പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/07/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.

മഴക്കെടുതി: പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സെല്‍ അറിയിച്ചു. പൂനൂര്‍പുഴയില്‍ കുന്ദമംഗലം, കോളിക്കല്‍ ഭാഗങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ സജ്ജമാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് നാളെ വൈകിട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തഹസില്‍ദാര്‍മാരുടെയും താലൂക്ക് ഓഫീസര്‍മാരുടെയും അടിയന്തര യോഗം ചേരും.

മത്സ്യഫെഡില്‍ നിയമനം

കോഴിക്കോട് മത്സ്യഫെഡില്‍ ഓണ്‍ലൈന്‍ മത്സ്യവിപണനം നടത്തുന്നതിന് ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്, ഡെലിവറി ബോയ്, കട്ടര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: ഇ- കൊമേഴ്‌സ് അസിസ്റ്റന്റ്- സയൻസ് വിഷയത്തിൽ ബിരുദം (ഫിഷറീസിൽ മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം, ഡെലിവറി ബോയ്- എസ്.എസ്.എൽ.സി, ഇരുചക്ര വാഹനവും അംഗീകൃത ലൈസൻസും, സ്മാർട്ട് ഫോൺ നിർബന്ധം, കട്ടര്‍- കട്ടർ ജോലിയിൽ പ്രാവീണ്യം, ക്ലീനര്‍- ക്ലീനർ ജോലിയിൽ പ്രാവീണ്യം. നിശ്ചിത യോഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനു സമീപമുള്ള മത്സ്യഫെഡ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോണ്‍: 0495 2380344.

രോഗപ്രതിരോധ സഹായങ്ങൾക്ക് കൺട്രോൾ റൂം ആരംഭിച്ചു

ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പറിലേക്ക് ദുരന്ത നിവാരണ, രോഗപ്രതിരോധ സഹായങ്ങൾക്ക് വിളിക്കാം.

ഫോൺ: 0495 2373903 (രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ),
0495 2370494 (രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ)

ജൽ ജീവൻ പദ്ധതി: ജലശ്രീ ക്ലബ്‌ രൂപീകരിച്ചു

ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ ജലശ്രീ ക്ലബ്‌ രൂപീകരണം ആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നരിപ്പറ്റ ചീക്കോന്ന് യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.കെ. ബീന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപിക ബീന അധ്യക്ഷയായി. ജൽ ജീവൻ മിഷൻ പ്രൊജക്റ്റ്‌ മാനേജർ റോബിൻ ക്ലബുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതി ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി, ഭാവി തലമുറയിൽ കുടിവെള്ളത്തിന്റെ പ്രാധാന്യം എത്തിക്കുക ലക്ഷ്യമിട്ടാണ് സ്കൂളുകളിൽ ജലശ്രീ ക്ലബ്ബ് രൂപവത്കരിക്കുന്നത്. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ പദ്ധതി.

വിദ്യാർത്ഥികളെ അനുമോദിച്ചു

വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. റീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. വിജിലേഷ് അധ്യക്ഷനായി.

എം.ബി.ബി.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ 129 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. തുടർന്ന് കരിയർ ഗൈഡർ ദീപക് സുഗതന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടന്നു.

പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത്‌ അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കളരി ഔഷധ തോട്ടവുമായി വടകര നഗരസഭ

അന്യം നിന്നുപോകുന്ന കളരി ചികിത്സാ ഔഷധ ചെടികളെ സംരക്ഷിക്കുന്നതിന് മർമ്മാണി തോപ്പ് പദ്ധതിയുമായി വടകര നഗരസഭ. കളരി അഭ്യാസങ്ങൾക്കും ചികിത്സക്കും പേരുകേട്ട വടകരയിൽ മരുന്നുകൂട്ടുകൾക്കുള്ള ഔഷധച്ചെടികൾ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി നഗരസഭ നടപ്പിലാക്കുന്നത്.

