കിറ്റ്സിൽ എം.ബി.എ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (12/10/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ വായിക്കാം

സുദൃഢം: ബൈക്ക് റാലി സംഘടിപ്പിച്ചു

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സുദൃഢം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളെ സജീവമാക്കുക, പുതിയ കുടുംബശ്രീ യൂണിറ്റുകൾ രൂപീകരിക്കുക, കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവർക്ക് അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ച് കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് സുദൃഢം.

പദ്ധതി മുഖേന പട്ടികവർഗ, ന്യൂനപക്ഷ, തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് സമ്പൂർണ അയൽക്കൂട്ട പ്രവേശനം ഉറപ്പാക്കും. ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ കണ്ടെത്തി പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഇവർക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകൾ, ഇൻഷൂറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കും.

പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബീന കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും റാലിയിൽ പങ്കെടുത്തു. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ സജിന സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

‘ഹരിത മിത്രം’ കൊടിയത്തൂരിൽ പ്രവർത്തനമാരംഭിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം’ പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേല്‍നോട്ടത്തിനുമായി കെല്‍ട്രോണിന്റെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതിയാണിത്.

ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ശുചിത്വ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പദ്ധതി ഉപകാരപ്രദമാവും. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, മേല്‍നോട്ടമുറപ്പാക്കുക, കാര്യക്ഷമത സുതാര്യത എന്നിവ ഉറപ്പുവരുത്തുക എന്നിവ ഹരിത മിത്രം സ്മാർട്ട്‌ ഗാർബേജ്‌ മോണിറ്ററിംഗ്‌ സിസ്‌റ്റത്തിലൂടെ സാധിക്കും.

പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വിവരങ്ങൾ ശേഖരിച്ച്‌ ക്യു.ആർ കോഡ്‌ പതിച്ച്‌ പഞ്ചായത്ത് തല ഉദ്ഘാടനം‌ പ്രസിഡന്റ് വി. ഷംലൂലത്ത് നിർവ്വഹിച്ചു.

ജനപ്രതിനിധികളുടേയും ഹരിത കർമ്മ സേനാംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുൽ മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, കെൽട്രോൺ പ്രൊജക്റ്റ് മാനേജർ ഒ.സുഗീഷ് കെൽട്രോൺ പ്രൊജക്റ്റ് അസിസ്റ്റൻ്റ് എ.എസ് അൻജന, കസ്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു

നവകേരളം കർമ്മ പദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20. അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി , ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020

യോഗം ചേരും

സംസ്ഥാനത്തെ ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം കണ്ണൂർ ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 14 ന് രാവിലെ 10.30 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് :0495 2370538


സ്പോട്ട് അഡ്മിഷൻ

കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 50% മാർക്കോടുകൂടിയ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ഒക്ടോബർ 13-ന് ) തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്സിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446529467/ 9447013046, 04712329539, 2327707

അഭിമുഖം നടത്തുന്നു

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ വേതനത്തിൽ താല്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14 ന് രാവിലെ 11 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.


സീറ്റ് ഒഴിവ്

എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ: കോളേജിൽ ബി.കോം(കോ-ഓപ്പറേഷൻ) വിഭാഗത്തിൽ പട്ടികജാതി(3), ഭിന്നശേഷി (1) എന്നീ സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 17 ന് വൈകിട്ട് 4 മണിക്കു മുമ്പായി കോളേജിൽ ഹാജരാകണം. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അഭാവത്തിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികളെയും പരിഗണിക്കും.

അപേക്ഷ ക്ഷണിച്ചു

വിധവകൾക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിധവകൾക്കായി തുടർ പഠനം, സ്വയം തൊഴിൽ പരിശീലനം, സ്കിൽ ഡെവലപ്മെന്റ് എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നു. താൽപര്യമുള്ളവർ ഹെൽപ്പ് ലൈൻ നമ്പറായ 9188222253 വിളിക്കുകയോ സിവിൽ സ്റ്റേഷനിലെ “ബി” ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുകയോ വേണം. വിധവകളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതും പ്രവർത്തിക്കുവാൻ താൽപര്യമുള്ളതുമായ സന്നദ്ധ സംഘടനകൾക്കും രജിസ്റ്റർ ചെയ്യാം.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് ഗവ: എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന തിയ്യതി ഒക്ടോബർ 15 ഉച്ചക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220,0495 2383210

അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ആരോഗ്യ,ശാസ്ത്ര സംബന്ധമായ വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ/അദ്ധ്യാപന പരിചയവുമാണ് യോഗ്യത. കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലാ കാര്യാലയത്തിൽ നവംബർ രണ്ടിന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജിൽ വിവിധ യു ജി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ഒക്ടോബർ 14 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2320694

ഗതാഗത നിയന്ത്രണം

ദേശീയ പാത 766ൽ കുന്ദമംഗലം മുതൽ കൊടുവള്ളി മണ്ണിൽ കടവ് വരെയുള്ള റോഡ് ശാക്തീകരണ പ്രവർത്തി ആരംഭിച്ചതിനാൽ പ്രവർത്തി നടക്കുന്ന പ്രദേശങ്ങളിൽ ആവശ്യ ഘട്ടങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊടുവള്ളി ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരത്തില്‍ നഗരസഭ നിര്‍മ്മിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു. അഞ്ച് നിലകളിലായി 60000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്.

