കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിൽ വിവിധ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
പുനര്‍ലേലം നടത്തുന്നു
വില്‍പ്പന നികുതിയിനത്തില്‍ 6,92,363 രൂപയും പലിശയും കലക്ഷന്‍ ചാര്‍ജ്ജും നോട്ടീസ് ചാര്‍ജ്ജും ഈടാക്കുന്നതിനായി കെ പി രാജീവന്‍, ന്യൂ കാവേരി ട്രേഡേഴ്‌സ് ചാമക്കുന്നുമ്മല്‍ കല്ലോട് എന്നയാളില്‍ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ എരവട്ടൂര്‍ വില്ലേജില്‍ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തില്‍പ്പെട്ട 0.1012 ഹെക്ടര്‍ ഭൂമിയുടെ പുനര്‍ലേലം ജനുവരി 20 ന് രാവിലെ 11.30 ന് എരവട്ടൂര്‍ വില്ലേജില്‍ നടത്തും. സര്‍ക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുമെന്ന് വടകര തഹസിൽദാർ ( ആർ ആർ )അറിയിച്ചു.
കൂടിക്കാഴ്ച നടത്തുന്നു
ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537
അപേക്ഷ ക്ഷണിച്ചു
കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം
മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 21 വൈകുന്നേരം 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 229 4016.
അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ തുടങ്ങുന്ന എംപ്ലോയ്‌മെന്റ് കോച്ചിങ് പ്രോഗ്രാം, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആൻഡ് മലയാളം) എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിരങ്ങള്‍ക്ക് : 04952720250
അപേക്ഷ ക്ഷണിച്ചു
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായ വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2022 ജനുവരി 1 മുതല്‍ ഒക്‌ടോബര്‍ 31വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കാണ് അവസരം. മാര്‍ച്ച് 31വരെയുളള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാവുതാണ്.
ഗതാഗത നിരോധനം
എരഞ്ഞിപ്പാലം ഭവന നിര്‍മ്മാണ സഹകരണ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി തായാട്ട് ഭഗവതി ക്ഷേത്രം മുതല്‍ എരഞ്ഞിപ്പാലം റോഡ് വരെയുളള ഭാഗത്ത് റോഡ് കോൺക്രീറ്റ് നടക്കുതിനാല്‍ ജനുവരി 9 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അിറയിച്ചു.
കരാർ നിയമനം
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് വിആര്‍ഡിഎൽ ന് കീഴിലെ വിഎച്ച്എഫ് പ്രോജക്ടിന്റെ ഭാഗമായി പ്രൊജക്ട് ടെക്‌നീഷന്‍ III ആയി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 13 ന് രാവിലെ 10.30 ന് ഹാജരാകണം. പ്ലസ് ടു സയൻസ് ഐച്ചിക വിഷയമായെടുത്ത് പാസ്സായതിനു ശേഷമുളള 2 വര്‍ഷ ഡിഎംഎല്‍ടി അല്ലെങ്കില്‍ പിഎംഡബ്ല്യൂ അല്ലെങ്കില്‍ റേഡിയോളജി/റേഡിയോഗ്രാഫിയോ ബന്ധപ്പെട്ട വിഷയങ്ങളോ അല്ലെങ്കില്‍ ഒരു വര്‍ഷ ഡിഎംഎല്‍ടി കോഴ്‌സിനൊപ്പം അംഗീകൃത സ്ഥാപനത്തിലെ ഒരു വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ 2 വര്‍ഷത്തെ ഫീല്‍ഡ്/ലബോറട്ടറി പരിചയം(ബി എസ് സി ബിരുദം 3 വര്‍ഷ പ്രവൃത്തി പരിചയമായി പരിഗണിക്കും) അല്ലെങ്കില്‍ അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തിലെ അനിമല്‍ ഹൗസ് കീപ്പിങ്. കൂടുതൽ വിവരങ്ങള്‍ക്ക്: 04952350216
ടെണ്ടർ ക്ഷണിച്ചു
കൊടുവളളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിരതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഉൾക്കൊളളിച്ച 148 കിറ്റുകൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റ വില 800+ജിഎസ്ടി, ഇ.എം.ഡി തുക -2960. പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് ഫോറം ലഭ്യമാവും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10 ഉച്ചക്ക് 1 മണി. അന്നേദിവസം വൈകീട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495-2281044
