പാലുത്പന്ന നിര്‍മ്മാണ പരിശീലനപരിപാടി ജൂലൈ 11 മുതൽ, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/07/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നല്‍കുന്ന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, മികച്ച നൂതന മത്സ്യകര്‍ഷകന്‍, മികച്ച ചെമ്മീന്‍ കര്‍ഷകന്‍, മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമുകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട്- 05′ എന്ന വിലാസത്തില്‍ എത്തിക്കണം. അവസാന തീയതി: ജൂലൈ ഒന്‍പത്. ഫോൺ: 0495- 2381430.

ക്വട്ടേഷന്‍ ക്ഷണിച്ചു

എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്‌ട്രേഷന്‍ ഉള്ള എയര്‍കണ്ടീഷന്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള 1400 സി.സിക്ക് മുകളിലെ ഏഴ് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 15 ഉച്ചയ്ക്ക് ശേഷം മൂന്ന് മണി സ്വീകരിക്കും. ഫോണ്‍: 0495- 2992620, 9447905294, 8129166086.

ടെൻഡര്‍ ക്ഷണിച്ചു

തലക്കുളത്തൂര്‍ സി.എച്ച്.സി.യിലേക്ക് ലാബ് റീ ഏജന്റ്‌സ് സാധനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. അവസാന തീയതി: ജൂലൈ 13 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495- 2853005. ‌

പാലുത്പന്ന നിര്‍മ്മാണ പരിശീലനപരിപാടി

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 11 മുതല്‍ 21 വരെ പാലുത്പന്ന നിര്‍മാണത്തില്‍ പത്ത് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 135 രൂപ. അധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 11ന് രാവിലെ 10 മണിക്കകം പരിശീലന കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2414579

തീറ്റപ്പുല്‍ കൃഷി വളര്‍ത്തല്‍ പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14, തീയതികളിലായി തീറ്റപ്പുല്‍ കൃഷി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് , ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 11 ന് വൈകീട്ട് അഞ്ചിനകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ- മെയില്‍ വിലാസത്തിലോ 0495- 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ ചെയ്യണം.

മേപ്പയ്യൂരിൽ സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു

പുതിയ സംരഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം നൽകുന്നതിനായി മേപ്പയ്യൂർ പഞ്ചായത്തിൽ സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി. രാജൻ നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്താനായി തദ്ദേശ സ്ഥാപനങ്ങളിൽ ഏകദിന സംരഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മേപ്പയ്യൂരിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.

ഞാറ്റുവേലച്ചന്ത നാളെ

വേളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നാളെ (ജൂലൈ ഏഴ്) ഞാറ്റുവേലച്ചന്ത ആരംഭിക്കും. കേളോത്ത് മുക്കിൽ വെച്ച് നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യും. ചകിരിചോറ് കമ്പോസ്റ്റ്, ഗ്രോ ബാഗ്, കുറ്റ്യാടി തെങ്ങിൻ തൈകൾ, കവുങ്ങ് തൈകൾ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്ത് പാക്കറ്റുകൾ റംബൂട്ടാൻ, ഗ്രാഫ്റ്റ്/ ബഡ് മാവിൻ തൈകൾ, പ്ലാവിൻ തൈകൾ, സപ്പോട്ട, ഗ്രോ ബാഗിൽ വളർത്തിയ കുറ്റി കുരുമുളക്, ഇഞ്ചി, പച്ചമുളക് തുടങ്ങിയ എല്ലാ നടീൽ വസ്തുക്കളും മിതമായ നിരക്കിൽ ചന്തയിൽ ലഭ്യമാകും.

അടുത്ത വര്‍ഷം വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ ഇപ്പോഴേ അറിയിക്കണം.

2023 ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും തുടര്‍ന്ന് ജൂലൈ ആദ്യവാരത്തിലെ വനമഹോത്സവ കാലം വരേയും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച് വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴ് വരെ വൃക്ഷത്തൈകള്‍ നട്ട് തുടര്‍ന്നുള്ള കാലയളവില്‍ പരിപാലിക്കുന്നതാണ് പദ്ധതി. വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗവുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്കാവശ്യമായ വൃക്ഷത്തൈകള്‍ സൗജന്യമായി ലഭ്യമാക്കും. എന്നാല്‍ നട്ടുപിടിപ്പിക്കുന്നതിന് പകരം ഏറ്റുവാങ്ങി വിതരണം ചെയ്യാനായി തൈകള്‍ ലഭ്യമാവില്ല.

പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സംബന്ധമായ വിവരങ്ങള്‍ (വിസ്തീര്‍ണ്ണം, ഉടമസ്ഥാവകാശം), അപേക്ഷ നല്‍കുന്ന സംഘടനയുടെ/ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വിലാസം, അപേക്ഷ സമര്‍പ്പിക്കുന്നത് സംഘടനയാണെങ്കില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ താത്പര്യമുള്ള അംഗങ്ങളുടെ എണ്ണം, മുന്‍പ് സമാനമായ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങള്‍, ആവശ്യമായ തൈകളുടെ ഇനം എണ്ണം (തെങ്ങ്, റമ്പൂട്ടാന്‍, മാങ്കോസ്റ്റീന്‍ മുതലായ തൈകള്‍ ലഭിക്കില്ല) എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കാം. അവസാന തീയതി: ജൂലൈ 20. വിലാസം: അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്കരണ വിഭാഗം. വനശ്രീ കോംപ്ലക്‌സ് മാത്തോട്ടം, അരക്കിണര്‍ പി.ഒ, കോഴിക്കോട് 673028. ഇ- മെയില്‍: acf.sf-kzkd.for@kerala.gov.in. ഫോണ്‍: 0495- 2416900, 9447979153.

പി.ആര്‍.ഡിയില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമ. 2020-2021, 2021-2022 അധ്യയന വർഷങ്ങളിൽ കോഴ്സ് പാസായവരായിരിക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 20 എന്ന വിലാസത്തിലോ dio.prd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 12 വരെ ലഭിക്കുന്ന അപേക്ഷകളേ സ്വീകരിക്കുകയുള്ളൂ.

തിരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാൻ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റിസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാൻ അനുവദിക്കാനാകാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495- 2370225

വീടുകൾ വയോജന സൗഹാർദമാകണം, സംരക്ഷണം വീടുകളിൽനിന്ന് ആരംഭിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ്; വയോജന നയം കർമപഥത്തിലേക്ക്: ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

വീടുകൾ വയോജന സൗഹാർദമാക്കി അവരുടെ സംരക്ഷണം വീടുകളിൽനിന്ന് ആരംഭിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ്. ‘വയോജന നയം കർമപഥത്തിലേക്ക്’ എന്ന വിഷയത്തിൽ എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മേയർ. വീടുകളിൽ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാൻ ചവിട്ടു പടികൾക്കും സ്റ്റെയർകേയ്സുകൾക്കും കൈവരികൾ നൽകണം. വയോജനങ്ങളുടെ ശാരീരിക, മാനസിക അവസ്ഥകൾ മനസിലാക്കി പെരുമാറാൻ മറ്റുള്ളവർക്ക് കഴിയണമെന്നും മേയർ പറഞ്ഞു.

സമഗ്ര വയോജന ക്ഷേമത്തിനായുള്ള കോർപ്പറേഷന്റെ പ്രത്യേക പദ്ധതിക്കാണ് ശില്പശാലയോടെ തുടക്കമായത്. കോർപ്പറേഷനിലെ വിവിധ വാർഡുകളിൽനിന്നുള്ള 280-ഓളം റിസോഴ്സ് പേഴ്സൺസിനായാണ് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. ഡോ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള 14 അംഗ കിലെ വൈജ്ഞാനിക സംഘം വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പ്രശ്നപരിഹാര സംവിധാനങ്ങൾ, സർക്കാരിന്റെ വയോജന ക്ഷേമ പദ്ധതികൾ, അവയുടെ നടത്തിപ്പ്, ഭാവി പരിപാടികൾ എന്നിവ വിവിധ സെഷനുകളിലായി ചർച്ച ചെയ്തു.

വയോജന ക്ഷേമത്തിനായുള്ള സമഗ്ര പദ്ധതിക്ക് ശില്പശാലയിൽ രൂപംനൽകി. കോർപ്പറേഷൻ, സർക്കിൾ, ഡിവിഷൻ തലങ്ങളിൽ കോ-ഓഡിനേഷൻ സമിതി രൂപവത്കരിക്കും. ഡിവിഷൻ തലത്തിൽ കൗൺസിലർ, ആശ- അങ്കണവാടി പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തും. ഡിവിഷനുകളിൽ 50 വീടുകൾ വീതമുള്ള ജിയോഗ്രഫിക് ക്ലസ്റ്ററുകളുണ്ടായിരിക്കും. ക്ലസ്റ്റർതല കോർ ടീം മുതിർന്ന പൗരന്മാരുള്ള വീടുകൾ കണ്ടെത്തി വയോജന അയൽക്കൂട്ടം രൂപീകരിക്കും.

ഓരോ അയൽക്കൂട്ടത്തിലും സേവന വിതരണം നടത്താൻ കഴിയുന്നവരെ ഉൾപ്പെടുത്തി സേവന വിതരണ സംഘം രൂപീകരിക്കും. സേവന വിതരണ സംഘം വീടുകൾ സന്ദർശിച്ച് വയോജനങ്ങൾക്കുള്ള സേവന പദ്ധതി തയ്യാറാക്കണം. ക്ലസ്റ്റർതല കോർ ടീമിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലും വാർഡുതല സമിതി മാസത്തിൽ ഒരിക്കലും സേവന വിതരണ മോണിറ്ററിങ് നടത്തണം.

വയോജന ക്ഷേമത്തിന് കോർപ്പറേഷന്റെ ഭരണപരവും സാമൂഹ്യവുമായ ഇടപെടൽ ഫലപ്രദമാക്കാനാണ് പദ്ധതി രൂപവത്കരിച്ചതെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവർ പങ്കെടുത്തു.