ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍


കോഴിക്കോട്: ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ വായിക്കാം.

ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ്

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന് താല്പര്യമുള്ളവര്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പ്ലസ് ടു പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2385861. www.sihmkerala.com.

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റ് ഉള്ള വാഹനം (ജീപ്പ് /കാര്‍) വാടകയ്ക്ക് എടുക്കുവാന്‍ മത്സരാ അടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 31 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2592722.

ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 26 ന് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ 0495-2815454,9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022-2023 സാമ്പത്തികവര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സര്‍ക്കാറില്‍ നിന്നും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്ത 1 മുതല്‍ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം 2022 സെപ്റ്റംബര്‍ 15 ന് മുന്‍പ് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

വിസിറ്റിംഗ് ഫാക്കല്‍റ്റി നിയമനം

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2385861 www.sihmkerala.com.

ടെന്‍ഡര്‍ ക്ഷണിച്ചു

പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സയന്‍സ് ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്ര വച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വകരിക്കുന്ന വിലാസം പ്രിന്‍സിപ്പല്‍, ടി.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യോളി, വി.എച്ച്.എസ്.ഇ വിഭാഗം തിക്കോടി (പി.ഒ), 673529. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബര്‍ 6. ഫോണ്‍- 9847868979.

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍. സി, പ്ലസ് ടു ഹിന്ദിയില്‍ 50 ശതമാനം മാര്‍ക്ക് പാസായവര്‍ക്ക് അപേക്ഷിക്കാം. 15 നും 35 നും ഇടയില്‍ പ്രായം ഉണ്ടായിരിക്കണം. സെപ്റ്റംബര്‍ 3ന് മുന്‍പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0473-4296496, 8547126028.

ടെന്‍ഡര്‍ ക്ഷണിച്ചു

2022-23 സാമ്പത്തിക വര്‍ഷം ബാലുശ്ശേരി കോക്കല്ലൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസിനു വേണ്ടി ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 12.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2705228.

ഇ-ടെണ്ടര്‍ ക്ഷണിച്ചു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തേക്കുളള പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഇ-ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 30.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2210289, www.etenders.kerala.gov.in.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നാല്‍പ്പതിനായിരം രൂപയോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വര്‍ഷം 8 മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവാരമുള്ള ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ചേര്‍ന്ന് ട്യൂഷന്‍ നല്‍കുന്നതിനും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ടൂട്ടോറിയല്‍ ഗ്രാന്റ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്ക് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2376364.

ഓണക്കിറ്റ് വിതരണം

വെല്‍ഫയര്‍ റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത അതിഥി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, ക്ഷേമ ആശുപത്രികള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക്, നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയില് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ജില്ലയില്‍ വെല്‍ഫയര്‍ പെര്‍മിറ്റ്/ എന്‍. എച്ച് കാര്‍ഡ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങള്‍ സാമൂഹിക നീതി ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ അപേക്ഷയും അന്തേവാസികളുടെ ലിസ്റ്റും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില് ഓഗസ്റ്റ് 27 – നകം സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ബന്ധപ്പെടണം. ഫോണ്‍: 9188527402 (CRO – നോര്‍ത്ത്). 9188527401 (CRO സൌത്ത്). 9188527400 (കോഴിക്കോട്), 9188527403 (കൊയിലാണ്ടി), 9188527404 (വടകര), 9188527399 (താമരശ്ശേരി).

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തും.
കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍, ഇന്‍ഷൂറന്‍സ് മാനേജര്‍ യോഗ്യത ബിരുദം ), അപ്രന്റീസ് ട്രെയിനി (യോഗ്യത ബിരുദം / ഡിപ്ലോമ) പ്ലാനിംങ്ങ് അഡൈ്വസര്‍ (യോഗ്യത പ്ലസ് ടു തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370176. calicutemployabilitycentre facebook പേജ് സന്ദര്‍ശിക്കുക.

ടെന്‍ഡര്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന മരാമത്ത് പ്രവര്‍ത്തികള്‍ക്ക് വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറങ്ങള്‍ ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസാന തീയതി സെപ്റ്റംബര്‍ 3 വൈകിട്ട് 6 മണിവരെ.ദര്‍ഘാസ് ഓണ്‍ലൈനായി തുറക്കുന്ന തീയതി സെപ്റ്റംബര്‍ 6 രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്:0496-2590232. tender.lsgkerala.gov.in/ pages/display tender.php,www.etenders.Kerala.gov.in.