ടെണ്ടറുകൾ ക്ഷണിച്ചു
കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 12 ഉച്ചക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2702523, 8547233753
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 20 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങള്‍ക്ക് www.keralamediaacademy.org ഫോണ്‍: 0484 2422275 / 0484 2422068
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളില്‍ 2022-23 അധ്യായന വര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനയാത്ര ചെലവ് തിരിച്ചു ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ്‌മെട്രിക് കോഴ്‌സില്‍ അവസാന വര്‍ഷം പഠിക്കുന്നവരും ഇ-ഗ്രാന്റ്‌സ് ആനുകൂല്യം ലഭിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത ഫോർമാറ്റിൽ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി സഹിതം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. സ്ഥാപന മേധാവി വിദ്യാര്‍ത്ഥികളുടെ ലിസ്‌ററ് സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370657
അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(സംസ്‌കൃതം) I എന്‍സിഎ – എസ് സി(കാറ്റഗറി നമ്പര്‍ 366/2018) തസ്തികയ്ക്ക് സെപ്തംബര്‍ 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജനുവരി 13 ന് രാവിലെ 09.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തീരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ പി എസ് സി വെബ് സൈറ്റിൽ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2371971
സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു
കൗതുകമുണർത്തി പ്രവൃത്തി പരിചയ സ്റ്റാൾ
വാഹന അപകടങ്ങളെ പ്രതിരോധിക്കാൻ ‘ലൈൻ ട്രാഫിക്’ ബോധവത്കരണത്തിന് തുടക്കം
കേരളത്തെ വാഹന അപകടരഹിത സംസ്ഥാനമാക്കുന്നതിന് അടിസ്ഥാനപരമായ നിർദ്ദേശങ്ങളും മാർഗങ്ങളുമാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈൻ ട്രാഫിക് ബോധവൽക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളിയിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾക്കാണ് മോട്ടോർ വാഹന വകുപ്പ് നേതൃത്വം നൽകിയിട്ടുള്ളത്.
അപകടങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് സ്കൂൾ കരിക്കുലത്തിൽ പ്രത്യേക പദ്ധതിയാണ് വകുപ്പ് നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
പ്ലസ് വൺ, പ്ലസ് ടു കരിക്കുലത്തിൽ അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മോട്ടോർ വാഹന നിയമങ്ങൾ, റോഡ് സുരക്ഷാ നിയമങ്ങൾ, റോഡ് നിയമങ്ങൾ എന്നിവ പഠിപ്പിക്കുന്നതിന് പുസ്‌തകം തയ്യാറാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കൈമാറി. ഇത് കരിക്കുലത്തിന്റെ ഭാഗമായാൽ പ്ലസ് ടു ജയിക്കുന്ന 18 വയസ് പൂർത്തിയായ വിദ്യാർത്ഥിക്ക് നേരിട്ട് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയും വിധത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ലേണേഴ്‌സ് ലൈസൻസിലുള്ള എല്ലാ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ റോഡ് നിയമങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കിയാൽ അത് വീടുകളിലേക്കും കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈൻ ട്രാഫികിന് വിരുദ്ധമായി വാഹനമോടിക്കുന്ന ഇരുചക്രയാത്രികരെ ബോധവത്കരിക്കുകയാണ് ‘ലൈൻ ട്രാഫിക്’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
ചടങ്ങിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് ഓഫീസർ ആർ.രാജീവ് സ്വാഗതവും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജുമോൻ.കെ നന്ദിയും പറഞ്ഞു.
