്രിൽ 13 ന് അവസാനിക്കും.
എൽ ഇ ഡി വാൾ സഹിതം വാഹന പ്രചരണം ; ക്വട്ടേഷനുകള്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽ ഇ ഡി വാൾ സഹിതം വാഹന പ്രചരണം / മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. എൽ ഇ ഡി വാൾ, മൈക്ക്, ജനറേറ്റര്‍, വാഹനവാടക, ഇന്ധനച്ചെലവ്, ബ്രാന്‍ഡിങ് അനൗണ്‍സ്മെന്റ് ഉൾപ്പെടെ ഒരു ദിവസം ഒരു വാഹനത്തിന് ചെലവാകുന്ന മൊത്തം തുകയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 20 ഉച്ചയ്ക്ക് രണ്ട് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.
ജില്ലാ കേരളോത്സവം: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുള്ള എവറോളിംഗ് ട്രോഫി കൈമാറി
ജില്ലാ കേരളോത്സവം കലാ-കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനുള്ള എവറോളിംഗ് ട്രോഫി കൈമാറി. സംസ്ഥാന യുവജനക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ മത്സരങ്ങളിലാണ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്തെത്തിയത്.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽ കുമാറിന് ട്രോഫി കൈമാറി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ സുജ അശോകൻ, മെമ്പർമാരായ കവിത വടക്കേടത്ത്, ഐ.പി ഗീത, ടി.എം.രാമചന്ദ്രൻ, ഷീന ചെറുവത്ത്, ആയിഷ സുറൂർ, യുവജനക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ്, ജില്ല യൂത്ത് പോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, ബിഡിഒ വേണുഗോപാൽ, ഹൗസിങ് ഓഫീസർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
ഫർണീച്ചർ വിതരണം ചെയ്തു
ഫറോക്ക് മൃഗാശുപത്രിയിലേക്ക് ഫർണീച്ചർ നൽകി. നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൾ റസാക്ക് വെറ്ററിനറി ഡോക്ടർക്ക് ഫർണീച്ചർ നൽകി ഉദ്ഘാടനം നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ഫർണീച്ചർ നൽകിയത്.
ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. റീജ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കുമാരൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ താഹിറ, കൗൺസിലർമാരായ കെ. മുഹമ്മദ് കോയ, കെ. ലൈല, സാജിത കബീർ, സഫീന മജീദ്, റഹ്മ പാറോൽ എന്നിവർ പങ്കെടുത്തു.
പുറമേരിയിൽ വിഷു വിപണന മേള ആരംഭിച്ചു
പുറമേരി ഗ്രാമ പഞ്ചായത്തിൽ വിഷു വിപണന മേള ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച വിപണന മേള തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ,
വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എം വിജീഷ ,പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ
ജിഷ ഒ.ടി, സമീർ മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്സൺ സ്വപ്ന ജി.കെ, പഞ്ചായത്ത് സെക്രട്ടറി സിന്ധു പി.ജി, അസിസ്റ്റന്റ് സെക്രട്ടറി മീന എന്നിവർ സംസാരിച്ചു.
“പ്രതിഭയോടൊപ്പം ഞങ്ങളും” : കുട്ടികൾക്കൊപ്പം പങ്കുചേർന്ന് മോഹൻലാൽ
സമഗ്ര ശിക്ഷാ കേരളയും കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററും ചേർന്ന് ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി “പ്രതിഭയോടൊപ്പം ഞങ്ങളും” പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ നടൻ മോഹൻലാൽ പങ്കുചേർന്നു. താരത്തിന് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചും ചോദ്യങ്ങൾ ചോദിച്ചും കുട്ടികൾ പരിപാടി ആഘോഷമാക്കി. 50 ഭിന്നശേഷി വിദ്യാർത്ഥികൾ ഉൾപ്പെടെ 60 കുട്ടികൾ പരിപാടിയിൽ പങ്കു ചേർന്നു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ മോഹൻലാൽ അഭിനന്ദിച്ചു.
പരിപാടി എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ.അബ്ദുൾ ഹക്കീം എ കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പോഗ്രാം ഓഫീസർ ഷീബ വി.ടി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി.പി.സി സുനിൽകുമാർ സ്വാഗതവും സ്പെഷ്യൽ എജ്യൂക്കേറ്റർ ഷൈബി ടി ഐ നന്ദിയും പറഞ്ഞു.
സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതി : ജില്ലയിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും
കേന്ദ്ര സർക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ ഇൻഷുറൻസ് സ്കീമുകളായ
പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബി വൈ) പദ്ധതികളിൽ അംഗത്വം വർദ്ധിപ്പിക്കാനായി ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനം.
ജില്ലയിൽ സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതി അംഗത്വം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ വിളിച്ചു ചേർത്ത വിവിധ ബാങ്ക് പ്രതിനിധികളുടെ യോഗത്തിലാണ് ഇൻഷുറൻസ് അംഗത്വം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.
