ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (23/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പോത്ത് വളർത്തൽ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 30ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പോത്ത് വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. ഫോൺ: 0491-28154

പ്രവേശനപരീക്ഷ 25ന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള പ്രവേശനപരീക്ഷ ജൂൺ 25 ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാക്-ഇൻ-ഇന്റർവ്യൂ

സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ ജൂൺ 28 ന് 10 മുതൽ 1 മണി വരെ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 9447301306

സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, പ്ലംബിങ് സാനിറ്റേഷൻ ആൻഡ് ഹോം ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ് (ടാലി), കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും

കോഴിക്കോട് ജനറൽ ഐ.ടി.ഐ.യിൽ ഇലക്‌ട്രോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ബിരുദവും. ജൂൺ 27ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന ഇന്റർവ്യൂവിന് യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495- 2377016

അപേക്ഷ ക്ഷണിച്ചു.

2021-22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്, ജൂൺ 30 വരെയുള്ള അംഗത്വ വിഹിതം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0495 2966577

കൂടിക്കാഴ്ച 27ന്

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്പന്ദനം പ്രൊജക്ടിലേക്കുള്ള വിവിധ തസ്തികളിലേക്ക് ജൂൺ 27 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തുന്നു. ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്)- യോഗ്യത: ബി.ഒ.ടി, ബാച്ചിലർ ഓഫ് ഒക്യൂപ്പേഷണൽ തെറാപ്പി. സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ ഓഡിയോളജിസ്റ്റ് (1) – ബി.എസ്.എൽ.പി തത്തുല്യം. ആയുർവ്വേദ തെറാപിസ്റ്റ് (മെയിൽ) (1)- ഡയറക്ടർ ആയുർവ്വേദ മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന ഒരു വർഷത്തെ ആയുർവ്വേദ തെറാപ്പി കോഴ്സ്. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0495- 2371486.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ ഗവ. ഷോർട്ട് സ്റ്റേ ഹോമിലേക്ക് 18 മുതൽ 59 വയസ്സു വരെയുള്ള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28ന് വൈകീട്ട് അഞ്ച് മണി. ഇന്റർവ്യൂ ജൂൺ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവ. ഷോർട്ട് സ്റ്റേ ഹോം. ഫോൺ: 0495- 2731883.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ. മഹിളാ മന്ദിരത്തിലേക്ക് 21 വയസ് മുതൽ 60 വയസ്സു വരെയുളള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡരുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 11ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഓഡിറ്റോറിയത്തിൽ നടക്കും. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇ- മെയിൽ: mahilakkd12@gmail.com. ഫോൺ: 0495- 2731119.

കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം

കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2018-19 വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവർ ജൂലൈ 31നകം തുക കോളേജ് ഓഫീസിൽനിന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

രോഹു മത്സ്യകുഞ്ഞുങ്ങൾ വില്പനയ്ക്ക്

അഡാക്- കല്ലാനോട് ഹാച്ചറി (ഫിഷറീസ്) യിൽ രോഹു മത്സ്യകുഞ്ഞുങ്ങൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വലിപ്പം 3-4 cm. (ജൈവത്തീറ്റ നൽകി വളർത്തിയത്) ബുക്കിംഗിനായി- 9747538708.

ലേലം

കോഴിക്കോട് താലൂക്ക് കച്ചേരി വില്ലേജ് കച്ചേരി ദേശത്ത് റി.സ 1-22-025 ൽ ഉൾപ്പെടുന്ന അന്യം നിൽപ്പ് ഭൂമിയിലെ കായ്ഫലമുള്ള 20 തെങ്ങിൽനിന്നും മേലനുഭവങ്ങൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 27 ന് വൈകിട്ട് 3.30 ന് കച്ചേരി വില്ലേജ് ഓഫീസിൽ പരസ്യ ലേലം നടത്തും.

സംരംഭകത്വപരിശീലനം സംഘടിപ്പിച്ചു

സംരംഭകത്വവർഷത്തിന്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. കുടുംബശ്രീ ഏക് സാതും വ്യവസായ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സവിത, ഏക് സാത് പ്രതിനിധി ഷാജി മാസ്റ്റർ, വ്യവസായ വകുപ്പ് ഓഫീസർ എന്നിവർ സംസാരിച്ചു.