ചരിത്രം തിരുത്തി കേരള സ്കൂൾ കലോത്സവം; വേദികൾ നിയന്ത്രിച്ച് അധ്യാപികമാർ
ഹൈടെക്ക് ഉത്സവം ഈ കലോത്സവം
61-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം അരങ്ങേറുന്നത് കോഴിക്കോടാണെങ്കിലും ലോകത്തിൻ്റെ ഏത് കോണിലുള്ളയാൾക്കും മത്സരങ്ങൾ വീക്ഷിക്കാനും ഫലങ്ങൾ അറിയാനും സാധിക്കും. അത്രക്കും ഹൈടെക്ക് സംവിധാനമാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഈ കലോത്സവത്തിനും ഏർപ്പെടുത്തിയിരിക്കുന്നത്.
കലോത്സവം ടെലിവിഷനിൽ നിന്നു കാണാനായി കൈറ്റിൻ്റെ രണ്ട് ചാനലുകൾ വഴി മുഴുവൻ സമയ സംപ്രേക്ഷണവും ദൃശ്യങ്ങളും ഫലങ്ങളും രചനകളും അറിയാനും കാണാനും ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ സംവിധാനവും ആപ്പുമാണ് കൈറ്റ് ഏർപ്പെടുത്തിയത്.
കൈറ്റിൻ്റെ നേതൃത്വത്തിൽ അഞ്ച് വേദികളിൽ നിന്നും തത്സമയ സംപ്രേക്ഷണം രാത്രി 11 മണി വരെയാണ് തുടരുന്നുണ്ട്. ശേഷം രാത്രി 11 മണി മുതൽ പുനർ സംപ്രേക്ഷണവും നടക്കും. കൈറ്റിൻ്റെയും വിക്ടേഴ്സ് പ്ലസിൻ്റെയും ചാനലുകളിലൂടെയാണ് ഇടവേളകളില്ലാതെ കലോത്സവ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്. കൈറ്റിൻ്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലൂടെയുള്ള സംപ്രേക്ഷണം ഈ കലോത്സവം മുതലാണ് ആരംഭിച്ചത്.
കലോത്സവ വിവരങ്ങളറിയാനുള്ള ‘ഉത്സവം’ മൊബൈല്‍ ആപ്പും വെബ്സൈറ്റുമാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE Ulsavam’ എന്ന് നല്‍കി നിരവധി പേരാണ് ആപ് ഇൻസ്റ്റാൾ ചെയ്യുന്നത്. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവുമുണ്ട്.
കലോല്‍സവം പോര്‍ട്ടലായ www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ്. വിധികർത്താക്കൾ ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ മത്സരാർത്ഥികളുടെ പേരും സ്കൂളും ഗ്രേഡുമെല്ലാം ഇതുവഴി അപ് ലോഡും ചെയ്യുന്നുണ്ട്. ഓരോ ദിവസവും നിരവധിയാളുകളാണ് വെബ്സൈറ്റ് സന്ദർശിക്കുന്നത്.
ഉത്സവത്തിമിർപ്പിൽ കേരള സ്കൂൾ കലോത്സവം; നാലാം ദിനവും മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ
കോഴിക്കോട്ടുകാർക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിലെ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളിൽ എത്തുന്നത്.
കലോത്സവത്തിന്റെ നാലാം ദിനം മുഴുവൻ വേദികളും കാലുകുത്താൻ ഇടമില്ലാത്ത രീതിയിൽ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാം വേദിയായ സമൂതിരി സ്കൂളിലെ ‘ഭൂമി’യിൽ നാടകം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വിദ്യാർത്ഥികൾ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികൾക്ക് മുന്നിലെത്തിച്ചു. സമൂതിരി സ്കൂൾ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങൾ നിറഞ്ഞ് കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങൾക്ക് മുന്നിൽ മിടുക്കികൾ സംഘനൃത്തവും തിരുവാതിര കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളാണ് ഓരോ ടീമിനും മത്സര ശേഷം വേദിയിൽ നിന്ന് ലഭിച്ചത്.
