പ്രകൃതിപഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിലെ സർജന്റ് തസ്തികയുടെ (കാറ്റഗറി നം. 418/2015) കാലാവധി പൂർത്തിയായ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

ഐസിഎസ്ആർ പ്രവേശനപരീക്ഷ ജൂലൈ 17ന്

പൊന്നാനി കരിമ്പനയിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്കു കീഴിലെ ഐ.സി.എസ്.ആർ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പിസിഎം കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള സമയം ജൂലൈ ഒൻപത് വരെ ദീർഘിപ്പിച്ചു. ഐസിഎസ്ആർ-ൽ പ്രവേശന സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ജൂലൈ 17ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. വിലാസം – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573. ഫോൺ: 0494 2665489, 8848346005, 9846715386,9645988778,9746007504. വെബ്സൈറ്റ്: www.kscsa.org, ഇ-മെയിൽ: icsrgovt@gmail.com

വാക്-ഇൻ -ഇന്റർവ്യൂ 28 ന്

സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് പ്രതിദിനം 650 രൂപ നിരക്കിൽ കാഷ്വൽ ലേബർ നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ നടത്തും. താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജൂൺ 28നു 10 മണിമുതൽ ഉച്ചക്ക് ഒരുമണിവരെ ന‌ടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം

ക്വട്ടേഷൻ കാലാവധി 28 വരെ ദീർഘിപ്പിച്ചു

കോഴിക്കോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് കുട, സ്‌കൂൾ ബാഗ്, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് ക്ഷണിച്ച ക്വട്ടേഷന്റെ കാലാവധി ജൂൺ 28 വരെ ദീർഘിപ്പിച്ചതായി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2376364

ഇന്റീരിയർ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് ഗവ. ഐടിഐ ഫോർ വുമൺ, ഐ.എം.സി എന്നിവ സംയുക്തമായി നടത്തുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെമിനാർ സംഘടിപ്പിച്ചു

വേങ്ങേരിയിലെ കാർഷിക വിജ്ഞാന വിപണന കേന്ദ്രവും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. കിഴങ്ങുവിളകളിലെ നൂതന സാങ്കേതിക വിദ്യകൾ, സംരഭകത്വ സാധ്യതകൾ, മിനി സെറ്റ് സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. പ്രായോഗിക ക്ലാസ്സുകൾ, ശ്രീ രക്ഷ എന്ന വൈറസ് പ്രതിരോധ ഇനം കോഴിക്കോട് ജില്ലയിലെ മുൻനിര പ്രദർശനത്തിനായുള്ള വിതരണം, കൃഷിയിട സന്ദർശനം, പുതിയ കിഴങ്ങു വിള ഇനങ്ങളുടെ വിതരണം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണം, കിഴങ്ങുവിള മൈക്രോ ഫുഡുകളുടെ വിതരണം എന്നിവയും സംഘടിപ്പിച്ചു.

വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജയശ്രീ കുട്ടികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.പി. നിഖിൽ അധ്യക്ഷനായി. കിഴങ്ങുവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. ജി. ബൈജു, ഡോ. ഡി. ജഗന്നാഥൻ, ഡി.ടി. റെജിൻ എന്നിവർ ക്ലാസുകൾ നയിച്ചു. കോഴിക്കോട് ബ്ലോക്കിലെ 35-ഓളം കർഷകർ പങ്കെടുത്തു.

പ്രകൃതിപഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്കാണ് ക്യാമ്പ് അനുവദിക്കുന്നത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തിരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ നൽകും. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട് 673028 എന്ന വിലാസത്തിൽ ജൂൺ 28 നകം ലഭിക്കണം. ഫോൺ: 8592946408, 8547803871

താത്കാലിക നിയമനം

ഐ.എച്ച്.ആർ.ഡിക്ക് കീഴിലെ വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ലക്ചറർ ഇൻ ബയോ-മെഡിക്കൽ എൻജിനീയറിങ് തസ്തികകളിലേക്ക് താതാകാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ജൂൺ 23നും ലക്ചറർ ഇൻ ബയോ-മെഡിക്കൽ എൻജിനീയറിങ് 24 ന് രാവിലെ 9.30നുമാണ് ഇന്റർവ്യൂ. ഫോൺ : 0496 2524920

ദർഘാസ്

മാത്തോട്ടം വനശ്രീ കോംപ്ലക്‌സിൽ അപകടകരമായി നിൽക്കുന്ന ഒൻപത് മരങ്ങൾ മുറിക്കുന്നതിനും എട്ട് മരങ്ങളുടെ ഭീഷണിയായി നിൽക്കുന്ന 20 ശാഖകൾ മുറിക്കുന്നതിനും വനശ്രീ കോംപ്ലക്‌സിൽ ദർഘാസ് നടത്തി ജൂൺ 30 ന് വൈകീട്ട് മൂന്ന് മണിക്ക് വിൽക്കും. ഇതിനായുള്ള ദർഘാസ് ഫോറം ജൂൺ 27 മുതൽ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ ജൂൺ 30 ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: 0495 2414702

പി.എസ്‌.സി വിജ്ഞാപനം

കേരള പി.എസ്‌.സി വിവിധ തസതികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം 16.5.2022 ലെ അസാധാരണ ഗസറ്റിലും 15.5.22 ലെ പി.എസ്.സി ബുളളറ്റിനിലും കമ്മിഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം- ജില്ലാതല ഉദ്ഘാടനം നടന്നു.

വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ആരോഗ്യ മേഖലയിലെ ആചരണങ്ങൾ സമൂഹത്തിന്റെ ആരോഗ്യ നിലവാരത്തിലും പകർച്ചവ്യാധികളുടെ നിയന്ത്രണത്തിലും വലിയ സ്വാധീനമുണ്ടാക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ആശാ പ്രവർത്തകർ മുതൽ ഡോക്ടർമാർ വരെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തുന്ന പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും എം.എൽ.എ പറഞ്ഞു.

കുന്ദമംഗലത്ത് നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷനായി. ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. സരള നായർ മുഖ്യ പ്രഭാഷണം നടത്തി. അങ്കണവാടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമുള്ള ഒ ആർ എസ് പാക്കറ്റുകൾ എം.എൽ.എ വിതരണം ചെയ്തു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഹസീന കരീം വാരാചരണ ബോധവത്കരണ ക്ലാസെടുത്തു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി അനിൽ കുമാർ, ആരോഗ്യ സ്‌റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പഞ്ചായത്തംഗം പി കൗലത്ത്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആരോഗ്യ ക്വിസ് പരിപാടിയും ആരോഗ്യ ബോധവത്കരണ നാടൻ പാട്ടുമേളയും അരങ്ങേറി.