റീ ടാര്‍ ചെയ്ത് ഒരു വര്‍ഷം തികയും മുമ്പേ റോഡ് തകര്‍ന്നു; കുറ്റ്യാടി പാറക്കടവ് ജുമാമസ്ജിദിനടുത്തെ കുഴി പൊതുമരാമത്ത് വകുപ്പ് അവഗണിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് മൂടി


കുറ്റ്യാടി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയില്‍ പാറക്കടവ് ജുമാമസ്ജിദിനടുത്ത് കുഴി നാട്ടുകാര്‍ ഇടപെട്ട് മൂടി. റോഡില്‍ അപകടകരമായ സാഹചര്യത്തില്‍ കുഴി രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാതിരുന്നതോടെയാണ് നാട്ടുകാര്‍ തന്നെ കുഴി മൂടാന്‍ മുന്‍കൈയെടുത്ത് രംഗത്തുവന്നത്.

റീ ടാര്‍ ചെയ്ത് വര്‍ഷം തികയാത്ത റോഡാണ് തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ഇവിടെ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു.
[md2]

ഏറെ അപകടകരമായ അവസ്ഥയിലായിരുന്നു ഇവിടുത്തെ റോഡ്. മഴ പെയ്താല്‍ റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞാല്‍ പിന്നീട് കുഴി പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇതറിയാതെ എത്തുന്ന ബൈക്ക് യാത്രികരമാണ് എപ്പോഴും അപകടത്തില്‍പ്പെടുക.

എതിര്‍ഭാഗത്തുനിന്ന് വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴും കുഴിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്നാണ് കൊല്ലാണ്ടി ആരിഫിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ രംഗത്തിറങ്ങിയത്.