താഴത്തെ രണ്ട് നിലകള്‍ കടമുറികള്‍ക്കും ബാക്കി നിലകള്‍ വാണിജ്യാവശ്യത്തിനുമായാണ് സജ്ജീകരിക്കുന്നത്. കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍, റസ്റ്റോറൻ്റുകൾ, ആര്‍ട് ഗ്യാലറി തുടങ്ങിയവയ്ക്കും. താഴത്തെ രണ്ട് നിലകള്‍ കടമുറികള്‍ക്കും ബാക്കി നിലകള്‍ വാണിജ്യാവശ്യത്തിനുമായാണ് സജ്ജീകരിക്കുന്നത്. കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍, റസ്റ്റോറൻ്റുകൾ, ആര്‍ട് ഗ്യാലറി തുടങ്ങിയവക്ക് സൗകര്യമൊരുക്കും.

ഭിന്നശേഷി സൗഹൃദമായ കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള ടോയിലെറ്റ്, ലിഫ്റ്റ്, തുടങ്ങിയവയും സജ്ജീകരിക്കും. 90 കാറുകൾക്കും നൂറിലേറെ ഇരു ചക്രവാഹനങ്ങൾക്കും പാർക്കിഗ് സൗകര്യവും ഒരുക്കും.

21 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടം രൂപകല്‍പന ചെയ്ത കോഴിക്കോട് എന്‍.ഐ.ടി യിലെ വിദഗ്ദ്ധര്‍ തന്നെ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തും. മഞ്ചേരി ആസ്ഥാനമായ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല.

പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്, കെ.ഇ ഇന്ദിര, കെ.ഷിജു, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, മനോജ് പയറ്റുവളപ്പില്‍, എ.അസീസ്, അസിസ്റ്റന്റ്എഞ്ചിനീയര്‍ എന്‍.ടി അരവിന്ദന്‍ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

കോട്ടൂരിൽ സുദൃഢം ക്യാമ്പയിൻ വിളംബര ജാഥ നടത്തി

കുടുംബശ്രീ ശാക്തീകരണം ലക്ഷ്യമിടുന്ന സുദൃഢം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ വിളംബര ജാഥ നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.കെ വിലാസിനി ഉദ്ഘാടനം നിർവഹിച്ചു.

പുതിയ കുടുംബശ്രീകൾ രൂപീകരിക്കുക, പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കുക, നിഷ്ക്രിയമായ കുടുംബശ്രീകളെ ശക്തിപെടുത്തുക, പ്രത്യേക അയൽക്കൂട്ടങ്ങളെ ശാക്തീകരിക്കുക, വിട്ടുപോയ അംഗങ്ങളെ തിരിച്ചെത്തിക്കുക, പരിശീലനങ്ങൾ നൽകുക എന്നിവയാണ് സുദൃഢം ക്യാമ്പയിനിന്റെ പ്രധാന പ്രവർത്തനങ്ങൾ.

കൂട്ടാലിടയിൽ നടന്ന പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ ഷീന യു.എം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൈപ്പങ്ങൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം നഫീസ വഴുതിനപറ്റ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അഴകിന്’ സർക്കാരിന്റെ പൂർണ്ണ പിന്തുണ- മന്ത്രി മുഹമ്മദ് റിയാസ്

ബീച്ച് സൗന്ദര്യ വത്ക്കരണത്തിന് കർമ്മ പദ്ധതികൾ ഒരുങ്ങുന്നു

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടൽതീരം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകുന്നു.

ബീച്ചിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും പരിപൂർണ്ണ പിന്തുണ നൽകണമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി സന്ദർശകർ എത്തുന്ന കടൽതീരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കപ്പെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബീച്ച് കൂടുതൽ വൃത്തിയാക്കി സൗന്ദര്യ വൽക്കരിക്കാനുള്ള അഴക് പദ്ധതിയുമായി ബന്ധപ്പെട്ട് മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീരപ്രദേശങ്ങളിൽ യാതൊരു വിധത്തിലുമുള്ള അനധികൃത നിർമ്മാണങ്ങൾ ഇല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തീരദേശ മേഖലകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കാൻ
സാധ്യമായ ഇടങ്ങളിൽ കലാകായിക പ്രവർത്തനങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മാലിന്യ ശേഖരണം,സംസ്കരണം എന്നീ സംവിധാനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിനും പരിചരിക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് തീരപ്രദേശ മേഖലകളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ കഴിയണമെന്ന് തുറമുഖം-മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർദ്ദേശിച്ചു.

എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം –വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളും മേയർ ഡോ.ബീന ഫിലിപ്പ് ചെയർമാനുമായി ബീച്ച് ക്ലീനിംഗ് മിഷന് രൂപം നൽകുന്നതിന് യോഗത്തിൽ തീരുമാനമായി.

ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള തീരദേശത്തെ ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ക്ലസ്റ്ററിനും പ്രദേശവാസികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിങ് സമിതി രൂപീകരിക്കും. കടൽ തീരങ്ങളിൽ സന്ദർശകർ എത്തിച്ചേരുന്ന ഭാഗങ്ങളിൽ ശുചിത്വ പ്രോട്ടോകോൾ, ബോധവൽക്കരണ സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുക, മുലയൂട്ടൽ കേന്ദ്രം, ശൗചാലയങ്ങൾ, കുളിമുറികൾ, റിഫ്രഷ്മെന്റ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന പബ്ലിക് യൂട്ടിലിറ്റി സ്പേസ് , പോർട്ടബിൾ കണ്ടെയ്നർ ടോയ്ലെറ്റുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എ.ഡി.എം സി മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.