വിവിധ സാമൂഹിക സുരക്ഷ സ്കീമുകളിൽ ചേരാൻ പഞ്ചായത്ത് തലത്തിൽ ഉൾപ്പടെ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പയിൻ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ചുമതല വിവിധ ബാങ്കുകളെ ചുമതലപ്പെടുത്തി.
കുടുംബശ്രീ അംഗങ്ങൾ, വിവിധ ക്ഷേമനിധി ബോർഡ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവരെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സ്കീമിൽ അംഗങ്ങളാക്കും. അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ, തീരപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അംഗത്വ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിൽ നാൽപ്പത് ലക്ഷം പേരെ സാമൂഹിക സുരക്ഷ സ്കീം പദ്ധതികളിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.
യോഗത്തിൽ ജില്ലാ കലക്ടർ എ ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ആർ ബി ഐ പ്രതിനിധി രജ്ഞിത്ത്, നബാർഡ് ഡി ഡി എം മുഹമ്മദ്, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ലൈസന്‍സ് അപേക്ഷ തീര്‍പ്പാക്കല്‍; മാതൃകയായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്
വിവിധ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ മാതൃകയായി അഴിയൂര്‍ പഞ്ചായത്ത്. മുന്‍കൂറായി ലഭിച്ച 415 അപേക്ഷകളില്‍ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഫയല്‍ തീര്‍പ്പാക്കുകയും ചെയ്തു. ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ ലൈസന്‍സ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം ക്യാമ്പ് നടത്തി ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
പഞ്ചായത്തിൽ ആദ്യമായിട്ടാണ് പ്രത്യേകം ക്യാമ്പ് നടത്തി ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നും വ്യാപാരികള്‍ക്ക് വളരെയേറെ സഹായകരമായിട്ടുണ്ടെന്നും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, സെക്രട്ടറി അരുണ്‍കുമാര്‍ ഇ, ലൈസന്‍സ് സെക്ഷന്‍ ക്ലര്‍ക്ക് മുജീബ് റഹ്മാന്‍ സി എച്ച് എന്നിവരുടെ നേതൃത്വത്തിലാണ് ലൈസന്‍സ് നടപടികള്‍ വേഗത്തിലാക്കിയത്.
മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ‘ബേപ്പൂർ ഉരു’വാണ് മണൽ ശില്പമായി നിർമ്മിക്കേണ്ടത്. പന്ത്രണ്ട് അടി നീളത്തിലും എട്ടടി വീതിയിലുമാണ് ശിൽപം ഒരുക്കേണ്ടത്. ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച മണൽ ശില്പകാരൻമാർക്ക് അപേക്ഷിക്കാം. മണൽ ശില്പം നിർമ്മിക്കുന്നതിനുള്ള നിരക്ക് അപേക്ഷയിൽ രേഖപ്പെടുത്തണം. വിശദമായ ബയോഡാറ്റ, ഇതുവരെ ചെയ്ത മണൽ ശില്പങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഇ-മെയിൽ വഴിയും കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടും സമർപ്പിക്കാം. വിലാസം : ജില്ലാ ഇൻഫർമേഷൻ ഓഫീസർ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്
സിവിൽ സ്റ്റേഷൻ
കോഴിക്കോട് : 673 020
ഇ മെയിൽ- entekeralamclt2023@gmail.com അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: ഏപ്രിൽ 13. കൂടുതൽ വിവരങ്ങൾക്ക്: 0495 2370225
എന്റെ കേരളം പ്രദര്‍ശന വിപണന മേള: ജില്ലയിലെ കലാകാരന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ കലാകാരന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, അവതരിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങള്‍, സ്‌ക്രിപ്റ്റ്/ വീഡിയോ, നേരത്തേ അവതരിപ്പിച്ച പരിപാടികളുടെ വീഡിയോ തുടങ്ങിയവ ഉള്‍പ്പെടെ അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഏപ്രിൽ 18 വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. entekeralamclt2023@gmail.com എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷകൾ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370225.
കരുതലും കൈത്താങ്ങും; സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 30ന് കോഴിക്കോട്; ഏപ്രിൽ 15 വരെ പരാതികൾ പൂർണമായും സൗജന്യമായി സമർപ്പിക്കാം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ 30ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലാണ് പരിപാടി. അദാലത്തിൽ പൊതുജനങ്ങൾക്ക് ഏപ്രിൽ 15 വരെ പരാതികൾ സമർപ്പിക്കാം.
മെയ് രണ്ട് മുതലാണ് ജില്ലയിൽ താലൂക്ക്തല പരാതി പരിഹാര അദാലത്ത് നടക്കുക. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.
പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും www.karuthal.kerala.gov.in എന്ന പോർട്ടൽ മുഖാന്തിരവും സമർപ്പിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു പൂർണമായും സൗജന്യമാണ്. പൊതുജനങ്ങളിൽനിന്നു പരാതികൾ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവർത്തിക്കും.
ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും, വഴിതടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ)ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തിൽ നൽകാം.
വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിക്കും.