വിവിധ യൂണിഫോം സേനകളും വളണ്ടിയർമാരും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങളുമായി 24 വേദികളിലുമുണ്ട്. കുടിവെള്ളം നിറച്ചു വെക്കുന്ന കൂജകൾ ഒഴിഞ്ഞു കിടക്കാതിരിക്കാൻ വളണ്ടിയർമാർ കൃത്യമായ ജാഗ്രത പുലർത്തി. ശബ്ദവും വെളിച്ചവും മുടക്കമില്ലാതെ നിലനിർത്തി. തിരക്ക് നിയന്ത്രിച്ചും എല്ലാവരെയും ഉത്സവത്തിന്റെ ഭാഗമാക്കിയും പരാതികൾക്ക് ഇടവരാതെ ചുമതലപ്പെട്ടവർ കടമകൾ മനോഹരമാക്കി.
നാളെ (ജനുവരി ഏഴ് ) കലോത്സവത്തിന് സമാപനമാവും. അഞ്ചു നാൾ നീണ്ട കലയുടെ മാമാങ്കം കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ മികച്ച കലോത്സവങ്ങളിലൊന്നായി നിലനിൽക്കും.
കലോത്സവ കാഴ്ച്ചകൾ ഒപ്പിയെടുത്തും റിപ്പോർട്ടർമാരായും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓരോ നിമിഷവും ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തും കലോത്സവ നഗരിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. വേദികളിലും അണിയറകളിലും സജീവമായ നൂറുക്കണക്കിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് കലോത്സവം ഡോക്യുമെൻ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്.
കലോത്സവത്തിന്റെ മനോഹര ദൃശ്യങ്ങൾ ക്യാമറയിലേക്ക് പകർത്തിയും കൈറ്റ്സ് ചാനലിന് വേണ്ടി വാർത്തകൾ തയ്യാറാക്കിയും സജീവ സാന്നിധ്യമാണ് ഈ കുട്ടിക്കൂട്ടം. ഓരോ വേദികളിലും രണ്ട് വീതം ക്യാമറമാൻമാരാണ് കലോത്സവ ചിത്രങ്ങൾ പകർത്താനുള്ളത്. കൂടാതെ ജനത്തിരക്കേറെയുള്ള വേദികളുടെ പരിസര കാഴ്ച്ചകൾ പകർത്താനും ഈ കുട്ടിക്കൂട്ടം ക്യാമറയുമായുണ്ട്. പത്തോളം കുട്ടികൾ ചാനലിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സിന് വേണ്ടി കുട്ടികൾ പകർത്തുന്ന ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്യുകയും ലിറ്റിൽ കൈറ്റ്സ് വെബ്സൈറ്റിൽ ചേർക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മത്സരാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ എല്ലാ വേദികളിലും ഹെല്പ് ഡെസ്കും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
കലോല്‍സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍(കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്‌ലോഡ് ചെയ്യുന്ന പ്രവർത്തനത്തിനും ലിറ്റിൽ കൈറ്റ്സ് വളൻ്റിയർമാരാണുള്ളത്.
കലോത്സവ വേദികളിൽ സർവ്വ സജ്ജമായി ഫയർഫോഴ്‌സ് യൂണിറ്റുകൾ
കലോത്സവ വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സജ്ജരാണ് ഫയർ ഫോഴ്സ്. ആകെ എട്ട് യൂണിറ്റുകളാണ് വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് യൂണിറ്റുകളാണ് പ്രധാന വേദിയിൽ ഉള്ളത്. ഊട്ടുപുരയിലും രണ്ട് യൂണിറ്റുകൾ ഉണ്ട്. മറ്റ് നാല് വേദികളിലായി ഓരോ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
പ്രധാന വേദിയിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുമാണ് ഉള്ളത്. വേദികളിലൊന്നും അനിഷ്ട സംഭവങ്ങൾ സംഭവിക്കാതിരിക്കാനായി കൃത്യമായ ഇടപെടലാണ് വകുപ്പ് നടത്തുന്നതെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി പറഞ്ഞു.