ചുരുങ്ങിയത് 10 സെന്റ് സ്ഥലം നീക്കിവെക്കാനാകുന്ന ആർക്കും പദ്ധതിയുടെ ഭാഗമാകാം. ഒരു യൂണിറ്റ് തോപ്പ് ഒരുക്കുന്നതിന് തവണകളായി രണ്ടായിരം രൂപ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും. പ്രാദേശിക ഉപയോഗത്തിന് പുറമെ ആയുർവേദ മരുന്ന് നിർമാതാക്കളുമായി ബന്ധപ്പെട്ടും വിപണനം ഉറപ്പാക്കും.

പദ്ധതിയുടെ ഭാഗമായി നഗരസഭാ കൗൺസിലർമാർക്കും തൊഴിലുറപ്പ് അംഗങ്ങൾക്കുമായി ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷയായി. കളരി ഗുരുക്കൻമാരായ സുരേഷ് മാസ്റ്റർ, മുഹമ്മദ്‌, മധു എന്നിവർ ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസ്സെടുത്തു. നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു.

വടകര ടൗൺഹാളിൽ നടന്ന പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻമാരായ എ.പി. പ്രജിത, സിന്ധു പ്രേമൻ, ടി.കെ. പ്രഭാകരൻ, സി.വി. പ്രതീശൻ, വി.കെ. അസീസ്, സി.കെ. കരീം, അബ്ദുൾ ഹക്കിം, പി. സജീവ് കുമാർ, പി. വിജയ് തുടങ്ങിയവർ പങ്കെടുത്തു.

മങ്കിപോക്സ്: ആരോഗ്യജാഗ്രത പാലിക്കുക

സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു. മങ്കിപോക്സ് അഥവാ വാനര വസൂരി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ്. രോഗമുള്ള എലി, അണ്ണാൻ, കുരങ്ങ് മുതലായ മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടായാൽ രോഗം പകരാം. രോഗം ബാധിച്ച മനുഷ്യരിൽ നിന്നും ശരീരസ്രവങ്ങൾ, ശ്വസന തുള്ളികൾ, ക്ഷതങ്ങൾ, കിടക്ക തുടങ്ങിയവ വഴിയും ലൈംഗിക ബന്ധത്തിലൂടെയും അമ്മയിൽ നിന്ന് പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം. പനി, കഠിനമായ തലവേദന, നടുവേദന, പേശീ വേദന, കഴലവീക്കം, ഊർജ്ജക്കുറവ് എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. പനി വന്ന് ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ശരീരത്തിൽ മുഖത്തും കൈകാലുകളിലുമൊക്കെയായി കുമിളകൾ കാണപ്പെടുന്നു. ജനനേന്ദ്രിയം, കൺജക്റ്റിവ, കോർണിയ എന്നിവിടങ്ങളിലും ഇത്തരം കുമിളകൾ കാണപ്പെടാം. വൈറസ് രോഗമായതിനാൽ പ്രത്യേക ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ദീർഘകാല ആരോഗ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും തടയുന്നതിനും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

എല്ലാവരും താഴെ പറയുന്ന മുൻകരുതലുകൾ നിർബന്ധമായും എടുക്കണം:

  • വന്യമൃഗങ്ങളുമായും അവയുടെ മൃതശരീരവുമായും അടുത്ത ബന്ധം പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക.
  • ഇവയുടെ മാംസം, രക്തം, ശരീര സ്രവങ്ങൾ എന്നിവയുമായും അടുത്ത ബന്ധം പുലർത്തരുത്.
  • നന്നായി വേവിച്ച മാംസാഹാരം മാത്രം കഴിക്കുക.
  • രോഗം ബാധിച്ചവരുമായി ഇടപഴകുന്ന കുടുംബാംഗങ്ങൾ, ആരോഗ്യ പരിചരണ പ്രവർത്തകർ എന്നിവർ അണുബാധ തടയാൻ സഹായകമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം മികച്ചതാണെന്നും കൂടുതൽ മെച്ചപ്പെടുത്താനാവശ്യമായ എല്ലാവിധ സഹായങ്ങളും പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്‌ റിയാസ്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിലെ കോഴിക്കോടിന്റെ മുന്നേറ്റത്തിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാലയങ്ങൾക്കുള്ള ആദരവും ഉപഹാര സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ പദ്ധതി കോ- കോർഡിനേറ്റർ വി. പ്രവീൺ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

