അധികമായി അനുവദിച്ച അരി വിതരണം ജൂൺ 20 വരെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മുതിർന്ന പൗരൻമാരുടെ ക്ഷേമം: യോഗം 21ന്

മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂൺ 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിവിധ വയോജന പദ്ധതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണം, റവന്യൂ ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യ നീതി, ആഭ്യന്തരം വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥൻമാരുമായി ചർച്ച നടത്തും.

ഫയൽ അദാലത്ത് : യോഗം നളന്ദ ഓഡിറ്റോറിയത്തിലേക്ക് മാറ്റി

ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ അദാലത്തിലേക്ക് എല്ലാ വകുപ്പുകളും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനും തീവ്രയത്‌നപരിപാടി സംഘടിപ്പിക്കുന്നതിനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പു മേധാവികളുടെ യോഗം ജൂൺ 13 രാവിലെ ഒൻപത് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന യോഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ആട് വളർത്തൽ പരിശീലനം 16 ന്

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആട് വളർത്തൽ’ വിഷയത്തിൽ ജൂൺ 16ന് പരിശീലനം നടത്തും. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ നാല് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ 0491- 2815454, എന്ന നമ്പറിൽ വിളിക്കുകയോ, 9188522713-ൽ വാട്‌സ് ആപ്പ് മെസേജോ അയച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

സ്ത്രീശാക്തീകരണ തൊഴിൽ പരിശീലനം: സ്‌പോട്ട് അഡ്മിഷൻ

തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിലെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ ജി ഐ എസ് /ജി പി എസ് പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്. ബിടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദധാരികൾ /ബി എ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8078980000, വെബ്‌സൈറ്റ്: www.iiic.ac.in

ഇറച്ചിക്കാേഴി വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 21, 22 തീയതികളിൽ ഇറച്ചിക്കാേഴി വളർത്തലിൽ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും, മേൽവിലാസവും വാട്‌സ്ആപ്പ് സന്ദേശം മാത്രമായി ജൂൺ 20 ന് വൈകീട്ട് അഞ്ചിനകം അയക്കണം. ഫോൺ – 04972- 763473

പൊതുജനാരോഗ്യ ബിൽ: തെളിവെടുപ്പ് യോഗം 13 ന്

കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജൂൺ 13 രാവിലെ 10.30 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ആരോഗ്യ വനിതാ-ശിശുവികസന വകുപ്പുമന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ ആരോഗ്യപ്രവർത്തകർ, എന്നിവരിൽനിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കാം. ഇ മെയിൽ – legislation@niyamasabha.nic.in.

ഇ ടെണ്ടർ

പ്രകൃതിക്ഷോഭം 2021-22 ൽ ഉൾപ്പെട്ട വിവിധ പുനരുദ്ധാരണ/ നിർമ്മാണ പ്രവൃത്തികളുടെ മത്സരാധിഷ്ഠിത ഇ ടെണ്ടറുകൾ അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചു. ഇ ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ www.etenders.kerala.gov.in ലഭ്യമാണ്. അവസാന തീയതി ജൂൺ 17 രാവിലെ 10 മണി വരെ. ഇമെയിൽ: bdochrkkd@gmail.com ഫോൺ : 0495 2260272

ഇ-ടെണ്ടർ

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികൾ ഇ-ടെണ്ടർ ക്ഷണിച്ചു. ഓൺലൈനായി സമർപ്പിക്കാവുന്ന അവസാന തീയതി ജൂൺ 20 വൈകീട്ട് ആറ് മണി. ഫോൺ : 0496 2590232.

ദേശീയ സാമ്പിൾ സർവേ പരിശീലനക്യാമ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

എൻ എസ് ഒ നടത്തുന്ന 79-ാമത് സാമൂഹിക സാമ്പത്തിക സർവ്വേയുടെ ത്രിദിന പരിശീലന ക്യാമ്പ് കാലിക്കറ്റ് ടവർ സി.ടി. ഹാളിൽ ജൂൺ 13 രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എൻ എസ് ഒ ഡേറ്റാ പ്രോസസിംഗ് സെന്റർ ബാംഗ്ലൂർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി. എ. മിനി, എൻ എസ് ഒ കോഴിക്കോട് റീജണൽ ഓഫീസ് ഡയറക്ടർ മുഹമ്മദ് യാസിർ, സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിലെ KILE IAS അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ അസംഘടിത മേഖലയിൽ പണിചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും, ആശിതർക്കുമാണ് പരിശീലനം നൽകുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 13. വെബ്സൈറ്റ്: kile.kerala.gov.in ഫോൺ: 7907099629, 0471-2309012, 2307742.

ഡിസബിലിറ്റീസ് മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം

മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾ www.srccc.in ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. ഫോൺ : 9995293845, 8129250158, 8593864845.