വാതിൽപ്പടി സേവനം: പരിശീലന പരിപാടി സംഘടിപ്പിച്ചു

അർഹരായ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള വാതിൽപ്പടി പദ്ധതിയുമായി ബന്ധപ്പെട്ട് വടകരയിൽ കിലെയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ആശാവർക്കർമാർ, തിരഞ്ഞെടുത്ത വളണ്ടിയർമാർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ഓഗസ്റ്റ് ആദ്യവാരത്തോടെ നഗരസഭയിൽ സേവനം പ്രാവർത്തികമാകും.

പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് പദ്ധതി അവതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി സജീവ് കുമാർ, പി വിജയ്, എ പി പ്രജിത, പ്രൊജക്റ്റ്‌ ഓഫീസർ സന്തോഷ്‌ കുമാർ, നോഡൽ ഓഫീസർ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

ശൈശവ വിവാഹ നിരോധന നിയമം- 2006; ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ശൈശവ വിവാഹ നിരോധന നിയമം- 2006 മായി ബന്ധപ്പെട്ട് നടത്തിയ ഏകദിന പരിശീലന പരിപാടി ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ശൈശവ വിവാഹം തടയാൻ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രവർത്തകർ അവരുടെ പോഷകാഹാര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്കും, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നിയമവിരുദ്ധമായി ശൈശവ വിവാഹം നടക്കുകയും, റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്ന സാഹചര്യത്തിലാണ് ശൈശവ വിവാഹം കുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ, കുട്ടികളുടെ വ്യക്തിഗത അവകാശങ്ങളുടെ ലംഘനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരിശീലനം നടത്താൻ തീരുമാനമായത്.

ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ശൈശവ വിവാഹം നടക്കാതിരിക്കുന്നതിനുള്ള വിവിധ ബോധവത്കരണ പരിപാടികളും വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നുണ്ട്. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ, എം.ഇ.എസ് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം സീനിയർ റെസിഡന്റ് ഡോ. അയിഷ സബിൻ എന്നിവർ വിഷയാവതരണം നടത്തി.

വെള്ളിമാടുകുന്ന് ഗവ. ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ യു. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി എം.പി. ഷൈജൽ മുഖ്യപ്രഭാഷണം നടത്തി. സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ. ഉമേഷ്, സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ. പി.എം. തോമസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷറഫ് കാവിൽ, ജുവനൈൽ വിംഗ് സബ് ഇൻസ്പെക്ടർ കെ. ശശികുമാർ, വനിതാ സംരക്ഷണ ഓഫീസർ എ.കെ. ലിൻസി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ. ഷൈനി തുടങ്ങിയവർ സംസാരിച്ചു. ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ പി.പി. അനിത സ്വാഗതവും ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ടി.എം. സുനീഷ് കുമാർ നന്ദിയും പറഞ്ഞു.

‘പുതുലഹരിയിലേക്ക്‘; ലഹരി ഉപഭോഗത്തിനെതിരെ നവീന ആശയവുമായി ജില്ലാ ഭരണകൂടം

ജില്ലയിലെ വർധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ – ബോധവത്കരണ പരിപാടിയായ ‘പുതുലഹരിയിലേക്ക്‘ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ജീവിതത്തിൽ സന്തോഷം നൽകുന്ന ആരോഗ്യകരമായ ശീലങ്ങളെയോ പ്രവർത്തനങ്ങളെയോ ആണ് ‘പുതുലഹരി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മനസ്സിനും ശരീരത്തിനും ഹാനികരമാകുന്ന ലഹരി പദാർത്ഥങ്ങൾ വെടിഞ്ഞ് ജീവിതത്തിലെ പലതായ മേഖലകളിൽ നിന്ന് പുതുലഹരികൾ കണ്ടെത്തുക എന്ന അർത്ഥത്തിലാണ്‌ പദ്ധതിക്ക് ‘പുതുലഹരിയിലേക്ക്’ എന്ന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 27ന്‌ വെള്ളയിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയിലെ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളാകും. ചടങ്ങിന്‌ മുന്നോടിയായി ബൈക്ക്, സൈക്കിൾ, സ്കൈറ്റേഴ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ റാലി ഒരുക്കും. തുടർന്ന് വൈകീട്ട് സംഗീത നിശയും അരങ്ങേറും.

