ശാസ്ത്രീയ പശു പരിപാലന പരിശീലനം ജൂലൈ രണ്ട് മുതൽ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (25/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിന് തീയതി ദീർഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം -695033. ഫോൺ: 9846033001,0471- 2325101. ഇ-മെയിൽ: keralasrc@gmail.com

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ ഗവ. ഷോർട്ട് സ്റ്റേ ഹോമിലേക്ക് 18 മുതൽ 59 വയസ്സു വരെയുള്ള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇന്റർവ്യൂ ജൂൺ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവ. ഷോർട്ട് സ്റ്റേ ഹോം. ഫോൺ: 0495- 2731883.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ. മഹിളാ മന്ദിരത്തിലേക്ക് 21 വയസ് മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡരുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 11ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഓഡിറ്റോറിയത്തിൽ നടക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇ- മെയിൽ: mahilakkd12@gmail.com. ഫോൺ: 0495- 2731119.

പോത്ത് വളർത്തൽ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 30 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പോത്ത് വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. മൂൻ കൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 0491-2815454, 9188522713

ശാസ്ത്രീയ പശു പരിപാലനം: പരിശീലനം ജൂലൈ രണ്ട് മുതൽ

ബേപ്പൂർ നടുവട്ടത്തെ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ ജൂലൈ രണ്ട് മുതൽ എട്ട് വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലന പരിപാടി നടത്തും. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂൺ 28 ന് വൈകീട്ട് അഞ്ചിനകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിലിലോ 0495-2414579 ഫോൺ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.

സ്‌കോളർഷിപ്പ്/ ക്യാഷ് അവാർഡ് വിതരണം ചെയ്തു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2021-22 വർഷത്തെ കോഴിക്കോട്, വയനാട് ജില്ലകളിലെ ചെത്ത് തൊഴിലാളികൾക്കും, വിദ്യാർത്ഥികൾക്കും നൽകുന്ന സ്‌കോളർഷിപ്പ്/ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഏറ്റവും കൂടുതൽ സേവന ദൈർഘ്യം, ഏറ്റവും കൂടുതൽ കള്ളളവ്/ വേതനം ലഭിച്ച (തെങ്ങ്, പന) ചെത്ത് തൊഴിലാളികൾക്കും, എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുമാണ് സ്‌കോളർഷിപ്പ്/ ക്യാഷ് അവാർഡ് നൽകിയത്. കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടന്ന പരിപാടി ബോർഡ് അംഗം എം.പി. ഷാജി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അധ്യക്ഷത വഹിച്ചു. മുൻ ബോർഡ് അംഗം ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ ആശംസകൾ അർപ്പിച്ചു.

സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ നീന്തൽ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും ദേശീയ, സംസ്ഥാന കലാ-കായിക താരങ്ങളുടെ അനുമോദനവും തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകളില്ലാതെ ഏകോദര സഹോദരങ്ങളായി പരിഗണിക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി ‘ഉണർവ്വ്’ എന്ന പേരിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ച പഞ്ചായത്തിനെ അദ്ദേഹം അനുമോദിച്ചു.

പയിമ്പ്ര ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ശശിധരൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ജയപ്രകാശൻ, ടി. കെ മീന, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി. അപ്പുക്കുട്ടൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു പ്രദോഷ്, യു. പി സോമനാഥൻ, എം.കെ ലിനി, പ്രിൻസിപ്പൽ വി. ബിനോയ്, പ്രധാനാധ്യാപിക ഗീത തുടങ്ങിയവർ പങ്കെടുത്തു.

തിരുവള്ളൂരിൽ വായനവാരാചരണം സംഘടിപ്പിച്ചു

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ‘വിജയപാഠം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വായനവാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമെത്തിയ കുട്ടികളുടെ സംഗമവും, ക്വിസ് മത്സരവും നടന്നു.

മാധ്യമ പ്രവർത്തകൻ അനൂപ് അനന്തൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ക്വിസ് മത്സര വിജയികൾക്ക് അനൂപ് അനന്തൻ ഉപഹാരം നൽകി.

വൈസ് പ്രസിഡന്റ് എഫ്.എം.മുനീർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി. ഷഹനാസ്, നിഷില കോരപ്പാണ്ടി, ബവിത്ത് മലോൽ, കെ.സി.നബീല, ഹംസ വാഴേരി, എ.എസ്.അജീഷ്, പി. അശോകൻ മാസ്റ്റർ, കെ. നവിത ടീച്ചർ, രതീഷ് അനന്തോത്ത് എന്നിവർ സംസാരിച്ചു.

കക്കോടിയിൽ ‘ഉദ്യം’ രജിസ്ട്രേഷൻ ക്യാമ്പ് ജൂൺ 27ന്

അന്തർദേശീയ എം.എസ്.എം.ഇ. ദിനവുമായി ബന്ധപ്പെട്ട് വ്യവസായ വാണിജ്യ വകുപ്പും കക്കോടി ഗ്രാമപഞ്ചായത്തും ചേർന്ന് സൗജന്യ ‘ഉദ്യം’ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പഞ്ചായത്ത് ഹാളിൽ ജൂൺ 27 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നാലുമണി വരെയാണ് ക്യാമ്പ്.

നിലവിലുള്ളതും പുതുതായി തുടങ്ങിയതുമായ എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും (കച്ചവടം ഉൾപ്പെടെ) സൗജന്യമായി രജിസ്ട്രേഷൻ നടത്താം. ചെറുകിട വ്യവസായ സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിലെ കാലതാമസം മാറ്റാനും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന കേന്ദ്രീകൃത ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതിയാണിത്.