അനധികൃത വയറിംഗ് തടയുന്നതിനുളള ജില്ലാതല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത്

സർക്കാർ ഉത്തരവ് പ്രകാരം അനധികൃത വയറിംഗ് തടയുന്നതിനുളള ജില്ലാതല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നു. ജില്ലയിലെ ‘ബി’ ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ, ‘സി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ എന്നിവരുടെ പ്രതിനിധികളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി താത്പര്യമുളളവർ ഒറിജിനൽ കോൺട്രാക്ടർ ലൈസൻസ് പെർമിറ്റ്/ ഐ ഡി പ്രൂഫ് എന്നിവ സഹിതം കാര്യാലയത്തിൽ 15 ദിവസത്തിനുളളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിന്റെ രജിസ്റ്റേർഡ് സംഘടനകൾക്കും പേര് നിർദ്ദേശിക്കാം. ഫോൺ : 0495 2950002.

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിംഗ് 15ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 15 ന് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെ ഓംബുഡ്‌സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാവുന്നതാണ്.

കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒഴിവുള്ള കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ അർധ- സർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)

2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവർ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന അപേക്ഷ ജൂൺ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഫോൺ: 0495 2370225

അധികമായി അനുവദിച്ച അരി വിതരണം 20 വരെ

2022 മെയ് മാസത്തിൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഗോതമ്പ് ലഭ്യമാകാത്ത ഗുണഭോക്താക്കൾക്ക് പകരമായി ഒരു കിലോഗ്രാം അരി ജൂൺ മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അധികമായി അനുവദിച്ച അരിയുടെ വിതരണം ജൂൺ 20 വരെ മാത്രമായതിനാൽ കാർഡുടമകൾ നിശ്ചിത തിയ്യതിക്കകം റേഷൻ കൈപ്പറ്റേണ്ടതാണ്.

സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉദ്ഘാടനം ജൂൺ 13ന്

വ്യവസായ വകുപ്പിനു കീഴിലുള്ള രാമനാട്ടുകരയിലെ അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ ഉദ്ഘാടനം ജൂൺ 13 വൈകുന്നേരം നാലുമണിക്ക് വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് നിർവഹിക്കും. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

ഐടി/ ഐടി അടിസ്ഥാന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് രണ്ട് ഏക്കർ സ്ഥലത്ത് അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക് നിർമിച്ചത്. സൈബർ പാർക്കും യുഎൽ സൈബർ പാർക്കും കഴിഞ്ഞാൽ ജില്ലയിലെ മൂന്നാമത്തെ വലിയ ഐടി പാർക്കാണിത്.

ആറു നിലകളിലായാണ് 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി നിർമിച്ചിരിക്കുന്നത്. ചുരുങ്ങിയത് 1000 ആളുകൾക്ക് നേരിട്ടും 2,000 പേർക്ക് പരോക്ഷമായും ഇതിലൂടെ തൊഴിൽ ലഭ്യമാകും.

ശൗചാലയം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ശൗചാലയങ്ങൾ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് 2221-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് സ്ത്രീകളുടെയും, പുരുഷൻമാരുടെയും വാർഡുകളിലെ ശൗചാലയങ്ങൾ ആധുനിക രീതിയിൽ പുതുക്കി പണിതത്.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലീബാ സുനിൽ, താലൂക്ക് ആശുപത്രി സ്റ്റാഫ് സിക്രട്ടറി സി പ്രതിപൻ, സീനിയർ നേഴ്സിങ് ഓഫീസർ ബീന,നേഴ്സിങ് ഓഫീസർ സീതു തമ്പി, വി.ബാലൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

നൂറു ശതമാനം ഇ- സാക്ഷരത കൈവരിച്ച് മണിയൂർ പഞ്ചായത്ത്; സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ജില്ലാ കലക്ടർ നിർവഹിച്ചു

സാങ്കേതിക സാക്ഷരതയിൽ വിപ്ലവകരമായ നേട്ടം കരസ്ഥമാക്കിയ മണിയൂർ പഞ്ചായത്തിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. സർക്കാർ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാകുന്ന ഈ കാലത്ത് സാങ്കേതിക സാക്ഷരത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. ഒരുവർഷം നീണ്ട കാലയളവിൽ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പിലാക്കിയ ഭരണസമിതിയെ കലക്ടർ അഭിനന്ദിച്ചു.

മണിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.സി. കുഞ്ഞമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

സമ്പൂർണ സാങ്കേതിക സാക്ഷരത കൈവരിച്ച് മണിയൂർ പഞ്ചായത്ത്

സാങ്കേതിക സാക്ഷരതയിൽ മികച്ച നേട്ടവുമായി മണിയൂർ പഞ്ചായത്ത്‌. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും സാങ്കേതിക സാക്ഷരതയിലേക്ക് നയിച്ച് ഒരു സാങ്കേതിക വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഭരണസമിതി. ഇതിനായി “ഇ- നാട് ഇ- വഴിയേ മുന്നോട്ട്” എന്ന പേരിൽ സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചു നടപ്പാക്കിയത്.