കലക്ടറേറ്റിലെ ഡി.സി.പി ഹാളിൽ നടന്ന ചടങ്ങിൽവികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. വിമല, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. റീന, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ്‌ മണിയൂർ, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ്‌ കോ- കോർഡിനേറ്റർ ഡോ. എ.കെ. അബ്‌ദുൾ ഹക്കീം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ സ്വാഗതവും ഫിനാൻസ് ഓഫീസർ എം.ടി. പ്രേമൻ നന്ദിയും പറഞ്ഞു.

എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂടെ ആരോഗ്യകേരളത്തെ വാർത്തെടുക്കാൻ സാധിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

രോഗാതുരമായ അവസ്ഥ ഇല്ലാത്ത ആരോഗ്യകേരളത്തെ വാർത്തെടുക്കാൻ എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തിലൂടെ സാധിക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ്.എൻ. കോളേജിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

കിഡ്നി രോഗനിർണയ പരിശോധന, സ്ത്രീരോഗ വിഭാഗം, പാപ്സ്മിയർ പരിശോധന, ജനറൽ ഹെൽത്ത് പരിശോധന, നേത്രപരിശോധന, ഇ.എൻ.ടി, ദന്തൽ പരിശോധനന, ആരോഗ്യസംബന്ധമായ പ്രദർശനങ്ങൾ, സെമിനാറുകൾ, എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവത്കരണം, അനുയാത്ര ക്ലിനിക്, ജീവിതശൈലി രോഗനിർണയ ക്ലിനിക്, സൗജന്യ രക്‌തഗ്രൂപ് നിർണയം, ജീവതാളം സ്റ്റാൾ, ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ്, കാരുണ്യ ഇൻഷുറൻസ് പദ്ധതി കിയോസ്ക്, കോവിഡ് വാക്സിനേഷൻ എന്നീ സേവനങ്ങൾ മേളയിൽ ലഭ്യമാക്കിയിരുന്നു. ഫയർ ആൻഡ്‌ സേഫ്റ്റി, എക്സൈസ്, ഫുഡ്‌ സേഫ്റ്റി, ഐ.സി.ഡി.എസ്, കൃഷി, കുടുംബശ്രീ എന്നീ വകുപ്പുകളുടെ പ്രദർശനങ്ങളും വേറിട്ട കാഴ്ചയായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. നൗഷീർ, സി.എം. ഷാജി, കെ.പി. ഷീബ, കെ.ടി. പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, സി.കെ. സലീം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻ‍കണ്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമർ ഫാറൂഖ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തലക്കുളത്തൂർ മെ‍ഡിക്കൽ ഓഫീസർ ഡോ. ബേബി പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു.

കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സർക്കാർ തുടരുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കര്‍ഷകന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കര്‍ഷക ക്ഷേമനിധി ജില്ലാതല അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നന്മണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കാര്‍ഷിക സംസ്‌കൃതി തിരിച്ചുകൊണ്ടുവരണമെന്നും പച്ചക്കറി, അരി, മുട്ട, പാല്‍, മാംസം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേമ നിധിയിലേക്കുള്ള ആദ്യ അംഗത്വ കാര്‍ഡ് വടക്കുവീട്ടില്‍ ബാലകൃഷണന് മന്ത്രി കൈമാറി.

കാര്‍ഷിക വൃത്തിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിന് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കാനും, കാര്‍ഷിക വൃത്തിയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.പി. സുധീശന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥിയായി. ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍. രമാദേവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത അലക്‌സാണ്ടര്‍ തുടങ്ങിയവർ പങ്കെ‌ടുത്തു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജേന്ദ്രന്‍ സ്വാഗതവും അസി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ഇന്ദു നന്ദിയും പറഞ്ഞു.