കടലോര നടത്തം സംഘടിപ്പിച്ചു

ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോര നടത്തം സംഘടിപ്പിച്ചു. കെ കെ രമ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അധ്യക്ഷനായി. ചടങ്ങില്‍ കടലും കടല്‍ തീരവും ശുചീകരിക്കുവാനുള്ള പ്രതിജ്ഞ ചൊല്ലി.

ഹരിത കര്‍മ്മസേന അംഗങ്ങള്‍, കോസ്റ്റല്‍ പോലീസ്, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എന്‍എസ്എസ് വളണ്ടിയേഴ്‌സ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസാ നൗഷാദ്, വാര്‍ഡ് മെമ്പര്‍ ശാരദ വത്സന്‍, പഞ്ചായത്ത് സെക്രട്ടറി ജൗഹര്‍ വെള്ളികുളങ്ങര, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോസ് ബാബു സ്വാഗതവും വാര്‍ഡ് മെമ്പര്‍ കെ പി ജയരാജ് നന്ദിയും പറഞ്ഞു.
മാലിന്യ പരിപാലനം സ്മാര്‍ട്ടാവുന്നു; ഹരിത മിത്രവുമായി കൂടരഞ്ഞി പഞ്ചായത്ത്

മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്. ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണം, മാലിന്യ സംസ്‌കരണം എന്നിവ ഒരു മൊബൈല്‍ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുകയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യ ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും ഈ ആപ്പ് വഴി നടപ്പാക്കാന്‍ കഴിയും.

മാലിന്യം ശേഖരിക്കുന്നതു മുതല്‍ സംസ്‌ക്കരിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തല്‍ക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവര്‍ത്തിക്കുക. ഹരിതമിത്രം ആപ്പിലൂടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പറഞ്ഞു.

പ്രത്യേകമായി തയ്യാറാക്കിയ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് വഴി ഓരോ വീടും ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ക്യു ആര്‍ കോഡ് പതിക്കുന്നുണ്ട്. ഹരിത സേന പ്രവര്‍ത്തകരുടെ മൊബൈല്‍ ആപ്പില്‍ കുടുംബത്തിന്റെ വിവരങ്ങള്‍ നല്‍കും. വീട്ടുകാര്‍ക്കും മൊബൈല്‍ ആപ് വഴി പണം നല്‍കാനും കൂടുതല്‍ സേവനങ്ങള്‍ ആവശ്യപ്പെടാനും കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, നവകേരള മിഷന്‍ എന്നിവ ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഹരിത മിത്രം; പരിശീലനം നല്‍കി

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്.

ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണം, മാലിന്യ സംസ്‌കരണം എന്നിവ ഒരു മൊബൈല്‍ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ഹരിത മിത്രം.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റോസിലി ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.രവീന്ദ്രന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കെല്‍ട്രോണ്‍ പഞ്ചായത്ത് പ്രൊജക്റ്റ് അസിസ്റ്റന്റ് എ. എസ്. അജ്ഞന പരിശീലന ക്ലാസ്സിന് നേതൃത്വം നല്‍കി.

വനിതാ കമ്മീഷന്‍ അദാലത്ത്: 30 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 30 പരാതികള്‍ തീര്‍പ്പാക്കി. തൊഴിലിടങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളായിരുന്നു പരാതികളില്‍ കൂടുതലും.

83 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. 5 പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി. 48 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികളും സിവില്‍ സ്വഭാവമുള്ള പരാതികളും ആര്‍ഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങളും കമ്മീഷന് മുന്‍പാകെ ലഭിച്ചു. കമ്മീഷന്റെ അധികാര പരിധിയില്‍ വരാത്തവ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്ന് കമ്മീഷന്‍ അറിയിച്ചു.

തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലിന്റെ അഭാവത്തെ കുറിച്ച് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളിലെ
പരാതി പരിഹാര സെല്ലിന്റെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനത്തെ കുറിച്ചും കമ്മീഷന്‍ പരാമര്‍ശം നടത്തി. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നിയമം അനുശാസിക്കുന്ന സംവിധാനങ്ങളുടെ അഭാവത്തെ കുറിച്ചും കമ്മീഷന്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപികരിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വനിത ശിശു വികസന വകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.