മുൻഗണന മേഖലാ വായ്പകൾ, വിവിധ സർക്കാർ പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാനുതകുന്ന രജിസ്ട്രേഷൻ നടത്തുന്നതിന് ആധാർകാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.ഇ. കോഡ് എന്നിവ സഹിതം ക്യാമ്പിൽ പങ്കെടുക്കണം. അപേക്ഷകരുടെ ഫോൺനമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.

https://forms.gle/j8HcvYyykn3WniLk6 എന്ന ഓൺലൈൻ ഫോം പൂരിപ്പിച്ച്‌ പങ്കാളിത്തം ഉറപ്പുവരുത്താം. രജിസ്ട്രേഷൻ സൗജന്യമാണ്. വീടുകളിൽ ആരംഭിച്ച സംരംഭങ്ങൾക്കും രജിസ്റ്റർ ചെയ്യാം. ഫോൺ: 9020966466.

സൗജന്യ ആധാർ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലെ കരുതലിടം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ ആധാർ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. സമഗ്ര ബാലവികസന പരിപാടിയുടെ ഭാഗമായാണ് കുട്ടികൾക്ക് ആധാർ എടുക്കാൻ അവസരം നൽകിയത്. ഇരിങ്ങല്ലൂർ ഗവ എൽ പി സ്കൂളിൽ നടന്ന ക്യാമ്പിൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളാണ് ആധാർ കാർഡിന് അപേക്ഷ നൽകാനെത്തിയത്.അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; സംഘാടക സമിതി രൂപീകരണയോഗം ജൂണ്‍ 28ന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക വകുപ്പിന്‍െറ ‘സമം’ പദ്ധതിയുടെ ഭാഗമായി 2022 ജൂലൈ 16,17,18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോല്‍സവത്തിന്‍െറ സുഗമമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണയോഗം ജൂണ്‍ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ചേരുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ് എന്നിവര്‍ അറിയിച്ചു.
യോഗത്തില്‍ ജനപ്രതിനിധികള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
സ്ത്രീകള്‍ സംവിധാനം ചെയ്ത അന്താരാഷ്ട്ര സിനിമകള്‍, ഇന്ത്യന്‍ സിനിമകള്‍, മലയാള ചിത്രങ്ങള്‍, ഡോക്യുമെന്‍ററികള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകെ 20 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഏകദിന പരിശീലനം നൽകി

ദുരന്ത ദിവാരണ അതോറിറ്റിയുടെയും, യുണിസെഫിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ അപായകരമായ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എ.ഡി.എം സി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിക്ക് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുമായി നൂറോളം പേർ പങ്കെടുത്തു.

കോൺസ്റ്റബിൾ സി.പി. ഹരികൃഷ്ണൻ, ഡിസാസ്റ്റർ മാനേജ്മെന്റ് ഹസാർഡ് അനലിസ്റ്റ് പി. അശ്വതി എന്നിവർ ക്ലാസുകൾ നയിച്ചു. എൻ.ഡി.ആർ.എഫ് ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ, വൈശാഖ് കെ. ദാസ്, ടി.കെ. അനൂപ്, അമിത് കുമാർ, നിലേഷ് ചൗഹാൻ, സന്ദീപ് കുമാർ സിംഗ്, അമിത് സിംഗ്, രവീന്ദർ കുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഭിമാൻ കോ- ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഇ. ബിന്ദു നന്ദിയും പറഞ്ഞു.

ബഷീർ യുവ സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാം

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന ബഷീർ ഫെസ്റ്റിൽ യുവ സാഹിത്യകാരൻമാർക്കായി കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. 15- 30 വയസിനിടെയുള്ളവർക്ക് ജൂലൈ നാലിന് വൈലാലിൽ വെച്ച് (ബഷീർ വസതി) നടക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കാണ് അവസരം ലഭിക്കുക.

പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടർ. സച്ചിദാനന്ദൻ, എം. മുകുന്ദൻ തുടങ്ങി നിരവധി പ്രശസ്തരായ എഴുത്തുകാരുടെ സാന്നിധ്യം ക്യാമ്പിലുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ‘ഞാനറിയുന്ന ബഷീർ’ എന്ന വിഷയത്തിൽ 3 പുറത്തിൽ കവിയാത്ത ഒരു കുറിപ്പ് തയ്യാറാക്കി പേര് വിവരങ്ങൾ സഹിതം ജൂൺ 28 ന് മുൻപായി ഇ- മെയിൽ (basheerfest@gmail.com) അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 7736189714.

ജില്ലയിലെ ആദ്യത്തെ ഐസൊലേഷൻ വാർഡ് നരിക്കുനി സി.എച്ച്.സിയിൽ

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആദ്യത്തെ ഐസൊലേഷൻ വാർഡ് കൊടുവള്ളി നിയോജകമണ്ഡലത്തിലെ നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ. സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും അത്യാധുനിക സൗകര്യങ്ങളോട്കൂടിയ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണിത്. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. കിഫ്‌ബി, എം.എൽ.എ, എ.ടി.എഫ് ഫണ്ടുകൾ വിനിയോഗിച്ച് 1.31 കോടി രൂപ ചെലവഴിച്ച് 2300 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇവിടെ ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്.

ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പൻ കണ്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലൻ കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ ഉമ്മു സൽമ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സർജാസ് കുനിയിൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഇ.കെ. രൂപ നന്ദിയും പറഞ്ഞു.