” നീ ചാവുന്നതാണ് ഇതിലും ഭേദമെന്ന് പറഞ്ഞത് എന്റെ അമ്മയുടെ മുമ്പില്‍വെച്ചാണ്, പ്രവിതയും മകളും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍തൃ സഹോദരിയടക്കമുള്ള ബന്ധുക്കള്‍ പ്രവിതയുടെ വീട്ടില്‍ തിരിച്ചില്‍ നടത്തി” നടേരി സ്വദേശിനിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി സഹോദരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്



കൊയിലാണ്ടി: നടേരി സ്വദേശിനിപിഞ്ചു കുഞ്ഞിനെയും കൊണ്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മരണപ്പെട്ട യുവതിയുടെ കുടുംബം രംഗത്ത്. ഭര്‍ത്താവിന്റെ സഹോദരനും സഹോദരിയും സഹോദരിയുടെ മകനും മകന്റെ ഭാര്യയും അടക്കമുള്ള ബന്ധുക്കള്‍ പ്രവിതയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുനെന്നാണ് സഹോദരന്‍ പ്രബീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

പ്രവിതയുടെ ഭര്‍ത്താവ് സുരേഷിന്റെ അമ്മ നവംബര്‍ 18ന് മരണപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ് ഏഴാം ദിവസം മുതലാണ് പീഡനം തുടങ്ങിയത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപ പ്രവിത എടുത്തുവെന്ന് പറഞ്ഞായിരുന്നു പീഡനം തുടങ്ങിയതെന്ന് പ്രബീഷ് പറയുന്നു. സുരേഷ് ഏറെക്കാലം വിദേശത്തായിരുന്നു.

ഈ സമയത്ത് അമ്മ പ്രവിതയ്ക്ക് ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അവര്‍ക്ക് ചില ആവശ്യങ്ങള്‍ക്കുവേണ്ടി ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ പ്രവിത അമ്മയേയും കൂട്ടി പോയിരുന്നു. ഏറ്റവുമൊടുവിലായി അമ്മ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് പണം പിന്‍വലിച്ചത്. സഹോദരന് നല്‍കാന്‍ വേണ്ടിയെന്നു പറഞ്ഞാണ് പതിനായിരം രൂപ അന്ന് അമ്മ പിന്‍വലിച്ചതെന്ന് പ്രവിത പറഞ്ഞിരുന്നതായും പ്രബീഷ് പറയുന്നു. ബന്ധുക്കളുടെ വീടുകളില്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ സമ്മാനമായി നല്‍കാനും മറ്റുമായാണ് ഇത്തരത്തില്‍ അമ്മ പണം പിന്‍വലിച്ചിരുന്നത്. പെന്‍ഷനായി ലഭിച്ചിരുന്ന തുക മാത്രമായിരുന്നു അവരുടെ അക്കൗണ്ടിലുണ്ടായിരുന്നതെന്നും പ്രബീഷ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് അമ്മയുടെ മരണശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാനസികമായ പീഡനം തുടങ്ങിയത്. ‘ഞങ്ങള്‍ അനുഭവിക്കേണ്ട പണം കട്ട് തിന്ന് ജീവിക്കുന്നതിലും നല്ലത് മരണമാണ്’ എന്ന് ബന്ധുക്കള്‍ പ്രവിതയോട് പറയുന്നത് തന്റെ അമ്മ കേട്ടിട്ടുണ്ടെന്നും പ്രബീഷ് പറയുന്നു.

പ്രവിത ആത്മഹത്യ ചെയ്‌തെന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെ ഭര്‍ത്താവ് സുരേഷ് വീട്ടിലെത്തി അകത്തിരുന്ന് കരയുമ്പോള്‍ ഭര്‍തൃ സഹോദരിയും മറ്റ് ചിലരും ചേര്‍ന്ന് വീട്ടില്‍ തിരച്ചില്‍ നടത്തുന്നത് കണ്ടിരുന്നെന്നും അന്ന് ചോദിച്ചപ്പോള്‍ പ്രവിതയുടെ ആധാര്‍ കാര്‍ഡ് തിരയുകയാണ് എന്നാണ് പറഞ്ഞതെന്നും പ്രബീഷ് പറയുന്നു. അന്ന് മുതല്‍ പ്രവിതയുടെ ഭര്‍ത്താവും മകളും തങ്ങളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ വസ്ത്രങ്ങള്‍ എടുക്കാനായി സുരേഷ് വീട്ടിലേക്ക് പോയപ്പോള്‍ അലമാരയിലെയും മറ്റും തുണികള്‍ വലിച്ചുവാരി എന്തോ തിരഞ്ഞനിലയില്‍ കാണപ്പെട്ടെന്നും പ്രവിതയുടെ ആത്മഹത്യാക്കുറിപ്പ് ഇവര്‍ നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും പ്രബീഷ് ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും പ്രബീഷ് ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ പൊലീസ് സംഘം ഇതുവരെ തങ്ങളുടെ വീട്ടിലെത്തിയിട്ടില്ല. സ്റ്റേഷനിലെത്തി സി.ഐ.യോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും തന്റെ അമ്മയുടെതടക്കം മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നും പ്രബീഷ് ആരോപിക്കുന്നു.

കഴിഞ്ഞ മാസം 30നായിരുന്നു കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം പ്രവിത മകളെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. അമ്മയുടെ പെന്‍ഷന്‍ പണവുമായി ബന്ധപ്പെട്ട് തന്റെ ബന്ധുക്കള്‍ പ്രവിതയെ പീഡിപ്പിച്ചിരുന്നു. തന്റെ ബന്ധുക്കളുടെ പീഢനമാണ് ഭാര്യ മരിക്കാന്‍ കാരണമെന്നും പ്രവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്താവിന്റെ അമ്മയുടെ പെന്‍ഷന്‍ പണമായ മൂന്ന് ലക്ഷം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ബന്ധുക്കള്‍ പ്രവിതയെ പീഡിപ്പിച്ചിരുന്നത്.