മണിയൂർ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സമ്പൂർണ്ണ സാങ്കേതിക സാക്ഷരത ഉറപ്പാക്കുക. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക വഴി സർക്കാർ ഓഫീസുകളിലെ അനാവശ്യ തിരക്ക് ഒഴിവാക്കുക എന്നതായിരുന്നു സമഗ്ര സാങ്കേതിക സാക്ഷരതാ മിഷൻ ലക്ഷ്യം വെച്ചത്. സമ്പൂർണ്ണ സാങ്കേതിക സാക്ഷരത കൈവരിക്കുന്നതോടെ ജനങ്ങൾക്ക് വീട്ടിലിരുന്നുതന്നെ സർക്കാർ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിൽ വളരെ വിപുലമായാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്..

പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിൽ നിന്നും മാസ്റ്റർ ട്രെയിനർമാരെ തെരഞ്ഞെടുക്കുകയും അവർക്ക് വിദഗ്ധ പരിശീലനം നൽകുകയും ചെയ്തു. ഇത്തരത്തിൽ സാങ്കേതികതയിൽ പരിശീലനം ലഭിച്ച ട്രെയിനർമാരുടെ നേതൃത്വത്തിൽ വാർഡ്തല പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി നടത്തിയ പരിശീലനം വൻ വിജയമായിരുന്നു.

എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭിക്കുന്ന ഇക്കാലത്ത് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുകൊണ്ട് സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും നേടാൻ മുഴുവൻ ജനങ്ങളെയും പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് പറഞ്ഞു. ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ അനിവാര്യമായ ഈ കാലഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും അതിനായി സജ്ജരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒരു വർഷം നീണ്ടുനിന്ന കൃത്യമായ ആസൂത്രണത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായാണ് പഞ്ചായത്തിനു ഈ അത്യപൂർവ്വ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

വികസന സെമിനാർ സംഘടിപ്പിച്ചു

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി തയാറാക്കുന്നതിനായി വ‌ടകര നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. കാർഷികമേഖലയ്ക്കും ഭിന്നശേഷി വിഭാഗത്തിനും സ്ത്രീ മുന്നേറ്റത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ടൂറിസം, കടത്തനാടിന്റെ പൈതൃകമായ കളരി നഗരം, കളിസ്ഥലം, അജൈവ മാലിന്യ സംസ്കരണ മേഖലയിൽ നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തൽ, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, കുട്ട്യാമിയിൽ ചീർപ്പ് ആധുനികവത്കരണം, കോട്ടപ്പറമ്പ് പ്രോജക്ട്, തീരദേശ ജനതയുടെ ആരോഗ്യ പരിപാലനം, കാർബൺ ന്യൂട്രൽ മുനിസിപ്പാലിറ്റി, ജൂബിലി കുളവും പരിസരവും മോടി കൂട്ടൽ തുടങ്ങിയ പദ്ധതികളെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. പാർപ്പിട, മൃഗസംരക്ഷണ, മത്സ്യമേഖലകളിലെ വികസനവും ചർച്ചാ വിഷയമായി.

18 വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്ന് വന്ന നിർദ്ദേശങ്ങളും 47 വാർഡുകളിലെയും വാർഡ് സഭകളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും സെമിനാറിൽ പങ്കു വെച്ചു. പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ. വനജ അധ്യക്ഷയായി.
നഗരസഭാ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. വിജയ്, പി. സജീവ് കുമാർ, എ.പി. പ്രജിത, എം. ബിജു, സിന്ധു പ്രേമൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.പി. ഭാസ്കരൻ, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.

പകൽവീടുകൾ സായംപ്രഭ ഹോമുകളാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പകൽവീടുകൾ സായംപ്രഭ ഹോമുകൾ ആക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, ബാലുശ്ശേരി, ചേമഞ്ചേരി, കക്കോടി, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ പകൽ വീടുകളാണ് പദ്ധതി പ്രകാരം സായംപ്രഭ ഹോമുകളായി ഉയർത്തിയത്. വയോജനങ്ങൾക്കു പകൽ സമയങ്ങളിൽ ഒത്തുചേരാൻ സായംപ്രഭാ ഹോമുകൾ പ്രയോജനപ്പെടും. വിവിധ ആരോഗ്യ വിനോദ സേവനങ്ങളും ഇവിടെ ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി സായംപ്രഭ ഹോമുകളിലേക്ക് ഫർണിച്ചറുകളും ടി.വിയും വിനോദത്തിനുള്ള സംവിധാനങ്ങളും നൽകി. 28 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

പരിപാടിയുടെ ഭാഗമായി നടന്ന വയോജന സംഗമത്തിൽ സോഷ്യൽ സെക്യൂരിറ്റി മിഷൻ പ്രോഗ്രാം ഓഫീസർ പി.സി. ഫൈസൽ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, കെ.എ. ജോസുകുട്ടി തുടങ്ങിയവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു വത്സൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഷ്മ നന്ദിയും പറഞ്ഞു.