ഇതിന് മുന്നോടിയായി കുട്ടികളിലെ പുതുലഹരി കണ്ടെത്തുന്നതിനായി ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരിൽ വൊട്ടെടുപ്പ് സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വാശ്രയ കോളേജുകളിലാണ് വൊട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഒരുലക്ഷം കോളേജ് വിദ്യാർത്ഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. തിരഞ്ഞെടുത്ത ക്യാമ്പസുകളിൽ ഉയർന്ന റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനം നടത്തും.

വെള്ളിയാഴ്ച (ജൂൺ 24) രാവിലെ മുതൽ ക്യാമ്പസുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. പരിപാടിയിൽ പങ്കാളികളായി നശാ മുക്ത് ഭാരത് അഭിയാൻ തയ്യാറാക്കിയ പ്രതിജ്ഞയെടുക്കുന്നവർക്ക് ഇ- സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും.

ജില്ലയിലെ നാല് താലൂക്കുകളിലായി 13 നിയമസഭാ മണ്ഡലങ്ങളും ജില്ലയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, തിരഞ്ഞെടുത്ത കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി 100-ലധികം കേന്ദ്രങ്ങളിലൂടെ ’പുതുലഹരിയിലേക്ക്‘ പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനം ദീപശിഖയേന്തി പ്രയാണം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രയാണത്തിന്‌ സ്വീകരണം നൽകുകയും ലഹരി അവബോധ സെഷനുകൾ സംഘടിപ്പിക്കുകയും ചെയ്യും. വാഹനത്തിനുള്ളിൽ മിനി എക്സിബിഷനും വീഡിയോ പ്രദർശനവുമുണ്ടാകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ്‌ വാഹനത്തിന്റെ സജ്ജീകരിച്ചത്.

തിരഞ്ഞെടുത്ത കവലകളിൽ ഇന്ററാക്ടീവ് ഗെയിംസ്, സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ചർച്ചകൾ, ക്വിസ് സെഷനുകൾ, തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ ബാലറ്റ് ഓൺ വീൽസ് എന്ന സഞ്ചരിക്കുന്ന പതിപ്പും ഇത്തരം കേന്ദ്രങ്ങളിൽ ക്രമീകരിക്കും. ട്രൈബൽ കോളനികളും, തീരദേശ മേഖലകൾ കേന്ദ്രീകരിച്ചും പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കും. വാഹനം 24 ന്‌ രാവിലെ എരഞ്ഞിപ്പാലം സെന്റ്. സേവ്യേഴ്സ് കോളേജിൽ ഫ്ലാഗ് ഓഫ് ചെയ്യും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശാ മുക്ത് ഭാരത് അഭിയാൻ, എക്സൈസ്, സാമൂഹ്യ നീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കും. ഒരു വർഷത്തിനുള്ളിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വീട്ടമ്മമാർ, അധ്യാപകർ തുടങ്ങി എല്ലാ സാമൂഹ്യവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കും. കൗൺസിലിങ്ങ്, ഡീ അഡിക്ഷൻ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനായുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് അവരുടെ തനതായ ശൈലിയിൽ വിഷയത്തെ അവതരിപ്പിച്ച് ലഹരിക്കെതിരായി അവർക്കിടയിൽനിന്നുതന്നെ കൂട്ടായ്മകൾക്ക് രൂപം നൽകും. പദ്ധതിയുമായി ചേർന്ന് ക്യാമ്പസ് ഓഫ് കോഴിക്കോട് മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോളേജുകൾക്ക് അംഗീകാരം നൽകും.

പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി എക്സെെസ് കമ്മീഷ്ണർ അബു എബ്രഹാം, അസി. എക്സെെസ് കമ്മീഷ്ണർ എം. സുഗുണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി എന്നിവർ പങ്കെടുത്തു.