ശരീരത്തിൽ പരിക്കുകളില്ല, വയർ ശൂന്യമായിരുന്നു, നാവ് കടിച്ചിരുന്നു; കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്ത്. നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, ചുണ്ടിനും വിരലിലെ നഖങ്ങൾക്കും നീല നിറമായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.