അവരിനി പാലും മുട്ടയും കഴിച്ച് ആരോഗ്യത്തോടെ വളരും: ചക്കിട്ടപ്പാറയിലെ അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതിക്ക് തുടക്കമായി


ചക്കിട്ടപാറ: സംസ്ഥാന സര്‍ക്കാരിന്റെ പോഷകബാല്യം പദ്ധതിക്ക് ചക്കിട്ടപാറയില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നതാണ് പദ്ധതി.

കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. ചക്കിട്ടപാറ പഞ്ചായത്തിലെ 27 അങ്കണവാടികളിലെ 296 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അണ്ണകൊട്ടഞ്ചാലില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം ബിന്ദു സജി, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ കെ.രേഷ്മ, അങ്കണവാടി വര്‍ക്കര്‍ രമണി വളകുഴിയില്‍ എന്നിവര്‍ സംസാരിച്ചു.