അഭിഭാഷകരായ പി എ അഭിജ, സി കെ സീനത്ത്, പി മിനി, ടി ജിഷ, കൗണ്‍സിലര്‍മാരായ എം സബിന, സി അവിന, കെ സുദിന, സുനിഷ റിനു തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

ഹൈടെക് ശുചി മുറിയും, സ്‌കൂള്‍ ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു

കഴുത്തൂട്ടിപുറായി ജി.എല്‍.പി.സ്‌കൂളിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ ഹൈടെക് ശുചി മുറിയുടെയും, സ്‌കൂള്‍ ചുറ്റുമതിലിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിര്‍വഹിച്ചു. ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈടെക് ശുചിമുറി നിര്‍മ്മിച്ചത്. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.56ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുള്ളത്.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ടി. റിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, ഹെഡ്മാസ്റ്റര്‍ ടി.കെ.ജുമാന്‍, സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് എ.കെ.റാഫി, പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മല്‍, എസ്.എം.സി.ചെയര്‍മാന്‍ വി.വി.നൗഷാദ് മറ്റു ജനപ്രതിനിധികള്‍ അധ്യാപകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്’ ജില്ലയായി കോഴിക്കോട്

‘കോഴിക്കോടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്താണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് എന്ന നേട്ടം സ്വന്തമാക്കിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി മുഹമ്മദ് റഫീഖ് പ്രഖ്യാപനം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ബാങ്കിങിലേക്ക് മാറുന്നതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയത്തും തൃശൂരും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത് വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലും പദ്ധതി നടപ്പാക്കിയത്.

വ്യക്തിഗത ഇടപാടുകാര്‍ക്കിടയില്‍ ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ആധാര്‍ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകര്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ നെറ്റ് ബാങ്കിങ്, ക്യുആര്‍ കോഡ്, പിഒഎസ് മെഷീന്‍ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിങ് ഇടപാടുകള്‍ 100 ശതമാനം ഡിജിറ്റലൈസ് ചെയ്യാനുള്ള യജ്ഞമാണ് ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തില്‍ പരിസമാപ്തിയിലെത്തിയത്.

പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും മേഖല റൂറല്‍ ബാങ്കും കേരള ബാങ്കും സ്മോള്‍ ഫിനാന്‍സ് ബാങ്കും ഉള്‍പ്പെടെ ജില്ലയില്‍ 34 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബാങ്കുകളിലുള്ള 38 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കടന്നത്.

ചടങ്ങില്‍ എസ്.എല്‍.ബി.സി കണ്‍വീനര്‍ ആന്‍ഡ് ജനറല്‍ മാനേജര്‍ കനറാ ബാങ്ക് എസ്.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആര്‍.ബി.ഐ ജനറല്‍ മാനേജര്‍ സിഡ്രിക് ലോറന്‍സ്, കനറാ ബാങ്ക് റീജ്യണല്‍ ഹെഡ് ഡോ. ടോംസ് വര്‍?ഗീസ്, തിരുവനന്തപുരം ആര്‍.ബി.ഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രദീപ് കൃഷ്ണന്‍ മാധവ്, റിട്ടയേര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത് എന്നിവര്‍ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍ സ്വാ?ഗതവും ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ അയോണ ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

പുത്തന്‍ പ്രൗഡിയില്‍ ഫറോക്ക് പഴയ പാലം

നവീകരണം പൂര്‍ത്തിയാക്കിയ ഫറോക്കിലെ പഴയ ഇരുമ്പു പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട പാലം ആഗസ്ത് 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും.

കമാനങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ നവീകരണത്തിനായി 90 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കി പാലം തുറക്കുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്കിന് പരിഹാരമാകും.

പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ കവാടത്തില്‍ പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനാണ് ഇരു കവാടത്തിലും കരുത്തുറ്റ സുരക്ഷാകമാനം.വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടുകള്‍ പുതുക്കി പണിതിട്ടുണ്ട്. തുരുമ്പെടുത്ത കമാനങ്ങളിലും കാലുകളിലും അറ്റകുറ്റപ്പണി നടത്തി. പാലത്തിന്റെ ഇരുവശത്തുമായി പൂട്ടുകട്ട പാകിയ നടപ്പാത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലം ജൂണ്‍ 27നാണ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. നിലവിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം പാലത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്ത രീതിയില്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്.

പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം 1883 ലാണ് നിര്‍മ്മിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന സ്മാരകം കൂടിയായ പാലം 2005 ലാണ് പുനര്‍നിര്‍മ്മിച്ചത്.