പെരുവയൽ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കായലം എ.എൽ.പി സ്കൂൾ കുവ്വിൽ റോഡ്, ചാലിപ്പാടം പുന്നാറമ്പത്ത് റോഡ് എന്നിവയാണ് നവീകരണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുത്തത്.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കായലം എ.എൽ.പി സ്കൂൾ കുവ്വിൽ റോഡിന് 3.45 ലക്ഷം രൂപയും ചാലിപ്പാടം പുന്നാറമ്പത്ത് റോഡിന് 4.85 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
ചടങ്ങുകളിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ബ്ലോക്ക് മെമ്പർ ടി.പി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രേഷ്മ തെക്കേടത്ത്, രാജേഷ് കണ്ടങ്ങൂർ, പി അനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
2023-2024 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, മെമ്പർമാരായ ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ,ബാബു മൂട്ടോളി, മോളി തോമസ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, ആസൂത്രണസമിതി അംഗം വി.എം മാത്യു, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കാർഷിക സെൻസസിന് തുടക്കമായി
നാടിന്റെ വികസനത്തിന്റെ നേർചിത്രങ്ങൾ കാണാൻ തിരക്ക്
അഴിയൂരിൽ ദേശീയ ജൈവവൈവിധ്യ ബോർഡ് ജൂറി കമ്മിറ്റി സന്ദർശനം നടത്തി
ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ ജൂറി കമ്മിറ്റി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിന്ന് വിരമിച്ച ഡോ.എ കെ ഗുപ്ത ചെയർമാനായ ജൂറി കമ്മിറ്റിയാണ് അഴിയൂരിൽ എത്തിയത്.
പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു
പുതിയതായി രൂപീകരിച്ച പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ആദ്യ പരിപാടിയാണ് താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന സെമിനാർ. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വാണിജ്യ ഡയറക്ടറും പ്ലാന്റേഷന്‍ സ്പെഷ്യല്‍ ഓഫീസറുമായ എസ് ഹരികിഷോര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ പ്ലാന്റേഷന്‍ മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതും പ്ലാന്റേഷന്‍ ടൂറിസത്തിന്റെ രൂപകല്‍പ്പന മുൻ നിർത്തി വിശദ പദ്ധതിക്ക് രൂപം നൽകുന്നതും സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്തു.
രാജ്യത്ത് ആദ്യമായി പ്ലാന്റേഷന്‍ മേഖലക്ക് ഒരു ഡയറക്ടറേറ്റ് രൂപീകരിച്ചത് കേരളത്തിലാണ്. പ്ലാന്റേഷൻ മേഖലയ്ക്കായി 160 ലക്ഷം രൂപയുടെ വിവിധ പദ്ധതി നിർദ്ദേശങ്ങൾ ഈ വർഷത്തെ പ്ലാനിൽ ഉൾപ്പെടുത്തി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഇവക്ക് ഉടൻതന്നെ അംഗീകാരം നൽകും. ഈ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി നടപടികൾ സ്വീകരിക്കാൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാധ്യതകൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്ന് കൊണ്ട് പ്ലാന്റേഷൻ മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന സമീപനമാണ് സർക്കാരിനുള്ളത്.
പ്ലാന്റേഷന്‍ മേഖലയില്‍ ഇക്കോ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നവീനവും പ്രായോഗികവുമായ വിവിധ സാധ്യതകള്‍ തുറന്നു കാട്ടുന്നതായിരുന്നു സെമിനാര്‍. പ്ലാന്റേഷന്‍ ടൂറിസത്തിന്റെ പുനര്‍ രൂപകല്‍പ്പന, ഉത്തരവാദിത്വ ടൂറിസത്തിനുള്ള സാദ്ധ്യതകള്‍, പ്ലാന്റേഷന്‍ ടൂറിസം – ടൂറിസം വ്യവസായത്തില്‍ നിന്നുള്ള ഒരു കാഴ്ചപ്പാട്, ഉത്തരവാദിത്വ ടൂറിസത്തില്‍ പരമ്പരാഗത വാസ്തു വിദ്യ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ സെമിനാറിൽ കൈകാര്യം ചെയ്തു.
അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് കേരള ചെയര്‍മാന്‍ എ.കെ. ജലീല്‍, മലബാര്‍ പ്ലാന്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജീവ് മേനോന്‍, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. എസ്. സുരേഷ് കുമാര്‍, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. അബ്രഹാം എന്നിവര്‍ പങ്കെടുത്തു.